അഡ്‌ലെയ്ഡ് ഓവലിൽ ആവേശകരമായി തുടരുന്ന മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ മത്സരത്തിന്മേൽ ശക്തമായ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും നായകൻ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും ചേർന്ന് നടത്തിയ ഉറച്ച പോരാട്ടം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ സജീവമായി നിലനിർത്തുന്നു.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 371-ന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ്.
ഓസ്‌ട്രേലിയയുടെ സ്കോർ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനെ, പരിക്കിൽ നിന്ന് തിരിച്ചെത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസും ഓഫ് സ്പിന്നർ നഥാൻ ലിയോണും ചേർന്ന് തകർത്തു. സാക് ക്രോളി (9), ഒല്ലി പോപ്പ് (3) എന്നിവർ വേഗത്തിൽ പുറത്തായി. ലിയോണിന്റെ പന്തിൽ ബെൻ ഡക്കറ്റ് (29) കൂടി പുറത്തായതോടെ ഇംഗ്ലണ്ട് 42/3 എന്ന നിലയിലേക്ക് കൂപ്പുകുത്തി. വൈകാതെ ജോ റൂട്ടിനെ (19) കമ്മിൻസ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ മുൻ നിരയുടെ തകർച്ച പൂർണ്ണമായി.
മധ്യനിരയിൽ ഹാരി ബ്രൂക്കും (45) ബെൻ സ്റ്റോക്സും ചേർന്ന് നടത്തിയ പോരാട്ടം ഇംഗ്ലണ്ടിന് ആശ്വാസമായി. എന്നാൽ കാമറൂൺ ഗ്രീൻ ബ്രൂക്കിനെ പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് തകർന്നു. തുടർന്ന് സ്കോട്ട് ബോളണ്ടിന്റെ കൃത്യതയാർന്ന ബൗളിംഗിൽ വിൽ ജാക്സും ബ്രൈഡൻ കാർസും വേഗത്തിൽ പുറത്തായതോടെ ഇംഗ്ലണ്ട് 168/8 എന്ന അതീവ ദയനീയ അവസ്ഥയിലെത്തി. ഈ ഘട്ടത്തിലാണ് നായകൻ സ്റ്റോക്സും ജോഫ്ര ആർച്ചറും ഒത്തുചേർന്നത്. 151 പന്തുകൾ നേരിട്ട് 45* റൺസുമായി സ്റ്റോക്സ് ഒരു വശത്ത് നങ്കൂരമിട്ടപ്പോൾ, 48 പന്തിൽ നിന്ന് 30* റൺസ് നേടി ആർച്ചർ മികച്ച പിന്തുണ നൽകി. ഒൻപതാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 45 റൺസിന്റെ അപരാജിത കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ ഫോളോ-ഓൺ ഭീഷണിയിൽ നിന്ന് രക്ഷിച്ചു. നിലവിൽ ഇംഗ്ലണ്ട് 158 റൺസിന് പിന്നിലാണ്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കമ്മിൻസ് മൂന്നും, ലിയോണും ബോളണ്ടും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.









