മൂന്നാം ദിനം ഓസ്‌ട്രേലിയക്ക് പിറകിൽ വെറും 17 റൺസ് മാത്രമായാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങിയത്. അർദ്ധശതകം നേടിയ ബെൻ സ്റ്റോക്‌സ് ആദ്യമേ തന്നെ ലീഡ് നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചു. എന്നാൽ അർദ്ധശതകം തികച്ച ഉടനെ തന്നെ കമ്മീൻസ് സ്റ്റോക്‌സിനെ കീപ്പറിന്റെ കയ്യിൽ എത്തിച്ചപ്പോൾ ഓസ്‌ട്രേലിയക്ക് മത്സരത്തിലേക്ക് തിരിച്ചെത്തി. തുടർന്ന് മത്സരത്തിൽ ഉടനീളം ക്ഷമയോടെ പന്തെറിഞ്ഞ നഥാൻ ലയോണിന്റെ ഊഴമായിരുന്നു പിന്നീട്. മത്സരത്തിൽ ഉടനീളം ബേർൺസിനെ ബുദ്ധിമുട്ടിച്ച ലയോൺ തന്റെ പരിശ്രമത്തിനു ഫലം കണ്ടു. 312 പന്തിൽ 133 റൺസ് എടുത്ത മികച്ച ഇന്നിങ്‌സിന് ശേഷം കീപ്പർക്ക് ക്യാച്ച് നൽകി ബേർൺസ് മടങ്ങുമ്പോൾ ഇംഗ്ലണ്ട് 300 റൺസിൽ എത്തിയിരുന്നില്ല.
തുടർന്ന് അതേ ഓവറിൽ തന്നെ പന്ത് കളിക്കാതെ വിട്ട മോയിൻ അലിയുടെ കുറ്റി തെറുപ്പിച്ച ലയോൺ ഓസ്‌ട്രേലിയക്ക് മുൻതൂക്കം നൽകി. തുടർന്ന് അടുത്ത ഓവറിൽ പീറ്റർ സിഡിലിന്റെ പന്തിൽ ഒന്നാം സ്ലിപ്പിൽ ക്യാച്ച് നൽകി 8 റൺസ് എടുത്ത ബാരിസ്റ്റോ കൂടി മടങ്ങിയതോടെ ഇംഗ്ലണ്ട് വലിയ പ്രതിസന്ധിയിൽ ആയി. എന്നാൽ തുടർന്ന് വന്ന ബ്രോഡും വോക്‌സും വലിയ പരിക്കില്ലാതെ ഇംഗ്ലണ്ടിനെ ആദ്യ സെക്ഷൻ കടത്തി. ഇപ്പോൾ 44 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ടിനായി 13 റൺസുമായി വോക്‌സും 11 റൺസുമായി ബ്രോഡും പുറത്തതാകാതെ നിൽക്കുകയാണ്. ഉടൻ തന്നെ ഇംഗ്ലീഷ് വാലറ്റത്തെ ചുരുട്ടി കൂട്ടാൻ ആവും ഓസ്‌ട്രേലിയ ശ്രമിക്കുക.