ഇന്ത്യ ലോകം കീഴടക്കിയിട്ട് ഒമ്പത് വർഷം

ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് ജയത്തിന് ഇന്ന് 9 വർഷം. 2011 ഏപ്രിൽ 2ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ സിക്സിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഏകദിന ലോകകപ്പ് കിരീടം നേടിയത്. 1983ൽ ലോകകപ്പ് നേടിയതിന് ശേഷം 28 വർഷം കാത്തിരുന്നാണ് ഇന്ത്യക്ക് രണ്ടാം ലോകകപ്പ് കിരീടം ലഭിച്ചത്.

ഫൈനലിൽ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മഹേള ജയവർധനയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 274 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് 31 റൺസ് എടുക്കുന്നതിനിടെ സച്ചിൻ ടെണ്ടുൽക്കറുടെയും വിരേന്ദർ സെവാഗിന്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെയും മികച്ച പ്രകടനങ്ങൾ ഇന്ത്യക്ക് കിരീടം നേടി കൊടുക്കുകയായിരുന്നു.

ഗംഭീർ 97 റൺസ് എടുത്ത് പുറത്തായപ്പോൾ പുറത്താവാതെ 79 പന്തിൽ നിന്ന് 91 റൺസ് എടുത്ത ധോണിയും 21 റൺസ് എടുത്ത യുവരാജ് സിംഗും ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. പന്ത് പന്തുകൾ ബാക്കി നിൽക്കെ ധോണി നേടിയ സ്കസിലൂടെ ഇന്ത്യ തങ്ങളുടെ രണ്ടാം ഏകദിന കിരീടം നേടിയത്. ഇന്ത്യൻ സൂപ്പർ താരം സച്ചിൻ ടെണ്ടുൽക്കർക്ക് ഏകദിന ലോകകപ്പ് കിരീടം എന്ന സ്വപ്നവും ഇതോടെ സഫലമാവുകയും ചെയ്തു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം യുവരാജ് സിംഗ് നേടുകയും ചെയ്തു.

Previous articleസീസൺ പൂർത്തിയാക്കാതെ കിരീടം തന്നാൽ നിരസിക്കും എന്ന് യുവന്റസ്
Next articleസോൾഷ്യാറിന് വേണ്ട സമയം നൽകണം എന്ന് വാൻ പേഴ്സി