പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിലും പരാജയപ്പെട്ടതോടെ ഒരൊറ്റ ജയമില്ലാതെ ആതിഥേയരായ സിംബാബ്‍വേയ്ക്ക് മടക്കം. ഇന്ന് നടന്ന അവസാന മത്സരത്തില്‍ ഓസ്ട്രേലിയയാണ് 5 വിക്കറ്റിനു സിംബാബ്‍വേയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു. അനായാസം വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു ഓസ്ട്രേലിയയ്ക്ക് അവസാനം വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു പന്ത് ശേഷിക്കെയാണ് വിജയം നേടാനായത്.
അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഗ്ലെന്‍ മാക്സ്വെല്‍, ട്രാവിസ് ഹെഡ് കൂട്ടുകെട്ടാണ് തുടക്കത്തില്‍ തിരിച്ചടിയേറ്റ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം നേടിയത്. മാക്സ്വെല്‍ 56 റണ്‍സും ഹെഡ് 48 റണ്‍സും നേടി പുറത്തായി. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ അനായാസമെന്ന് പ്രതീക്ഷ ജയം ഓസ്ട്രേലിയയ്ക്ക് കിട്ടാക്കനിയാകുമോയെന്ന് സംശയം ഉയരുകയായിരുന്നു.
പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് 7 പന്തില്‍ 12 റണ്‍സും ആഷ്ടണ്‍ അഗര്‍ 5 റണ്‍സും നേടി ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ബ്ലെസ്സിംഗ് മുസര്‍ബാനി മൂന്ന് വിക്കറ്റും ടിരിപാനോ, വെല്ലിംഗ്ടണ്‍ മസകഡ്സ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ സോളമന്‍ മിറിന്റെ അര്‍ദ്ധ ശതക പ്രകടനമാണ് സിംബാബ്‍വേയെ151 റണ്‍സിലേക്ക് എത്തിച്ചത്. ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായ സിംബാബ്‍വേയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. പീറ്റര്‍ മൂറുമായി(30) ചേര്‍ന്ന് 68 റണ്‍സാണ് മിര്‍ നാലാം വിക്കറ്റില്‍ നേടിയത്.
ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോളും 52 പന്തില്‍ 63 റണ്‍സ് നേടിയ മിര്‍ 8ാം വിക്കറ്റായി 19ാം ഓവറിന്റെ അവസാന പന്തിലാണ് പുറത്തായത്. ഓസ്ട്രേലിയയ്ക്കായി ആന്‍ഡ്രൂ ടൈ മൂന്നും ബില്ലി സ്റ്റാന്‍ലേക്ക്, ജൈ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. അരങ്ങേറ്റക്കാരന്‍ ജാക്ക് വൈല്‍ഡര്‍മത്തിനു തന്റെ കന്നി ടി20 വിക്കറ്റും മത്സരത്തില്‍ ലഭിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial