ബാബർ അസം പാകിസ്ഥാന്റെ ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. അസർ അലിയെ മാറ്റിയാണ് ബാബർ അസമിനെ ടെസ്റ്റ് ക്യാപ്റ്റനായി പാകിസ്ഥാൻ നിയമിച്ചിരിക്കുന്നത്. ഇതിനകം തന്നെ വൈറ്റ് ബോൾ ക്യാപ്റ്റനാണ് അസം. അസർ അലിയുടെ ഫോമും ഒപ്പം അദ്ദേഹത്തിന്റെ കീഴിൽ ടീം നടത്തിയ പ്രകടനങ്ങൾ മോശമായതുമാണ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാൻ കാരണം.
അസർ അലിക്ക് കീഴിൽ എട്ടു ടെസ്റ്റ് മത്സരങ്ങൾ ആണ് പാകിസ്താൻ കളിച്ചത്. ഇതിൽ ആകെ രണ്ട് മത്സരങ്ങളെ പാകിസ്താൻ വിജയിച്ചുള്ളൂ. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ പരമ്പര പാകിസ്താൻ അസർ അലി ക്യാപ്റ്റനായിരിക്കെ തോൽക്കുകയും ചെയ്തു. ബാബർ അസമിനു കീഴിൽ ആണെങ്കിൽ ട്വി20യിലും ഏകദിനത്തിലും പാകിസ്താൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ക്യാപ്റ്റന്റെ ഉത്തരവാദിത്വം അസമിന് സമ്മർദ്ദങ്ങൾ നൽകുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ഫോം കാണിക്കുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ആകും അസം ആദ്യമായി പാകിസ്താനെ ടെസ്റ്റിൽ നയിക്കുക.