തന്റെ ക്യാപ്റ്റന്മാരിൽ തനിക്ക് ഏറ്റവും മികച്ച ക്യാപ്റ്റനായി തോന്നിയത് മുൻ ഇന്ത്യൻ സ്പിന്നറും ക്യാപ്റ്റനുമായ അനിൽ കുംബ്ലെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. റെക്കോർഡുകളുടെ കാര്യം നോക്കുമ്പോൾ ധോണി മുന്നിട്ട് നിൽകുമെങ്കിലും മികച്ച ക്യാപ്റ്റൻ അനിൽ കുംബ്ലെ ആയിരുന്നെന്ന് ഗംഭീർ പറഞ്ഞു.
മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിൽ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ക്യാപ്റ്റൻ എന്നനിലയിൽ മികച്ചവൻ ആയിരുന്നുവെന്ന് ഗംഭീർ പറഞ്ഞു. എന്നാൽ കൂടുതൽ കാലം ഇന്ത്യൻ ക്യാപ്റ്റൻ ആയി നിൽക്കണമെന്ന് ആഗ്രഹിച്ച വ്യക്തി അനിൽ കുംബ്ലെ ആയിരുന്നെന്നും ഗംഭീർ പറഞ്ഞു. കുംബ്ലെക്ക് കീഴിൽ വെറും ആറ് മത്സരങ്ങൾ മാത്രമാണ് തനിക്ക് കളിക്കാനായതെന്നും കുംബ്ലെക്ക് കൂടുതൽ കാലം ക്യാപ്റ്റനായി നിലകൊള്ളാൻ കഴിഞ്ഞിരുന്നില്ലെന്നും ഗംഭീർ പറഞ്ഞു.
അനിൽ കുംബ്ലെ കൂടുതൽ കാലം ക്യാപ്റ്റനായി നിൽക്കുകയായിരുന്നെങ്കിൽ ഒരുപാടു റെക്കോർഡുകൾ മറികടക്കുമായിരുന്നെന്നും ഗംഭീർ പറഞ്ഞു. ഏകദിനത്തിലും(337) ടെസ്റ്റിലും(619) ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് അനിൽ കുംബ്ലെ. ടെസ്റ്റിൽ 14 തവണ അനിൽ കുംബ്ലെ ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുണ്ട്.