ബോക്സിംഗ് ഡേ ടെസ്റ്റ്: ആർച്ചർ പുറത്ത്, പോപ്പിനെ ടീമിൽ നിന്ന് ഒഴിവാക്കി

Newsroom

Archer


ആഷസ് പരമ്പരയിൽ തോൽവി നേരിട്ടുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ടീമിന് കൂടുതൽ തിരിച്ചടിയായി പേസർ ജോഫ്ര ആർച്ചറുടെ പരിക്ക്. പേശികൾക്കേറ്റ പരിക്കിനെ (Left side strain) തുടർന്ന് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്നും ആർച്ചർ പുറത്തായി. ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയ ആർച്ചറുടെ അഭാവം മെൽബണിൽ നാളെ ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇംഗ്ലണ്ടിന് വലിയ ക്ഷീണമാകും.

1000390892

ഗസ് അറ്റ്കിൻസണായിരിക്കും ആർച്ചർക്ക് പകരം ടീമിലെത്തുക. മോശം ഫോമിലുള്ള ബാറ്റ്‌സ്മാൻ ഒല്ലി പോപ്പിനെ ടീമിൽ നിന്ന് ഒഴിവാക്കി. ആറ് ഇന്നിംഗ്സുകളിൽ നിന്ന് വെറും 125 റൺസ് മാത്രമാണ് പോപ്പിന് നേടാനായത്. പകരം യുവതാരം ജേക്കബ് ബെഥൽ മൂന്നാം നമ്പറിൽ തന്റെ ആഷസ് അരങ്ങേറ്റം കുറിക്കും.

ഇതിനോടകം തന്നെ പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആശ്വാസ വിജയം ലക്ഷ്യമിട്ടാണ് ബെൻ സ്റ്റോക്സും സംഘവും ഇറങ്ങുന്നത്. പരിക്കേറ്റ മാർക്ക് വുഡിന്റെ അഭാവവും ഇംഗ്ലണ്ട് ബൗളിംഗ് നിരയുടെ കരുത്ത് കുറച്ചിട്ടുണ്ട്.


നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: സാക് ക്രോളി, ബെൻ ഡക്കറ്റ്, ജേക്കബ് ബെഥൽ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), വിൽ ജാക്സ്, ഗസ് അറ്റ്കിൻസൺ, ബ്രൈഡൺ കാർസ്, ജോഷ് ടംഗ്.