എം എസ് കെ പ്രസാദിനു പകരക്കാരനായി ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി ആര് എത്തും എന്നതിനുള്ള ഉത്തരം ഉടനെ ബി സി സി ഐ കണ്ടെത്തും. ചീഫ് സെലക്ടറാവാനായി നാലു പേരെ ബി സി സി ഐ ഷോർട്ട് ലിസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ ഇന്ത്യൻ ബൗളർ അജിത് അഗാർക്കർ ആണ് സാധ്യതാ ലിസ്റ്റിൽ മുന്നിൽ ഉള്ളത്. അഗാർക്കറിനെ കൂടാതെ വെങ്കിടേഷ് പ്രസാദ്, ലക്ഷ്മൺ ശിവരാമകൃഷണൻ, രാജേഷ് ചൗഹാൻ എന്നിവരാണ് ലിസ്റ്റിൽ ഉള്ളത്.
ഇവർ നാലു പേരെയും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ഇന്റർവ്യൂ ചെയ്യും. മദൻ ലാൽ, റുദ്ര പ്രതാപ്, സുലക്ഷന എന്നിവരുടെ ഉപദേശം അനുസരിച്ച് ആകും ബി സി സി ഐ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ഏകദിന പരമ്പരയാകും പുതിയ സെലക്ടറുടെ ആദ്യ ഉത്തരവാദിത്വം. ഫെബ്രുവരി അവസാന വാരത്തോടെ നിയമനം ഉണ്ടാകും എന്നാണ് സൂചനകൾ.