പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെയും കടുത്ത വിമർശനങ്ങളുമായി മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ന്യൂസിലാൻഡിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ ടീമിന്റെ മോശം പ്രകടനത്തെ പറ്റി സംസാരിക്കുകയായിരുന്നു മുൻ പാകിസ്ഥാൻ താരം.
ന്യൂസിലാൻഡിനെതിരായ ആദ്യ ഇന്നിങ്സിൽ 297 റൺസ് എടുത്ത പാകിസ്ഥാൻ തുടർന്ന് ബൗളിങ്ങിൽ പരാജയപ്പെടുന്ന കാഴ്ചയാണ് മത്സരത്തിൽ കണ്ടത്. ഒരു ഘട്ടത്തിൽ ന്യൂസിലാൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിൽ നിന്ന് 6 വിക്കറ്റ് നഷ്ടത്തിൽ 659 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു.
പാകിസ്ഥാൻ ബൗളർമാരുടെ മോശം പ്രകടനവും 7 ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ഫീൽഡർമാരും ന്യൂസിലാൻഡിനു കൂറ്റൻ സ്കോർ സമ്മാനിക്കുകയായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നടപടികൾ ശരാശരി താരങ്ങളെ ടീമിൽ എത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പാകിസ്ഥാൻ ടീമിന്റെ പ്രകടനാവും ശരാശരി ആണെന്നും അക്തർ പറഞ്ഞു.
പാകിസ്ഥാൻ ഏതെല്ലാം സമയത്ത് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നോ, ആ സമയത്ത് എല്ലാം പാകിസ്ഥാൻ ടീമിന്റെ മോശം അവസ്ഥ മറ്റു ടീമുകൾ തുറന്നു കാട്ടുന്നുണ്ടെന്നും സ്കൂൾ കുട്ടികളെ പോലെയുള്ള ടീമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുക്കുന്നതെന്നും അക്തർ പറഞ്ഞു