ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 334 റൺസ് നേടി ബംഗ്ലാദേശ്. മെഹ്ദി ഹസന്‍, നജ്മുള്‍ ഹൊസൈന്‍ എന്നിവര്‍ നേടിയ ശതകങ്ങളുടെ മികവിലാണ് ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിയത്.
ഓപ്പണര്‍മാരായ മൊഹമ്മദ് നൈയിമും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്ന് പത്തോവറിൽ 60 റൺസ് ബംഗ്ലാദേശിന് നൽകിയെങ്കിലും നൈമിനെയും തൗഹിദ് ഹൃദോയിയെയും അടുത്തടുത്ത ഓവറുകളിൽ ബംഗ്ലാദേശിന് നഷ്ടമായത് ടീമിന് തിരിച്ചടിയായി. നൈയിം 28 റൺസ് നേടിയപ്പോള്‍ തൗഹിദ് ഡക്ക് ആയി പുറത്തായി.
63/2 എന്ന നിലയിൽ നിന്ന് മെഹ്ദി ഹസന്‍ മിറാസിന്റെയും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെയും ബാറ്റിംഗ് മികവാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 215 റൺസാണ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്. മെഹ്ദി ഹസന്‍ ആദ്യം ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അധികം വൈകാതെ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും ശതകം പൂര്‍ത്തിയാക്കി.
മെഹ്ദി 112 റൺസുമായി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 104 റൺസ് നേടി റണ്ണൗട്ട് രൂപത്തിൽ പുറത്തായി. 15 പന്തിൽ 25 റൺസ് നേടി മുഷ്ഫിക്കുര്‍ റഹിമും അവസാന ഓവറുകളിൽ മികവ് പുലര്‍ത്തി. ഷാക്കിബ് അൽ ഹസന്‍ 18 പന്തിൽ പുറത്താകാതെ 32 റൺസും ഷമീം ഹൊസൈന്‍ 6 പന്തിൽ 11 റൺസും നേടി. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 30 റൺസാണ് നേടിയത്.