ഒരിക്കൽ കൂടി ഓസ്ട്രേലിയൻ ജയപ്രതീക്ഷകൾ സ്റ്റീവ് സ്മിത്ത് എത്രത്തോളം ബാറ്റ് ചെയ്യുന്നതിനെ ആശ്രയിച്ചാകും എന്ന സൂചന നൽകിയാണ് ആദ്യ ടെസ്റ്റിലെ മൂന്നാം ദിനം അവസാനിച്ചത്. വെളിച്ചകുറവ് മൂലം അമ്പയർമാർ നേരത്തെ കളി നിർത്തതുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 124 എന്ന നിലയിൽ ആണ് ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെക്കാൾ 34 റൺസ് മുന്നിൽ. 49 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ട് കെട്ടുമായി 46 റൺസ് എടുത്ത സ്റ്റീവ് സ്മിത്തിന് കൂട്ടായി ട്രാവിസ് ഹെഡ് ആണ് ഇപ്പോൾ ക്രീസിൽ. ചായക്ക് ശേഷം മത്സരം തുടങ്ങിയപ്പോൾ ബോൾ ചെയ്യാൻ അവാതിരുന്ന ജിമ്മി ആന്റേഴ്സന്റെ അഭാവത്തിലും ഇംഗ്ലീഷ് ബോളർമാർ നന്നായി പന്തെറിഞ്ഞു.
തുടക്കത്തിൽ തന്നെ ആദ്യ ഇന്നിങ്സിൽ എന്ന പോലെ അപകടകാരിയായ വാർണറെ കീപ്പറുടെ കയ്യിൽ എത്തിച്ചു ബ്രോഡ്. 8 റൺസ് എടുത്ത വാർണർ ഇതോടെ ബ്രോഡിന്റെ 450 മത്തെ ടെസ്റ്റ് വിക്കറ്റ് ആയി. ആന്റേഴ്സനു ശേഷം 450 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലീഷ് ബോളർ കൂടിയായി ബ്രോഡ് ഇതോടെ. തുടർന്ന് ബോളിങ് മാറ്റവുമായി എത്തിയ അലിയുടെ പന്തിൽ 7 റൺസ് എടുത്ത ബാൻഗ്രാഫ്റ്റ് ഷോർട്ട് ലെഗിൽ ബട്ട്ലർക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ഇംഗ്ലണ്ട് മത്സരത്തിൽ ആധിപത്യം നേടി. എന്നാൽ ആക്രമണം ആണ് നല്ല പ്രതിരോധം എന്ന നില സ്വീകരിച്ച സ്മിത്തും കവാജയും ഓസ്ട്രേലിയൻ ബാറ്റിങ് മുന്നോട്ടു കൊണ്ടു പോയി. നല്ല നാലാം വിക്കറ്റ് കൂട്ടുകെട്ട് ഉയർത്തിയ സഖ്യം ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു.
എന്നാൽ മറ്റൊരു ബോളിങ് മാറ്റം വരുത്തിയ റൂട്ട് ആ കൂട്ട്കെട്ട് തകർത്തു. ഇത്തവണ 48 പന്തിൽ 40 റൺസ് എടുത്ത കവാജയെ ബെൻ സ്റ്റോക്സ് ഗാലറിയിലേക്ക് മടക്കി. എന്നാൽ തുടർന്ന് വന്ന ഹെഡിനെ കൂട്ട്പിടിച്ച് സ്മിത്ത് ഇന്നിങ്സ് മുന്നോട്ടു കൊണ്ടു പോകുമ്പോൾ ആണ് വെളിച്ചകുറവ് വില്ലനായത്. ബ്രോഡ്, സ്റ്റോക്സ്, അലി എന്നിവരാണ് ഇംഗ്ലണ്ടിനായി വിക്കറ്റുകൾ വീഴ്ത്തിയത്. മത്സരത്തിൽ രണ്ട് ദിവസം അവശേഷിക്കെ ഓസ്ട്രേലിയക്ക് മികച്ച ഒരു ലക്ഷ്യം ഇംഗ്ലണ്ടിന് വക്കാൻ സാധിക്കുമോ എന്നത് തന്നെയാവും മത്സരഫലം നിർണയിക്കുക. നാളെ ആന്റേഴ്സൻ പന്തെടുക്കുമോ എന്നതും സ്മിത്ത് എത്ര സമയം ബാറ്റ് വീശും എന്നതും മത്സരത്തിൽ നിർണായകമാകും.