ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തിൽ 37.5 ഓവറിൽ 178/6 എന്ന നിലയിൽ നേപ്പാള്‍ ബാറ്റിംഗ് തുടരുമ്പോള്‍ കളി തടസ്സപ്പെടുത്തി മഴ. 27 റൺസ് നേടി ദീപേന്ദ്ര സിംഗ് എയറിയും 11 റൺസ് നേടി സോംപാൽ കാമിയും ആണ് നേപ്പാളിനായി ക്രീസിലുള്ളത്. മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.
തുടക്കത്തിൽ ഇന്ത്യ മൂന്ന് ക്യാച്ചുകള്‍ കൈവിട്ടത് മുതലാക്കി നേപ്പാള്‍ ഓപ്പണര്‍മാര്‍ 65 റൺസാണ് നേടിയത്. 38 റൺസ് നേടിയ കുശൽ ഭുര്‍ട്ടലിനെ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ ആണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. അധികം വൈകാതെ ഭിം ഷാര്‍ക്കിയെ രവീന്ദ്ര ജഡേജ മടക്കിയയ്ച്ചു.
പിന്നീട് രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയപ്പോള്‍ നേപ്പാള്‍ 101/4 എന്ന നിലയിൽ പ്രതിരോധത്തിലായി. ഒരു വശത്ത് ആസിഫ് ഷെയ്ഖ് പൊരുതി നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും 58 റൺസ് നേടിയ താരത്തെ മൊഹമ്മദ് സിറാജ് പുറത്താക്കി. തൊട്ടടുത്ത തന്റെ ഓവറിൽ സിറാജ് ഗുൽഷന്‍ ഷായുടെ(23) വിക്കറ്റും വീഴ്ത്തി. ഇതോടെ നേപ്പോള്‍ 144/6 എന്ന നിലയിലായി.