വികാരങ്ങള്‍ക്ക് കടിഞ്ഞാണിടുക ഏറ്റവും വലിയ വെല്ലുവിളിയെന്ന് മഷ്റഫേ മൊര്‍തസ

Sports Correspondent

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുവാനിറങ്ങുമ്പോള്‍ ബംഗ്ലാദേശ് പ്രധാനമായി നേരിടേണ്ടി വരിക അവരുടെ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടുകയാണ് ഏറ്റവു പ്രധാനമായ വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസ. ഇതുവരെ ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനാണെന്ന് പറഞ്ഞ താരം ഇന്ത്യയാണ് സംശയമില്ലാതെ ഫൈനലിലെ മികച്ച ടീമെന്ന് തുറന്ന് സമ്മതിച്ചു. എന്നാല്‍ ഫൈനലില്‍ തങ്ങള്‍ക്കുള്ള ഉപാധികള്‍ വെച്ച് അവസാനം വരെ പൊരുതുവാന്‍ ഉറച്ചാണ് തങ്ങളിറങ്ങുന്നതെന്ന് മൊര്‍തസ അഭിപ്രായപ്പെട്ടു.

കളിയിലെ മികവിനൊപ്പം ബംഗ്ലാദേശ് തങ്ങളുടെ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടുവാനും പഠിക്കണമെന്ന് മൊര്‍തസ പറഞ്ഞു. വലിയൊരു മത്സരത്തിന്റെ ഭയമില്ലാതെ ടീമിനു കളിക്കാനായാല്‍ തന്നെ പ്രകടനം ഏറെ മെച്ചപ്പെടുമെന്ന് ബംഗ്ലാദേശ് നായകന്‍ അഭിപ്രായപ്പെട്ടു. ടീമിലെ സീനിയര്‍ താരങ്ങളുടെ സേവനങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ ലഭിക്കാത്തതും ടീമിനു തിരിച്ചടിയാണെന്ന് മൊര്‍തസ് കൂട്ടിചേര്‍ത്തു.

ഷാക്കിബിനെ ഫൈനലില്‍ നഷ്ടമാകുന്നത് ടീമിനു വലിയ തിരിച്ചടിയാണ്. ഷാക്കിബ് ടീമിലുണ്ടായിരുന്നേല്‍ ഇത്രയും ബുദ്ധിമുട്ട് വരില്ലായിരുന്നുവെന്നും മൊര്‍തസ പറഞ്ഞു. ടൂര്‍ണ്ണമെന്റ് തുടക്കത്തില്‍ തന്നെ തമീം ഇക്ബാലിനെ നഷ്ടമായ ടീമിനു പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഷാക്കിബിനെ നഷ്ടമായിരുന്നു. ഇപ്പോള്‍ ഫൈനലില്‍ മുഷ്ഫിക്കുര്‍ റഹിം കളിക്കുമോ എന്നതും സംശയത്തിലാണെന്ന് അറിയുന്നു.