പുജാരയ്ക്ക് സ്കോറിംഗ് ശ്രമകരമാക്കുകയായിരുന്നു ഓസ്ട്രേലിയയുടെ ലക്ഷ്യം – പാറ്റ് കമ്മിന്‍സ്

Sports Correspondent

ഇന്ത്യയ്ക്ക് വേണ്ടി സിഡ്നി ടെസ്റ്റില്‍ മെല്ലെയുള്ള ബാറ്റിംഗിന് ഏറെ പഴി കേള്‍ക്കുകയാണ് ചേതേശ്വര്‍ പുജാര. വെറും 28.41 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം പുറത്തായി മടങ്ങിയത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും പിന്നീട് വന്ന താരങ്ങള്‍ക്ക് ആ മികവ് പുലര്‍ത്താനായില്ല. അര്‍ദ്ധ ശതകം നേടിയെങ്കിലും‍ 176 പന്തുകളാണ് പുജാര തന്റെ ഈ സ്കോറിന് വേണ്ടി നേരിട്ടത്. രഹാനെയും പുജാരയും കൂടിയുള്ള കൂട്ടുകെട്ട് 22 ഓവര്‍ ബാറ്റ് ചെയ്ത ശേഷം വെറും 32 റണ്‍സാണ് നേടിയത്. പുജാര പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ 94 റണ്‍സിന്റെ ലീഡ് വഴങ്ങി 244 റണ‍്സിന് ഓള്‍ഔട്ടുമായി.

Pujara

പുജാര ക്രീസില്‍ ഏറെ നേരം ചെലവഴിക്കുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ താരത്തിന് റണ്‍സ് നേടുവാനുള്ള അവസരം നിഷേധിക്കുക എന്നതായിരുന്നു തന്റെയും മറ്റു ബൗളര്‍മാരുടെയും തന്ത്രമെന്ന് പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. താരം ഇരുന്നൂറോ മുന്നൂറോ ബോള്‍ ഫേസ് ചെയ്താലും തുടരെ നല്ല ബോളുകള്‍ മാത്രം എറിയുക എന്നതായിരുന്നു പുജാരയ്ക്കെതിരെയുള്ള തങ്ങളുടെ തന്ത്രമെന്ന് കമ്മിന്‍സ് വ്യക്തമാക്കി.

ഭാഗ്യത്തിന് കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി എന്നും 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഇന്നിംഗ്സിന് അവസാനം കുറിച്ച പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.