11 ഓവറായി ചുരുക്കിയ മത്സരത്തിൽ വിജയം കുറിച്ച് അഫ്ഗാനിസ്ഥാന്‍, പരമ്പരയിൽ അയര്‍ലണ്ടിനൊപ്പം

അയര്‍ലണ്ടിനെതിരെ നാലാം ടി20യിൽ വിജയം കുറിച്ച് അഫ്ഗാനിസ്ഥാന്‍. മഴ കാരണം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 132/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ട് 11 ഓവറിൽ 105 റൺസിന് ഓള്‍ഔട്ട് ആയി. 27 റൺസ് വിജയത്തോടെ പരമ്പരയിൽ 2-2 എന്ന നിലയിൽ അയര്‍ലണ്ടിന് ഒപ്പമെത്തുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അഫ്ഗാനിസ്ഥാന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

10 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ റഷീദ് ഖാന്റെ പ്രകടനം ആണ് അഫ്ഗാന്‍ ബാറ്റിംഗില്‍ വേറിട്ട് നിന്നത്. നജീബുള്ള സദ്രാന്‍ 24 പന്തിൽ 50 റൺസും നേടി. റഹ്മാനുള്ള ഗുര്‍ബാസ് 13 പന്തിൽ 24 റൺസുമായി നിര്‍ണ്ണായക സംഭാവന നൽകി.

ഒരു ഘട്ടത്തിൽ 76/5 എന്ന നിലയിൽ നിന്നാണ് അഫ്ഗാനിസ്ഥാന്‍ മികച്ച സ്കോറിലേക്ക് ഉയര്‍ന്നത്. അയര്‍ലണ്ടിനായി ഗാരെത്ത് ഡെലാനി 3 വിക്കറ്റ് നേടി.

27 പന്തിൽ 41 റൺസ് നേടിയ ജോര്‍ജ്ജ് ഡോക്രെല്ലും 9 പന്തിൽ 20 റൺസ് നേടി പോള്‍ സ്റ്റിര്‍ലിംഗും മാത്രമാണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. മൂന്ന് താരങ്ങള്‍ പൂജ്യത്തിന് പുറത്തായതും ടീമിന് തിരിച്ചടിയായി.

അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് അഹമ്മദ് മാലിക് മൂന്ന് വിക്കറ്റും റഷീദ് ഖാന്‍ 2 വിക്കറ്റും നേടി.

 

Story Highlights: All round Rashid Khan helps Afghanistan level series against Ireland.