ആഷസ്; അഡ്‌ലെയ്ഡ് ഓവലിൽ ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ ആധിപത്യം ഉറപ്പിച്ചു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എന്ന നിലയിലാണ് ആതിഥേയർ. 196 പന്തിൽ നിന്ന് 13 ഫോറുകളും രണ്ട് സിക്സറുകളുമടക്കം 142 റൺസ് നേടിയ ഹെഡിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയുടെ ലീഡ് 356 റൺസിലേക്ക് ഉയർത്തിയത്.

ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയുടെ 371 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 286 റൺസിന് പുറത്തായിരുന്നു.
ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഇംഗ്ലീഷ് ബൗളർമാർ വിക്കറ്റ് കണ്ടെത്താൻ ഏറെ കഷ്ടപ്പെട്ടു. 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഉസ്മാൻ ഖവാജയെ (40) പുറത്താക്കി വിൽ ജാക്സ് ആണ് ഈ സഖ്യം തകർത്തത്. പിന്നീട് വന്ന കാമറൂൺ ഗ്രീൻ (7) ജോഷ് ടംഗിന്റെ പന്തിൽ പുറത്തായെങ്കിലും, അലക്സ് കാരിയെ (52*) കൂട്ടുപിടിച്ച് ഹെഡ് സ്കോറിംഗ് വേഗത്തിലാക്കി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 122 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 4.11 എന്ന മികച്ച റൺ റേറ്റിലാണ് ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ജോഫ്ര ആർച്ചർ 10 ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. അതേസമയം, വിൽ ജാക്സും (1/107) ടംഗും റൺസ് വിട്ടുകൊടുക്കുന്നതിൽ ലോഭം കാണിച്ചില്ല. ജേക്ക് വെതറാൾഡ് (1), മാർനസ് ലബുഷെയ്ൻ (13) എന്നിവർ നേരത്തെ തന്നെ പുറത്തായിരുന്നു.
നാലാം ദിനം ജോഷ് ഇംഗ്ലിസ്, പാറ്റ് കമ്മിൻസ് എന്നിവർ ബാറ്റിംഗിന് ഇറങ്ങാനിരിക്കെ ലീഡ് ഇനിയും ഉയർത്താനാണ് ഓസ്‌ട്രേലിയയുടെ നീക്കം. പരമ്പരയിൽ വിജയം ഉറപ്പിക്കാൻ ഇംഗ്ലണ്ടിന് മുന്നിൽ അസാധ്യമായ ഒരു ലക്ഷ്യം ഉയർത്താൻ ആതിഥേയർക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.









