പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം ക്യാപ്റ്റൻ സ്ഥാൻ രാജിവെക്കണം എന്ന് മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷൊഹൈബ് അക്തർ. പാകിസ്ഥാൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ബാബർ അസമിന്റെ നിർദേശങ്ങൾ അവഗണിച്ചാണ് ടീം തിരഞ്ഞെടുപ്പ് നടത്തിയത് എന്ന വിവാദം ഉയർന്ന സാഹചര്യത്തിലാണ് അക്തറിന്റെ പ്രസ്താവന. പാകിസ്ഥാന്റെ സിംബാബ്‌വെയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കുമുള്ള ടൂറിനായി തിരഞ്ഞെടുത്ത ടീമിലാണ് അസമിന് അതൃപ്തി ഉള്ളത്.
ചീഫ് സെലക്ടർ മൊഹമ്മദ് വാസിമുമായി അസമിന് നല്ല ബന്ധമല്ല ഉള്ളത് എന്നും പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യാപ്റ്റന് ടീം സെലക്ഷനിൽ അഭിപ്രായം ഉണ്ടാകും എന്നും അത് അവഗണിക്കാൻ സെലക്ഷൻ കമ്മിറ്റിക്ക് അധികാരം ഇല്ല എന്നും അക്തർ പറയുന്നു. ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ഇനി ഇങ്ങനെ ഒന്ന് പാകിസ്താൻ ക്രിക്കറ്റിൽ നടക്കില്ല എന്ന് അസം ഉറപ്പിക്കണം എന്ന് അക്തർ പറഞ്ഞു. രാജിവെച്ചില്ല എങ്കിൽ അസം മറ്റൊരു സർഫറാസായി മാറും എന്നും അക്തർ പറഞ്ഞു.