അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പൂർണ്ണമായും ഇന്ത്യക്കാരുടെ നിയന്ത്രണത്തിലാണെന്നും അതിനാൽ സംഘടന കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ സയീദ് അജ്മൽ. 2026 ജനുവരി 12-ന് കറാച്ചിയിൽ വെച്ച് നടന്ന ചർച്ചയ്ക്കിടെയാണ് മുൻ ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ നയിക്കുന്ന ഐ.സി.സി.ക്കെതിരെ അജ്മൽ ആഞ്ഞടിച്ചത്.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ.) നിഷ്പക്ഷമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ഐ.സി.സി.യെ തടയുകയാണെന്നും ബി.സി.സി.ഐ.യുടെ അധികാരത്തെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഐ.സി.സി. അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പല ടെസ്റ്റ് രാജ്യങ്ങൾക്കും ഇതേ അഭിപ്രായമാണെങ്കിലും ആരും തുറന്നു പറയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
2025-ലെ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചതും ഹൈബ്രിഡ് മോഡൽ കൊണ്ടുവന്നതും ചൂണ്ടിക്കാട്ടിയായിരുന്നു അജ്മലിന്റെ വിമർശനം. പാകിസ്ഥാൻ തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കാൻ തയ്യാറാകുമ്പോഴും ഇന്ത്യ പാകിസ്ഥാനുമായി കളിക്കാത്തതിന് യുക്തിസഹമായ കാരണങ്ങളൊന്നുമില്ലെന്നും ഐ.സി.സി. ഇക്കാര്യത്തിൽ നിസ്സഹായരാണെന്നും അദ്ദേഹം ആവർത്തിച്ചു.









