ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) 2023-ലെ ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിന് മാത്രം റിസർവ് ഡേ നൽകിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്. ടൂർണമെന്റിലെ ഒരു ഗെയിമിന് മാത്രം പ്രത്യേക പരിഗണന നൽകിയതിന് എസിസിയെ രൂക്ഷമായ ഭാഷയിൽ തന്നെ പ്രസാദ് വിമർശിച്ചു. ഞായറാഴ്ച ആണ് ഇന്ത്യയും പാകിസ്താനും കൊളംബോയിൽ വെച്ച് ഏറ്റുമുട്ടുന്നത്. മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ തിങ്കളാഴ്ച ഈ മത്സരത്തിന് റിസേർവ്സ് ദിനം ഉണ്ടാകും.
“ഇത് തികച്ചും നാണക്കേടാണ്. സംഘാടകർ പരിഹാസ്യമായ കാര്യമാണ് ചെയ്യുന്നത്, മറ്റ് രണ്ട് ടീമുകൾക്കും വ്യത്യസ്ത നിയമങ്ങളുള്ള രീതിയിൽ ടൂർണമെന്റ് നടത്തുന്നത് അനീതിയാണ്.” പ്രസാദ് പറഞ്ഞു.
“ആദ്യ ദിവസം മഴ കാരണം കളി ഉപേക്ഷിച്ചാൽ, രണ്ടാം ദിവസം അതി ശക്തമായ മഴ പെയ്യട്ടെ, ഈ അനീതി വിജയിക്കാതിരിക്കട്ടെ” പ്രസാദ് എക്സിൽ പറഞ്ഞു.