രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ദിനം വെറും രണ്ട് ഓവർ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു ആദ്യമേ തന്നെ തിരിച്ചടിയേറ്റത്ത് കണ്ട് കൊണ്ടാണ് രണ്ടാം ദിനത്തെ മത്സരം തുടങ്ങിയത്. സ്‌കോർ 22 ൽ എത്തിയപ്പോൾ തന്റെ ആദ്യ ആഷസ് മത്സരം കളിക്കുന്ന ജേസൺ റോയി പുറത്ത്. പാറ്റിൻസന്റെ പന്തിൽ രണ്ടാം സ്ലിപ്പിൽ സ്മിത്തിനു ക്യാച്ച് നൽകി മടങ്ങുമ്പോൾ 10 റൺസ് മാത്രമായിരുന്നു റോയിയുടെ സമ്പാദ്യം. തുടർന്ന് ഓപ്പണർ ബേർൺസിന് കൂട്ടായി ക്യാപ്റ്റൻ ജോ റൂട്ട് ക്രീസിലേക്ക്. നന്നായി പന്തെറിഞ്ഞ ഫാസ്റ്റ് ബോളർമാരായ കമ്മിൻസ്, പാറ്റിൻസൻ, പീറ്റർ സിഡിൽ എന്നിവർ ഇംഗ്ലണ്ടിന് റൺസ് വിട്ട് കൊടുക്കാൻ പിശുക്ക് കാട്ടിയപ്പോൾ ഓഫ് സ്പിന്നർ നഥാൻ ലയോൺ ബേർൺസിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഇടക്ക് വിക്കറ്റിന് മുമ്പിൽ ബേർൺസിനെ കുടുക്കിയ ലയോണിനു അമ്പയറുടെ തീരുമാനം എതിരായി. എന്നാൽ ഇതിൽ റിവ്യൂ പോകാതിരുന്നത് തെറ്റായ തീരുമാണെന്നു പിന്നീട് ഡി. ആർ.എസിൽ വ്യക്തമായി.

ഇതിനിടയിൽ പാറ്റിൻസന്റെ പന്തിൽ അമ്പയർ റൂട്ടിനെ ഔട്ട്‌ വിധിച്ചെങ്കിലും റിവ്യു നൽകിയ റൂട്ട് ആയുസ്സ് നീട്ടിയെടുത്തു. എന്നാൽ റീപ്ലെയിൽ പന്ത് സ്റ്റമ്പിൽ തട്ടിയെങ്കിലും ബേയിൽസ് വീഴാത്തതാണെന്നും വ്യക്തമായത് ഓസ്‌ട്രേലിയൻ ടീമിലും റൂട്ടിലും ചിരി പടർത്തി. തുടർന്ന് നന്നായി ബാറ്റ് ചെയ്ത ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ കൂടുതൽ അപകടം ഒന്നും ഉണ്ടാക്കാതെ ആദ്യ സെക്ഷൻ അവസാനിപ്പിച്ചു. സെക്ഷൻ അവസാനിക്കുമ്പോൾ 29 ഓവറിൽ 71 റൺസിനു 1 വിക്കറ്റ് എന്ന നിലയിൽ ആണ് ഇംഗ്ലണ്ട്. 95 പന്തിൽ 41 റൺസുമായി ക്രീസിൽ ഉള്ള ബേർൺസിനും 57 പന്തിൽ 11 റൺസുമായി നിൽക്കുന്ന റൂട്ടിനും വലിയ കൂട്ടുകെട്ട് ഉണ്ടാക്കാൻ ആയാൽ മത്സരത്തിൽ ഇംഗ്ലണ്ട് ആധിപത്യം നേടും. 8 ഓവറിൽ 20 റൺസ് വഴങ്ങിയാണ് പാറ്റിൻസൻ തന്റെ വിക്കറ്റ് സ്വന്തമാക്കിയത്.