വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുവാനുള്ള ചുമതലയുമായി മുന്നോട്ട് വന്ന അജിങ്ക്യ രഹാനെ ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തന്റെ മികച്ച ഇന്നിംഗ്സുകളില്‍ ഒന്നായി മെല്‍ബേണില്‍ താന്‍ നേടിയ ശതകത്തെ മാറ്റുവാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നു. 223 പന്തുകള്‍ നേരിട്ട രഹാനെ മെല്‍ബേണില്‍ 112 റണ്‍സാണ് നേടിയത്.
ഒരു ഘട്ടത്തില്‍ 64/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ രഹാനെയും ജഡേജയും ചേര്‍ന്നാണ് പിന്നീട് മുന്നോട്ട് നയിച്ചത്. തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാല്‍ ഇതല്ല, ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയതായിരുന്നുവെന്നാണ് രഹാനെയുടെ മറുപടി.
2014ലാണ് രഹാനെ ലോര്‍ഡ്സില്‍ ശതകം നേടിയത്. ലോര്‍ഡ്സില്‍ മറ്റു താരങ്ങളെല്ലാം ബാറ്റ് ചെയ്യുവാന്‍ പ്രയാസപ്പെട്ടപ്പോള്‍ താരം 103 റണ്‍സ് നേടുകയായിരുന്നു. 28 വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യ ലോര്‍ഡ്സില്‍ ഒരു വിജയം നേടുന്നത്. പെര്‍ത്തില്‍ 2008ല്‍ വിജയിച്ച ശേഷം ഇതാദ്യമായിട്ടായിരുന്നു പ്രാധാന്യമുള്ള ഒരു വിജയം ഇന്ത്യ വിദേശ മണ്ണില്‍ നേടിയത്.