അടുത്ത ആഷസിന് കളിക്കാനുണ്ടാകുമോ എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല – ആന്‍ഡേഴ്സണ്‍

Sports Correspondent

ഓസ്ട്രേലിയയില്‍ നടക്കുന്ന അടുത്ത ആഷസ് പരമ്പരയില്‍ കളിക്കാന്‍ താനുണ്ടാകുമോ എന്ന കാര്യം സത്യസന്ധമായി ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. 18 മാസങ്ങള്‍ക്കപ്പുറമാണ് അടുത്ത ആഷസ്, അതിനെക്കുറിച്ച് താനിപ്പോള്‍ ചിന്തിച്ചിട്ടില്ല, ഇപ്പോള്‍ തന്റെ മുന്നില്‍ കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോളുള്ള കാര്യങ്ങളാണ്. വിന്‍ഡീസിനെതിരെയുള്ള പരമ്പരയാണ് താന്‍ ഇപ്പോള്‍ മുന്നില്‍ കാണുന്നതെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

തനിക്ക് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തണമെന്നും പരിക്കൊന്നുമില്ലാതെ നിലനില്‍ക്കുകയുമാണെങ്കില്‍ അടുത്ത ആഷസിനെക്കുറിച്ച് ചിന്തിക്കാമെന്നും ആന്‍ഡേഴ്സണ്‍ അഭിപ്രായപ്പെട്ടു. തന്റെ ശരീരവും മനസ്സും ഫിറ്റ്നെസ്സും എല്ലാം ഒരു പോലെ വരുന്നത് വരെ കളിക്കളത്തില്‍ തുടരാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി.