ബംഗ്ലാദേശിനോട് 3 റണ്‍സ് തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്‍. 250 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനു 4 വിക്കറ്റ് കൈവശമുള്ളപ്പോള്‍ അവസാന ഓവറില്‍ 8 റണ്‍സാണ് നേടേണ്ടിയിരുന്നതെങ്കില്‍ 4 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. അവസാന ഓവര്‍ എറിഞ്ഞ മുസ്തഫിസുര്‍ റഹ്മാന്‍ റഷീദ് ഖാനെ പുറത്താക്കി മത്സരം ബംഗ്ലാദേശിന്റെ പക്ഷത്തേക്ക് മാറ്റുകയായിരുന്നു. സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും വിജയത്തിനടുത്തെത്തി പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി.
മുഹമ്മദ് ഷെഹ്സാദും ഹസ്മത്തുള്ള ഷഹീദിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അസ്ഗര്‍ അഫ്ഗാനും(39) മുഹമ്മദ് നബിയും(38) ടീമിനെ വിജയത്തിലരികിലേക്ക് നയിച്ചുവെങ്കിലും അവസാന നിമിഷം ടീമിനു കാലിടറുകയായിരുന്നു. 71 റണ്‍സാണ് ഹസ്മത്തുള്ള ഷഹീദി നേടിയത്. 53 റണ്‍സ് നേടി മുഹമ്മദ് ഷെഹ്സാദും പുറത്തായ ശേഷം ഒരു ഘട്ടത്തില്‍ റണ്‍ റേറ്റുയര്‍ന്നുവെങ്കിലും അഫ്ഗാനിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പൊരുതി ബംഗ്ലാദേശ് സ്കോറിനു അടുത്തെത്തുകയായിരുന്നു. സമിയുള്ള ഷെന്‍വാരി പുറത്താകാതെ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ , മഷ്റഫേ മൊര്‍തസ എന്നിവര്‍ രണ്ട് വിക്കറ്റും മഹമ്മദുള്ള, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.