യുഎഇയിൽ കളിക്കുവാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് ബംഗ്ലാദേശും ശ്രീലങ്കയും

Sports Correspondent

പാക്കിസ്ഥാനിൽ നടത്താനിരുന്ന ഏഷ്യ കപ്പ് നേരത്ത തന്നെ അവിടെ നടക്കുമോ എന്ന സംശയത്തിലായിരുന്നപ്പോള്‍ ഇപ്പോള്‍ അവിടുത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കൂടിയായപ്പോള്‍ ടൂര്‍ണ്ണമെന്റ് അവിടെ നിന്ന് മാറ്റുമെന്ന നേരത്തെ തന്നെയുള്ള വാര്‍ത്തകള്‍ക്ക് ശക്തി പകരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഇന്ത്യ പാക്കിസ്ഥാനിലേക്ക് യാത്രയാകില്ലെന്ന സമീപനം സ്വീകരിച്ചതോടെ പാക്കിസ്ഥാനിലും യുഎഇയിലുമായി ടൂര്‍ണ്ണമെന്റ് നടത്താമെന്നായിരുന്നു പിസിബി മുന്നോട്ട് വെച്ച ആശയം. എന്നാൽ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും യുഎഇയിൽ കളിക്കുവാന്‍ താല്പര്യമില്ല. സെപ്റ്റംബറില്‍ യുഎഇയിലെ കടുത്ത ചൂട് പരിഗണിച്ചാണ് ഇത്.

അതേ സമയം ശ്രീലങ്കയാണ് മറ്റൊരു വേദിയായി പരിഗണിക്കപ്പെടുന്നത്. എന്നാൽ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കിൽ ഏഷ്യ കപ്പിൽ പങ്കെടുക്കില്ലെന്നാണ് പാക്കിസ്ഥാന്റെ സമീപനം. സെപ്റ്റംബറിൽ യുഎഇയിൽ മുമ്പും ടൂര്‍ണ്ണമെന്റുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്‍ വാദിക്കുന്നത്.

2018ൽ ബിസിസിഐ ആതിഥേയരായ ഘട്ടത്തിൽ സെപ്റ്റംബര്‍ 15 മുതൽ 28 വരെ 50 ഓവര്‍ ഏഷ്യ കപ്പ് യുഎഇയിൽ നടത്തിയിട്ടുണ്ടെന്നാണ് നജാം സേഥി വാദിക്കുന്നത്. ഐപിഎൽ വരെ സെപ്റ്റംബര്‍ നവംബര്‍ കാലഘട്ടത്തിൽ 2020ൽ കോവിഡ് കാലത്ത് യുഎഇയിൽ നടത്തിയിട്ടുണ്ടെന്നും അതിനാൽ തന്നെ ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും വാശി മാത്രമാണ് ഇതെന്നും നജാം സേഥി കൂട്ടിചേര്‍ത്തു.