ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരുടെ ശൈലി മാറ്റിയത് മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമാണെന്ന് കേരള താരം സഞ്ജു സാംസൺ. ഇവർക്ക് മുൻപ് വിക്കറ്റ് കീപ്പർ 20-30 റൺസ് എടുക്കുന്ന ബാറ്റ്സ്മാൻമാരായിട്ടാണ് പരിഗണിച്ചതെന്നും എന്നാൽ ഇവർക്ക് ശേഷം വന്ന വിക്കറ്റ് കീപ്പർ മികച്ച ബാറ്റ്സ്മാൻമാർ ആയിരുന്നെന്നും സഞ്ജു സാംസൺ പറഞ്ഞു.
നിലവിൽ ലോക ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാർ എല്ലാം മികച്ച ബാറ്റ്സ്മാൻമാർ ആണെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. ബാറ്റിംഗ് ഓർഡറിൽ വിക്കറ്റ് കീപ്പർമാർ മുൻപിലേക്ക് വന്നത് ആദം ഗിൽക്രിസ്റ്റിന്റെ പ്രകടനത്തിന് ശേഷമാണെന്നും മധ്യ നിരയിൽ വിക്കറ്റ് കീപ്പർമാർക്ക് പ്രാധാന്യം വന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ മികച്ച പ്രകടനത്തിന് ശേഷമാണെന്നും സഞ്ജു സാംസൺ പറഞ്ഞു.
ഇപ്പോൾ എല്ലാ ടീമിലും മികച്ച ബാറ്റിങ്ങുള്ള വിക്കറ്റ് കീപ്പർമാരെ ഉൾപെടുത്താറുണ്ടെന്നും ഇത് ഒരു സ്‌പെഷലിസ്റ്റ് ബാറ്സ്മാനെയോ ഒരു ഓൾ റൗണ്ടറെയോ ടീമിൽ അധികമായി ഉൾപെടുത്താൻ ടീമുകൾക്ക് കഴിയുമെന്നും സഞ്ജു സാംസൺ പറഞ്ഞു. സമ്മർദ്ദ ഘട്ടങ്ങളിൽ മഹേന്ദ്ര സിങ് ധോണിയുടെ ക്ഷമയും ശ്രദ്ധയും തന്റെ കളിയിലും കൊണ്ട്വരാൻ ശ്രമിക്കുന്നുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.