ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്ക് വൻ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിന് ഒടുവിൽ 229 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 357 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 32 ഓവറിൽ 128 റൺസിന് ഓളൗട്ട് ആയി. ബാറ്റു കൊണ്ടും ബൗളു കൊണ്ടും ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് കാണാൻ ആയത്.
തുടക്കത്തിൽ തന്നെ ബുമ്രയുടെ ബൗളിംഗ് പാകിസ്താനെ സമ്മർദ്ദത്തിൽ ആക്കി. 9 റൺസ് എടുത്ത ഇമാമും ഹഖിനെ ബുമ്ര പുറത്താക്കി. പിന്നാലെ ക്യാപ്റ്റൻ ബാബർ അസം 10 റൺസ് എടുത്തു നിൽക്കെ ഹാർദ്ദികിന്റെ പന്തിൽ പുറത്തായി. 2 റൺസ് എടുത്ത റിസുവാനെ ശാർദ്ധുൽ താക്കൂറും പുറത്താക്കി.
പിന്നെ കുൽദീപിന്റെ ഊഴം ആയിരുന്നു. 27 റൺസ് എടുത്ത ഫകർ സമാൻ, 23 റൺസ് എടുത്ത അഖ സൽമാൻ, 6 റൺസ് എടുത്ത ശദബ്, 23 റൺസ് എടുത്ത ഇഫ്തിഖാർ, 4 റൺസ് എടുത്ത ഫഹീം എന്നിവർ കുൽദീപിന്റെ പന്തിൽ പുറത്തായി. പരിക്ക് കാരണം പാകിസ്താന്റെ അവസാന രണ്ടു താരങ്ങൾ ബാറ്റു ചെയ്യാൻ എത്താതായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.
ഇന്ന് പാകിസ്താനെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 എന്ന സ്കോർ ഇന്ത്യ ഉയർത്തി. കോഹ്ലിയുടെയും രാഹുലിന്റെയും മികച്ച സെഞ്ച്വറുകൾ ആണ് ഇന്ത്യയെ ഇത്ര നല്ല ഒരു സ്കോറിലേക്ക് എത്താൻ സഹായിച്ചത്.
ഇന്നലെ മഴ മാറാതെ ആയതോടെ റിസേർവ്സ് ഡേയായ ഇന്ന് ബാക്കി മത്സരം നടത്താൻ ആയിരുന്നു അമ്പയർമാർ തീരുമാനിച്ചത്. ഇന്ന് 24.1 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ കളി പുനരാരംഭിച്ചത്. കോഹ്ലിയും രാഹുലും ഇന്ത്യൻ ബാറ്റിങിനെ സമർത്ഥമായി മുന്നോട്ട് കൊണ്ടുപോയി.
ഇരുവരും അധികം പന്ത് എടുക്കാതെ റൺസ് സ്കോർ ചെയ്തു. കെ എൽ രാഹുൽ 106 പന്തിൽ 111* റൺസ് എടുത്തു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. കോഹ്ലി 94 പന്തിൽ 122 റൺസും എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.
അർധ സെഞ്ച്വറി വരെ ശ്രദ്ധയോടെ ബാറ്റു ചെയ്ത ഇന്ത്യൻ താരങ്ങൾ അതിനു ശേഷം ആക്രമണത്തിലേക്ക് ശൈലി മാറ്റി. 45 ഓവറിലേക്ക് ഇന്ത്യ 300 കടന്നു. 100 പന്തിൽ നിന്ന് രാഹുൽ ആദ്യം സെഞ്ച്വറി തികച്ചു. രാഹുലിന്റെ ആറാം ഏകദിന സെഞ്ച്വറി ആണിത്.
പിന്നാലെ കോഹ്ലിയും സെഞ്ച്വറി പൂർത്തിയാക്കി. 84 പന്തിൽ നിന്നായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. 47ആം ഏകദിന സെഞ്ച്വറി ആണിത്. കൂടാതെ കോഹ്ലി 13000 ഏകദിന റൺസും പൂർത്തിയാക്കി. ഇരുവരും ചേർന്ന് ഇന്ത്യയെ 50 ഓവറിൽ 356ലേക്ക് എത്തിച്ചു.
ഇന്നലെ ശുഭ്മാൻ ഗില്ലിന്റെയും രോഹിതിന്റെയും മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് നല്ല തുടക്കം നൽകിയത്.121 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് നൽകി. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിലും രോഹിതും നേരിട്ടു. 52 പന്തിൽ നിന്ന് 58 റൺസാണ് ഗിൽ അടിച്ചത്. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.
ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. ആദ്യ സ്പെല്ലിൽ 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറുകയും ചെയ്തു. 10 ബൗണ്ടറികൾ ആണ് ഗിൽ നേടിയത്. പക്ഷെ അവസാനം ഷഹീന് തന്നെയാണ് ഗില്ലിന്റെ വിക്കറ്റ് കിട്ടിയത്.
മറുവശത്ത് രോഹിത് ശർമ്മ 49 പന്തിൽ നിന്ന് 56 റൺസ് എടുത്തു. രോഹിതിന്റെ അമ്പതാം ഏകദിന അർധ സെഞ്ച്വറി ആയിരുന്നു ഇത്. 4 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. ഇന്ന് പരിക്ക് കാരണം ഹാരിസ് റഹൂഫ് പാകിസ്താനായി ബൗൾ ചെയ്തില്ല.
Score Summary:
India 356-2 (50overs)
Kohli 122*, Rahul 111*
Shadab 1/71
Shaheen 1/79
Pakistan
128-8(32ov)
Fakhar 28
Agha Salman 23
Kuldeep 5/25