ഇന്ത്യയിൽ നിന്ന് പോയ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കൊന്നും കൊറോണ ഇല്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ മെഡിക്കൽ ഓഫീസർ ശുഐബ് മഞ്ഞര അറിയിച്ചു. താരങ്ങൾക്കൊന്നും ഒരു ലക്ഷണവും ഇല്ലെന്നും കൊറോണ ടെസ്റ്റുകളുടെ ഫലങ്ങൾ എല്ലാം നെഗറ്റീവ് ആണെന്നും മുഖ്യ മെഡിക്കൽ ഓഫിസർ അറിയിച്ചു. നേരത്തെ ഇന്ത്യയുമായുള്ള ഏകദിന പരമ്പര കൊറോണ വൈറസ് ബാധയെ തുടർന്ന് പകുതിവെച്ച് ഉപേക്ഷിച്ചിരുന്നു.
ധരംശാലയിൽ നടന്ന ആദ്യ ഏകദിന മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. തുടർന്നാണ് ബാക്കിയുള്ള രണ്ട് ഏകദിന മത്സരങ്ങൾ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഉപേക്ഷിച്ചത്. തുടർന്ന് മാർച്ച് 18ന് ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ച താരങ്ങൾ 14 ദിവസം വീട്ടിൽ സെൽഫ് ഐസൊലേഷനിൽ ആയിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്കയിൽ ലോക്ക് ഡൗൺ തുടരുന്നത് കൊണ്ട് തന്നെ താരങ്ങൾ തുടർന്നും ഐസൊലേഷനിൽ തന്നെയാവും തുടരുക.