മെല്‍ബേണ്‍ ടെസ്റ്റിലെ ആദ്യ ദിവസത്തിന്റെ ഒന്നാം സെഷനില്‍ മികച്ച തുടക്കുവുമായി ഇന്ത്യ. 27 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയയെ 65/3 എന്ന നിലയില്‍ തളച്ചിടുവാന്‍ ഇന്ത്യയ്ക്ക് ആയിട്ടുണ്ട്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ചെറിയൊരു മേല്‍ക്കൈ ഇന്ത്യ നേടിയിട്ടുണ്ടെങ്കിലും ഓസ്ട്രേലിയയുടെ പുതിയ റണ്‍ മെഷിനായ മാര്‍നസ് ലാബൂഷാനെയാണ് ഇന്ത്യയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
മാത്യു വെയിഡ് 30 റണ്‍സ് നേടിയെങ്കിലും ജോ ബേണ്‍സും സ്റ്റീവന്‍ സ്മിത്തും പൂജ്യത്തിന് പുറത്തായതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലാകുകയായിരുന്നു. ബേണ്‍സിനെ ബുംറ പുറത്താക്കിയപ്പോള്‍ വെയിഡും സ്മിത്തും അശ്വിന് വിക്കറ്റ് നല്‍കി മടങ്ങി.
ഒരു ഘട്ടത്തില്‍ 38/3 എന്ന നിലയിലായിരുന്ന ടീമിനെ മാര്‍നസ് ലാബൂഷാനെയാണ് തിരികെ കൊണ്ടുവന്നത്. ട്രാവിസ് ഹെഡുായി ചേര്‍ന്ന് താരം 27 റണ്‍സ് ആണ് ഇതുവരെ നേടിയിട്ടുള്ളത്. ലാബൂഷാനെ 26 റണ്‍സും ട്രാവിസ് ഹെഡ് 4 റണ്‍സും നേടിയാണ് ലഞ്ചിന് പിരിയുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.
ലഞ്ചിന് തൊട്ടുമുമ്പുള്ള ഓവറില്‍ താരത്തെ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് വിധിച്ചുവെങ്കിലും ഉടനടി ഈ തീരുമാനത്തെ റിവ്യൂ ചെയ്ത് ലാബൂഷാനെ തന്റെ വിക്കറ്റ് രക്ഷിയ്ക്കുകയായിരുന്നു.