ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ നിഷ്പ്രഭമാക്കി 7 വിക്കറ്റ് വിജയവുമായി ഇന്ത്യ. പാക്കിസ്ഥാന്‍ 127/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ വിജയം കുറിച്ചു.
ശുഭ്മന്‍ ഗില്ലിനെ വേഗത്തിൽ നഷ്ടമായെങ്കിലും ഇന്ത്യയുടെ സ്കോറിംഗ് റേറ്റ് ഉയര്‍ത്തി നിര്‍ത്തുവാന്‍ അഭിഷേക് ശര്‍മ്മയ്ക്ക് സാധിച്ചപ്പോള്‍ പവര്‍പ്ലേയിൽ തന്നെ ഇന്ത്യ കുതിപ്പ് നടത്തി. നാലാം ഓവറിൽ അഭിഷേകിനെ നഷ്ടമാകുമ്പോള്‍ 13 പന്തിൽ നിന്ന് 31 റൺസാണ് താരം നേടിയത്. ഇന്ത്യയുടെ സ്കോര്‍ 42 റൺസായിരുന്നു 3.4 ഓവറിൽ.
ഇന്ത്യന്‍ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കിയത് സയിം അയൂബ് ആയിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യ 61/2 എന്ന നിലയിലായിരുന്നു. 56 റൺസ് കൂട്ടുകെട്ട് തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നേടിയെങ്കിലും ആ കൂട്ടുകെട്ടിനെ സയിം അയൂബ് തകര്‍ത്തു. അയൂബ് മത്സരത്തിൽ നേടിയ മൂന്നാമത്തെ വിക്കറ്റായിരുന്നു ഇത്. 31 റൺസാണ് തിലക് വര്‍മ്മ നേടിയത്.
കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് സൂര്യകുമാര്‍ യാദവ് നയിക്കുകയായിരുന്നു. താരം 47 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ നാലാം വിക്കറ്റിൽ ശിവം ദുബേയുമായി 34 റൺസാണ് സ്കൈ നേടിയത്. ദുബേ പുറത്താകാതെ 10 റൺസ് നേടി.