ഇനി ഓസ്ട്രേലിയൻ താരങ്ങൾ നിർബന്ധമായും നെക്ക് പ്രൊടക്റ്റർ ധരിക്കണം. ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാർ കഴുത്ത് സംരക്ഷിക്കാനുള്ള ഗ്വാർഡ് ഉള്ള ഹെൽമറ്റ് ധരിക്കേണ്ടതുണ്ട് എന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു. ഈ നിയമം പാലിച്ചില്ല എങ്കിൽ താരങ്ങൾ നടപടി നേരിടേണ്ടി വരും എന്നും അവർ അറിയിച്ചു. നേരത്തെ ഡേവിഡ് വാർണർ ഉൾപ്പെടെയുള്ള താരങ്ങൾ നെക്ക് പ്രൊടക്ടർ ധരിക്കില്ല എന്നും ഇത് പിച്ചിൽ നിൽക്കുമ്പോൾ ശ്രദ്ധ മാറ്റുന്നു എന്നും പറഞ്ഞിരുന്നു.
2014 നവംബറിൽ ഫിലിപ്പ് ഹ്യൂസിന്റെ ദാരുണമായ മരണം സംഭവിച്ചത് മുതൽ ഓസ്ട്രേലിയ ഈ നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. കളിക്കാരുടെ സുരക്ഷയാണ് പ്രധാനം എന്നും അതിനാലാണ് ഇത് നിർബന്ധമാക്കുന്നത് എന്നും ക്രിക്കറ്റ് ബോർഡ് പറഞ്ഞു.
മാർഷ് ഷെഫീൽഡ് ഷീൽഡ്, മാർഷ് ഏകദിന കപ്പ്, വനിതാ ദേശീയ ക്രിക്കറ്റ് ലീഗ്, പുരുഷ-വനിതാ ബിഗ് ബാഷ് എന്നിവയുൾപ്പെടെ എല്ലാ ഓസ്ട്രേലിയൻ ആഭ്യന്തര മത്സരങ്ങളിലും ഫാസ്റ്റ് അല്ലെങ്കിൽ മീഡിയം പേസ് ബൗളർമാരെ നേരിടുമ്പോൾ നെക്ക് പ്രൊട്ടക്ടർ നിർബന്ധമാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. സ്പിന്നർമാർ നേരിടുമ്പോൾ ഇത് നിർബന്ധമല്ല.