നിലവില്‍ ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനം ഏറെ കാലമായി കൈയ്യാളുന്ന ഇംഗ്ലണ്ടിനെ നേരിയ സമയത്തേക്ക് ലോകകപ്പിനിടയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുവാന്‍ ഇന്ത്യയ്ക്കായെങ്കിലും ഇന്ത്യയെ കീഴടക്കിയ ഇംഗ്ലണ്ട് പിന്നീട് ലോകകപ്പ് നേടി ഐസിസി റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി പോരുകയായിരുന്നു. കഴിഞ്ഞ കുറേ നാളായി മികച്ച ക്രിക്കറ്റാണ് ഇന്ത്യ കളിയ്ക്കുന്നത്. ലോക ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന ക്രിക്കറ്റ് കളിയ്ക്കുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യയെന്ന് നായകന്‍ വിരാട് കോഹ്‍ലി കൂട്ടിചേര്‍ത്തു.
ഈ സ്ഥിരത നിലനിര്‍ത്തുന്നതിനൊപ്പം തന്നെ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നതെന്നും കോഹ്‍ലി വ്യക്തമാക്കി. കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയില്‍ രണ്ട് ഏകദിന പരമ്പരകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായിട്ടുള്ളത്. 2018ല്‍ ഇംഗ്ലണ്ടില്‍ വെച്ച് ഇംഗ്ലണ്ടിനോടും 2019 മാര്‍ച്ചില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് നിന്ന ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയില്‍ വെച്ചുമായിരുന്നു ഈ പരാജയങ്ങള്‍.
വിന്‍ഡീസിനെതിരെ അനുകൂല ഫലങ്ങളാണ് ടീം ലക്ഷ്യം വയ്ക്കുന്നതെങ്കിലും വിന്‍ഡീസിന്റെ ഏകദിന ടീം കൂടുതല്‍ കരുത്തരാണെന്ന് കോഹ്‍ലി വ്യക്തമാക്കി. അതിനാല്‍ തന്നെ കൂടുതല്‍ ശ്രമകരമായ കാര്യമാണ് ഏകദിന പരമ്പര വിജയിക്കുകയെന്നും കോഹ്‍ലി സൂചിപ്പിച്ചു.