അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം രണ്ട് ദിവസത്തില്‍ അവസാനിക്കുകയായിരുന്നു. ഈ പിച്ചിനെ ഐസിസി ശരാശരിയെന്നാണ് വിലയിരുത്തിയത്. ഇതേ ഗ്രൗണ്ടില്‍ നടന്ന നാലാം ടെസ്റ്റിന്റെ പിച്ച് നല്ലതെന്നും വിലയിരുത്തപ്പെട്ടു. നാലാം ടെസ്റ്റ് മൂന്ന് ദിവസത്തിലാണ് അവസാനിച്ചത്.
ശരാശരിയില്‍ താഴെയോ മോശമെന്നോ വിലയിരുത്തപ്പെട്ടാല്‍ മാത്രമേ പിച്ച് നിര്‍മ്മിച്ച ഹോം ടീമിനെതിരെ നടപടി വരികയുള്ളുവെന്നതിനാല്‍ തന്നെ ശിക്ഷ നടപടിയില്ലാതെ ബിസിസിഐയും ടീം ഇന്ത്യയും രക്ഷപ്പെടുകയായിരുന്നു. ശരാശരിയ്ക്ക് താഴെയായിരുന്നു പിച്ചിന്റെ വിലയിരുത്തലെങ്കില്‍ ഡീമെറിറ്റ് പോയിന്റ് ഇന്ത്യയ്ക്ക് ലഭിച്ചേനെ.
ക്രിക്കറ്റ് പണ്ഡിതന്മാര്‍ പ്രത്യേകിച്ച് മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ പിച്ചിനെ നിശിതമായി വിമര്‍ശിച്ചപ്പോള്‍ ഇംഗ്ലണ്ട് ടീം ഔദ്യോഗികമായി പരാതി നല്‍കുവാന്‍ മുതിരാതെ ഐസിസി എന്ത് വേണമെന്ന് തീരുമാനിക്കട്ടേ എന്ന നിലപാടിലായിരുന്നു. മാച്ച് റഫറിയും മാച്ച് ഒഫീഷ്യലുകളും ചേര്‍ന്നാണ് പിച്ച് റേറ്റിംഗ് നല്‍കുന്നത്.
ഇപ്പോളത്തെ സാഹചര്യത്തില്‍ ന്യൂട്രല്‍ അമ്പയര്‍മാര്‍ സാധ്യമല്ലാത്തതിനാല്‍ തന്നെ ഇന്ത്യക്കാരായിരുന്നു ഈ സ്ഥാനങ്ങളില്ലെല്ലാം. പിങ്ക് ബോള്‍ ടെസ്റ്റുകള്‍ അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്നത് അപൂര്‍വ്വമാണെന്നതും പിച്ചിന്റെ റേറ്റിംഗിന്റെ കാര്യത്തില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.