ബാറ്റിംഗിനായി തനിക്ക് ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ അര്‍ദ്ധ ശതകവും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയാണ് സൂര്യകുമാര്‍ യാദവ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് ആഘോഷിച്ചത്. കാര്യങ്ങള്‍ ഇത്തരത്തില്‍ അവസാനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മത്സരം വിജയിച്ച ശേഷം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിക്കവേ സൂര്യകുമാര്‍ യാദവ് പറഞ്ഞു. താന്‍ ഇന്ത്യയ്ക്കായി കളിക്കുന്നത് എന്നും സ്വപ്നം കണ്ടിട്ടുള്ളതാണെന്നും ടീമിനായി വിജയങ്ങള്‍ നേടുവാന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും സൂര്യകുമാര്‍ യാദവ്.
ടീം മാനേജ്മെന്റും വിരാട് കോഹ്‍ലിയും തന്നോട് കാര്യങ്ങള്‍ ലളിതമായി നിലനിര്‍ത്തുവാനാണ് ആവശ്യപ്പെട്ടതെന്നും താന്‍ ഐപിഎലില്‍ എന്താണോ ചെയ്യുന്നത് അത് തുടരുവാനുമാണ് ആവശ്യപ്പെട്ടതെന്ന് സൂര്യകുമാര്‍ വ്യക്തമാക്കി. താന്‍ തന്നോട് തന്നെ സംസാരിക്കുന്ന പ്രകൃതക്കാരനാണെന്നും ബാറ്റിംഗിനിടയില്‍ താന്‍ കാര്യങ്ങള്‍ സാധാരണ നിലയില്‍ നിര്‍ത്തുവാനാണ് ശ്രമിച്ചതെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
ഇന്ത്യയ്ക്ക് വേണ്ടി 31 പന്തില്‍ 57 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് വിവാദപരമായ ഒരു തീരുമാനത്തിലൂടെയാണ് പുറത്തായത്.