ഏഷ്യ കപ്പിൽ ഒരു ഘട്ടത്തിൽ 100ന് താഴെയുള്ള സ്കോറിൽ പാക്കിസ്ഥാനെ ഇന്ത്യ ഒതുക്കുമെന്ന് കരുതിയെങ്കിലും ഷഹീന്‍ അഫ്രീദിയുടെയും സാഹിബ്സാദ ഫര്‍ഹാന്റെയും ബാറ്റിംഗ് മികവിൽ 127 റൺസ് നേടി പാക്കിസ്ഥാന്‍. അവസാന ഓവറുകളിൽ ഷഹീന്‍ അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഈ സ്കോറിലേക്ക് പാക്കിസ്ഥാനെ എത്തിച്ചത്.
ആദ്യ ഓവറിൽ സയിം അയൂബിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ രണ്ടാം ഓവറിൽ മൊഹമ്മദ് ഹാരിസിനെ മടക്കിയയ്ച്ച് ജസ്പ്രീത് ബുംറ പാക്കിസ്ഥാന് രണ്ടാം തിരിച്ചടി നൽകി. പിന്നീട് 39 റൺസ് കൂട്ടിചേര്‍ത്ത് സാഹിബ്സാദ ഫര്‍ഹാനും ഫകര്‍ സമാനും പാക്കിസ്ഥാനെ കരുതലോടെ മുന്നോട്ട് നയിച്ചു.
ആറോവറിൽ 42 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയ പാക്കിസ്ഥാന്‍ പത്തോവര്‍ അവസാനിക്കുമ്പോള്‍ 49/4 എന്ന നിലയിൽ പരുങ്ങലിലായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷം പന്തെറിയാനെത്തിയ അക്സര്‍ പട്ടേൽ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു.
എന്നാൽ 40 റൺസ് നേടിയ സാഹിബ്സാദയെ കുൽദീപ് പുറത്താക്കി പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി. 83/7 എന്ന നിലയിലായിരുന്നു ഈ ഘട്ടത്തിൽ പാക്കിസ്ഥാന്‍. അവസാന ഓവറുകളിൽ ഷഹീന്‍ അഫ്രീദിയുടെ കൂറ്റനടികളാണ് പാക്കിസ്ഥാനെ 100 എന്ന സ്കോര്‍ കടത്തിയത്. 4 സിക്സ് ഉള്‍പ്പെടെ 16 പന്തിൽ നിന്ന് 33 റൺസാണ് ഷഹീന്‍ അഫ്രീദി നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റും നേടി.