ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിച്ചതിൽ ആവേശം പ്രകടിപ്പിച്ച് മുതിർന്ന താരം രവിചന്ദ്രൻ അശ്വിൻ. സഞ്ജുവിനെ വാനോളം പുകഴ്ത്തിക്കൊണ്ട് “അടിപൊളി ചേട്ടാ” എന്ന അശ്വിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായി.

സഞ്ജുവിനെപ്പോലൊരു പ്രതിഭയ്ക്ക് അർഹമായ വലിയൊരു വേദി ഒടുവിൽ ലഭിച്ചതിന്റെ സന്തോഷമാണ് അശ്വിൻ പങ്കുവെച്ചത്. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയും പേടിയില്ലാത്ത മനോഭാവവും ക്രിക്കറ്റിൽ ആവശ്യമാണെന്ന് അശ്വിൻ കാലങ്ങളായി വാദിക്കുന്നുണ്ടായിരുന്നു.
സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനേക്കാൾ പ്രധാനമായി അദ്ദേഹത്തിന് കൃത്യമായ ഒരു ബാറ്റിംഗ് പൊസിഷൻ നൽകണമെന്ന തന്റെ പഴയ നിലപാട് വിജയിച്ചതിന്റെ ആശ്വാസത്തിലാണ് താരം.
“എന്റെ തമ്പി സഞ്ജു” എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സഞ്ജുവിനോടുള്ള അടുപ്പം അശ്വിൻ വെളിപ്പെടുത്തിയത്. അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമ്പോഴുണ്ടാകുന്ന കരുത്ത് ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
സ്ഥിരമായി ടീമിൽ ഇടം ലഭിക്കാതിരുന്നതും ബാറ്റിംഗ് ഓർഡറിൽ തുടർച്ചയായ മാറ്റങ്ങൾ വരുത്തിയതും സഞ്ജുവിന്റെ പ്രകടനത്തെ ബാധിച്ചിരുന്നതായും അശ്വിൻ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ കുപ്പായത്തിൽ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച അധ്യായത്തിന് ഈ ലോകകപ്പ് സാക്ഷ്യം വഹിക്കുമെന്ന ഉറച്ച വിശ്വാസമാണ് അശ്വിൻ പ്രകടിപ്പിക്കുന്നത്.









