തുടക്കത്തിലെ പറയട്ടെ ബോൾ ചുരണ്ടൽ വിവാദത്തിൽ ഓസ്ട്രേലിയൻ ടീമിനെയോ സ്മിത്തിനെയോ ന്യായീകരിക്കുക അല്ല ഇവിടെ. ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് സ്റ്റീവ് സ്മിത്ത് എന്ന താരത്തിന്റെ പോരാട്ടവീര്യത്തെ കുറിച്ചാണ്. എന്തൊരു ഇന്നിങ്സ് ആണ് അദ്ദേഹം കളിച്ചത്, അതും വിലക്കിനു ശേഷം കളിക്കുന്ന ആദ്യ ടെസ്റ്റിൽ. എന്നും ഒരു കുട്ടിയുടെ മുഖവുമായി ബാറ്റ് ചെയ്യാൻ നിൽക്കുന്ന സ്മിത്തിനെ കാണുമ്പോഴും എവിടെയും ഒതുങ്ങി നിൽക്കാത്ത ഒരു കുട്ടിയെ തന്നെയാണ് ഓർമ്മ വരിക. ആ കുട്ടിത്തം മാറാത്ത മുഖത്ത് കണ്ണീരുമായി തെറ്റ് ഏറ്റുപറഞ്ഞ സ്മിത്ത് ഇന്നും ഒരു ദുഃഖകരമായ ഓർമ്മയാണ്. ബാറ്റ് ചെയ്യുമ്പോൾ സ്മിത്തിന്റെ ഫുട്ട്വർക്ക് കാണാൻ ഒരു പ്രത്യേക രസം തന്നെയാണ്. ആദ്യ ദിനം ഒരറ്റത്ത് വിക്കറ്റുകൾ വീണ് കൊണ്ടിരിന്നപ്പോഴും എത്ര മനോഹരമായാണ് സ്മിത്ത് ആ ഇന്നിങ്സ് പടുത്തുയർത്തിയത്.
സൂക്ഷിച്ചു കളിക്കേണ്ട സമയത്ത് സൂക്ഷിച്ചു കളിച്ചും മറ്റെ അറ്റത്ത് വിക്കറ്റുകൾ വീഴുമ്പോൾ പതറാതെയും എത്ര നന്നായി ആണ് സ്മിത്ത് 100 കടന്നത്. സിഡിലിന് വേണ്ട ധൈര്യം കൊടുത്ത് 200 കടക്കില്ലെന്നു കരുതിയ സ്കോർ 300 നടുത്ത് എത്തിക്കാനും സ്മിത്തിനായി. ഇതിനിടയിൽ 92 ൽ നിൽക്കുമ്പോൾ അലിയെ സിക്സറിനു പറത്തിയ ഷോട്ട് പോലെ എത്ര മനോഹരമായ ഷോട്ടുകൾ. ഈ മനുഷ്യൻ കഴിഞ്ഞ ഒരു വർഷമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചില്ലെന്നു വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നി. അതും ബ്രോഡും വോക്സും എത്ര മികച്ച രീതിയിൽ പന്തെറിഞ്ഞു എന്നത് കൂടി മനസ്സിലാക്കുമ്പോൾ. വാർണർ പുറത്തതായപ്പോഴും ബ്രാൻഗ്രാഫ്റ്റ് പുറത്തതായപ്പോഴും വലിയ കൂവലുകളോടെയാണ് എഡ്ബാസ്റ്റണിലെ കാണികൾ അവരെ യാത്രയാക്കിയത്. കൂവലോട് കൂടെയാണ് സ്മിത്തിനെ അവർ സ്വാഗതം ചെയ്തതും എന്നാൽ 144 റൺസ് നേടി ഏറ്റവും അവസാനമായി സ്മിത്ത് മടങ്ങുമ്പോൾ കൂവാൻ ആ കാണികൾ മറന്നു പോയിരുന്നു എന്തെന്നാൽ അത്ര മാത്രം അഭിനന്ദനങ്ങൾ അർഹിക്കുന്നു സ്മിത്തിന്റെ ഇന്നത്തെ ബാറ്റിംഗ് പ്രകടനം.