അഡ്ലെയ്ഡ് ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം കളി അവസാനിക്കുമ്പോൾ പതറുന്നു. 435 റൺസ് ലക്ഷ്യവുമായി രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന നിലയിലാണ്. 151 പന്തിൽ നിന്ന് 85 റൺസ് നേടിയ ഓപ്പണർ സാക്ക് ക്രോളിയുടെ പോരാട്ടമാണ് ഇംഗ്ലണ്ടിന് അല്പമെങ്കിലും പ്രതീക്ഷ നൽകിയത്. അവസാന ദിനം വിജയിക്കാൻ ഇംഗ്ലണ്ടിന് 228 റൺസ് കൂടി വേണം, എന്നാൽ കൈവശമുള്ളത് നാല് വിക്കറ്റുകൾ മാത്രമാണ്.

ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സ്പിന്നർ നഥാൻ ലിയോണും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ബെൻ ഡക്കറ്റ് (4), ഒല്ലി പോപ്പ് (17), ജോ റൂട്ട് (39) എന്നിവരെ പുറത്താക്കി കമ്മിൻസ് തുടക്കത്തിലേ ആധിപത്യം സ്ഥാപിച്ചു. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ക്രോളി, ഹാരി ബ്രൂക്ക് (30), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (5) എന്നിവരെ മടക്കി ലിയോണും ഓസീസിന് മുൻതൂക്കം നൽകി. നിലവിൽ 11 റൺസുമായി വിൽ ജാക്സും രണ്ട് റൺസുമായി ജാമി സ്മിത്തുമാണ് ക്രീസിലുള്ളത്. അവസാന ദിവസം ഓസീസ് ബൗളർമാരെ പ്രതിരോധിച്ചു നിന്ന് വിജയം പിടിച്ചെടുക്കുക എന്നത് ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകും.









