കൊളംബോയിൽ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം നേടി പാക്കിസ്ഥാന്‍. ആദ്യ മത്സരത്തിലെ പോലെ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ ചെറുത്ത് നില്പാണ് അഫ്ഗാനിസ്ഥാന്റെ തോൽവി ഭാരം കുറച്ചത്. 59 റൺസിന്റെ വിജയം ആണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 268/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 48.4 ഓവറിൽ 209 റൺസിന് ഓള്‍ഔട്ട് ആയി. ഒരു ഘട്ടത്തിൽ 97/7 എന്ന നിലയിൽ വീണ അഫ്ഗാനിസ്ഥാനെ മുജീബ് ഉര്‍ റഹ്മാന്‍ വാലറ്റത്തോടൊപ്പം നടത്തിയ ചെറുത്ത് നില്പാണ് 209 റൺസിലേക്ക് എത്തിച്ചത്.
67 റൺസ് നേടിയ മൊഹമ്മദ് റിസ്വാന്‍ പാക് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ 60 റൺസ് നേടിയ ബാബര്‍ അസം 38 റൺസ് നേടിയ അഗ സൽമാന്‍ 30 റൺസ് നേടിയ മൊഹമ്മദ് നവാസ് എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നൈബും ഫരീദ് അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ നിരയിൽ 64 റൺസ് നേടിയ മുജീബ് ഉര്‍ റഹ്മാന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ 37 റൺസ് ഷഹീദുള്ള കമാൽ ആണ് പൊരുതി നിന്ന മറ്റൊരു താരം. റിയാസ് ഹസന്‍ 34 റൺസും നേടി. എട്ടാം വിക്കറ്റിൽ 57 റൺസ് നേടിയ കമാൽ – മുജീബ് ഉര്‍ റഹ്മാന്‍ കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന്റെ തോൽവി ഭാരം കുറച്ചത്.
26 പന്തിൽ നിന്ന് 50 റൺസ് നേടിയ മുജീബ് ഉര്‍ റഹ്മാന്‍ ഏകദിനത്തിൽ അഫ്ഗാനിസ്ഥാന്‍ താരം നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. 37 പന്തിൽ 64 റൺസ് നേടിയ മുജീബ് ഹിറ്റ് വിക്കറ്റായി പുറത്താകുകയായിരുന്നു. 9ാം വിക്കറ്റിൽ 45 റൺസ് നേടിയ മുജീബ് – ഫരീദ് അഹമ്മദ് മാലിക് കൂട്ടുകെട്ടും ലക്ഷ്യം 70 റൺസാക്കി കുറച്ചു.