ഏഷ്യൻ ക്രിക്കറ്റിൽ സ്ഥാനമുറപ്പിച്ച് അഫ്ഘാനിസ്ഥാൻ

shabeerahamed

20220830 234200
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചു ഏഷ്യ കപ്പിൽ വരവറിയിച്ച അഫ്ഘാനിസ്ഥാൻ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ 9 ബോളുകൾ ബാക്കി നിൽക്കെ അനായാസം മറികടന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ്, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 127 റണ്സ് മാത്രമാണ് ബോർഡിൽ കുറിച്ചത്. അഫ്ഘാനിസ്ഥാൻ 3 വിക്കറ്റ് മാത്രമാണ് കളഞ്ഞത്, അതു കൊണ്ട് തന്നെ അവസാന ഓവറുകളിൽ കൂറ്റനടിക്ക് അവർക്ക് ധൈര്യം കിട്ടി.

രണ്ട് കളികൾ ജയിച്ചു ഗ്രൂപ്പ് ജേതാക്കളായ അഫ്ഘാനിസ്ഥാൻ, ഏഷ്യൻ ക്രിക്കറ്റിൽ തങ്ങൾ ഒട്ടും പുറകിലല്ല എന്നു വിളിച്ചു പറഞ്ഞു. കൂടുതൽ കളികൾ ലഭിച്ചാൽ ഇന്ത്യയെയും പാകിസ്ഥാനെയും അവർ വെല്ലുവിളിക്കാൻ പ്രാപ്തരാകും എന്ന കാര്യത്തിൽ സംശയം വേണ്ട.

അഫ്ഘാനിസ്ഥാൻ"

രണ്ട് പ്രതികൂല ഘടകങ്ങളാണ് അഫ്ഘാനിസ്ഥാന് മുന്നിലുള്ളത്. ഒന്ന്, അവരെ മറ്റ് ഏഷ്യൻ രാജ്യങ്ങൾ കാര്യമായി എടുക്കുന്നില്ല എന്നതാണ്. കളിയുടെ സാമ്പത്തിക ശാസ്ത്രം വച്ചു നോക്കുമ്പോൾ അവർ ഇപ്പഴും ഒരു നഷ്ടക്കച്ചവടമാണ് എന്നതാണ് പ്രശ്‌നം. അവർക്കായി അതു കൊണ്ടു സമയം മാറ്റി വയ്ക്കാൻ മറ്റ് ടീമുകൾക്ക് മടിയാണ്. ഏഷ്യൻ ടീമുകൾ അതിന് തയ്യാറാകാത്ത കാലത്തോളം മറ്റ് മുൻനിര ടെസ്റ്റ് ടീമുകളും അവരെ തഴയും. ഇനിയും അയർലൻഡ്, സിംബാബ്‌വെ, ഹോങ്കോങ് ടീമുകളുമായി മാത്രം കളിച്ചു നടന്നാൽ അവർ ഇത് വരെ നേടിയ മുന്നേറ്റങ്ങൾ പാഴായി പോകും.

രണ്ടാമത്തെ പ്രശ്നം രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട സുരക്ഷയുമാണ്. ഈ അടുത്ത കാലത്തൊന്നും ഒരു രാജ്യാന്തര ടീമും അഫ്ഘാനിസ്ഥാനിലേക്ക് ചെല്ലും എന്നു കരുതണ്ട. പാകിസ്ഥാൻ പോലും ഈ പ്രശ്‌നം വർഷങ്ങൾക്ക് ശേഷം ഇപ്പഴാണ് ഒന്ന് മറികടന്നത്. രാഷ്ട്രീയ കാലാവസ്‌ഥ ശരിയാകാതെ അന്താരാഷ്ട്ര ടീമുകൾ അങ്ങോട്ട് ചെല്ലുന്നതിനെ കുറിച്ചു ആലോചിക്കുക കൂടിയില്ല. എന്തിന് മറ്റ് ടീമുകളെ പറയുന്നു, അഫ്‌ഗാൻ താരമായ റാഷിദ് ഖാൻ പോലും താലിബാന് കീഴിലുള്ള അഫ്‌ഗാനിസ്ഥാനിൽ കളിക്കാൻ താല്പര്യപ്പെടുന്നില്ല. പിന്നെയുള്ള പോംവഴി അവരുടെ ഹോം ഗ്രൗണ്ടായി ദുബായിയെ പ്രഖ്യാപിച്ചു, ടീമുകളെ അങ്ങോട്ട് കൊണ്ട് വരിക എന്നതാണ്. പാകിസ്ഥാൻ ഇങ്ങനെ ചെയ്തിരിന്നു എന്ന കാര്യം നമ്മൾ ഓർക്കണം. പക്ഷെ ക്രിക്കറ്റിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത അഫ്‌ഗാനിസ്ഥാനിൽ പുതിയ ഇൻഫ്രാസ്‌ട്രക്ചർ ഉണ്ടാക്കിയെടുക്കുന്നതിന് ഈ നീക്കം തടസ്സമാകും.

20220830 234156

മറ്റാരേക്കാളും ആവേശത്തോടെയും സന്തോഷത്തോടെയും ക്രിക്കറ്റിനെ സമീപിക്കുന്ന ഈ രാജ്യക്കാർക്ക് ഈ കടമ്പകൾ കടക്കാൻ സാധിക്കട്ടെ എന്നു മാത്രമേ ഇപ്പോൾ നമുക്ക് ആശംസിക്കാൻ സാധിക്കൂ. ഒന്നോർക്കണം, മറ്റുള്ളവരെ പോലെ സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടാണ് അവർ ഈ പ്രകടനം കാഴ്ച വച്ചത്!