വനിതാവിഭാഗത്തിൽ ടൂർ ഫൈനലിൽ കിരീടം ഉയർത്തി ഓസ്‌ട്രേലിയൻ താരം ആഷ്ലി ബാർട്ടി. ഒന്നാം സീഡ് ആയ ബാർട്ടി നിലവിലെ ജേതാവും എട്ടാം സീഡുമായ ഉക്രൈൻ താരം എലീന സ്വിവിറ്റോലീനയെ മറികടന്നാണ് കിരീടം ഉയർത്തിയത്. പരാജയം അറിയാതെ രണ്ടാമത്തെ തുടർച്ചയായ കിരീടം ലക്ഷ്യമിട്ട സ്വിവിറ്റോലീനയെ കാത്തിരുന്നത് ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയിരുന്നു. എന്നാൽ കഴിഞ്ഞ 5 തവണയും നേരിട്ടപ്പോൾ പരാജയം നേരിട്ട ബാർട്ടി പക്ഷെ ഇത്തവണ വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു.
ആദ്യ സെറ്റ് മുതൽ തന്നെ ആധിപത്യം പിടിച്ച ബാർട്ടി സെറ്റ് 6-4 നു നേടി മുൻതൂക്കം സ്വന്തമാക്കി. രണ്ടാം സെറ്റിലും തന്റെ മികവ് തുടർന്ന ബാർട്ടി 6-3 നു ആ സെറ്റും നേടി മത്സരം സ്വന്തമാക്കി. മുമ്പ് ക്രിക്കറ്റിലും ഒരു കൈ നോക്കിയ ചരിത്രമുള്ള ബാർട്ടി ഈ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടവും നേടിയിരുന്നു. 2019 ൽ 4 കിരീടം നേടിയ ബാർട്ടി ലോക ഒന്നാം നമ്പർ സ്ഥാനവും നിലനിർത്തി. 1976 നു ശേഷം ടൂർ ഫൈനൽ ജയിക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമായ ബാർട്ടി ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആണ് ജയത്തോടെ സ്വന്തമാക്കിയത്. നിരവധി താരങ്ങൾ പരിക്ക് മൂലം പിന്മാറിയ ടൂർണമെന്റ് വനിത വിഭാഗം ടെന്നീസിലെ പ്രവചനാതീത ഒരിക്കൽ കൂടി വ്യക്തമാക്കിയത് കൂടിയായി.