ഇന്ത്യയ്ക്കായി ദിനേശ് കാര്‍ത്തിക് അവസാനമായി കളിച്ചത് 2019 ലോകകപ്പിലാണ്. ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസിലാണ്ടിനോട് പരാജയമേറ്റു വാങ്ങിയതിന് ശേഷം താരം പിന്നീട് ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടില്ല. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിൽ താരത്തിന് അവസരം ലഭിയ്ക്കുമോ എന്നത് ഏവരും ഉറ്റുനോക്കുന്ന സാഹചര്യത്തിൽ തന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായതിനെക്കുറിച്ച് ദിനേശ് കാര്‍ത്തിക് പറയുന്നത് ഇപ്രകാരമാണ്.
ലോകകപ്പിലെ മോശം പ്രകടനം തനിക്ക് ഏകദിന ടീമിൽ മാത്രമല്ല ടി20 ടീമിലെയും സ്ഥാനം നഷ്ടമാക്കി എന്നാണ് കാര്‍ത്തിക് പറയുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 14 റൺസാണ് കാര്‍ത്തിക് ലോകകപ്പിൽ നേടിയത്. സെമി ഫൈനലിൽ താരം 25 പന്തിൽ നിന്ന് 6 റൺസാണ് നേടിയത്. തനിക്ക് വരുന്ന ടി20 ലോകകപ്പുകളിൽ കളിക്കാനാകുമന്നാണ് തന്റെ വിശ്വാസമെന്നാണ് കാര്‍ത്തിക് പറയുന്നത്.
ടി20 ഫോര്‍മാറ്റിൽ താൻ മികവ് പുലര്‍ത്തിയിട്ടുണ്ടെന്നും രണ്ട് ടി20 ലോകകപ്പുകൾ അടുത്തടുത്ത് നടക്കാനിരിക്കുന്നതിനാൽ തന്നെ തനിക്ക് വീണ്ടും രാജ്യത്തിനായി കളിക്കാനാകുമെന്നാണ് കരുതുന്നതെന്നും കാര്‍ത്തിക് വ്യക്തമാക്കി. ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വരെ താൻ ടി20 ഫോര്‍മാറ്റിൽ ഇന്ത്യയ്ക്കായി മികവ് പുലര്‍ത്തിയിരുന്നുവെന്നും ലോകകപ്പിലെ മോശം പ്രകടനം മാത്രമാണ് തനിക്ക് തിരിച്ചടിയായതെന്നും കാര്‍ത്തിക് വ്യക്തമാക്കി.
2018 നിദാഹസ് ട്രോഫിയിൽ 8 പന്തിൽ 29 റൺസ് നേടി ബംഗ്ലാദേശിനെതിരെ ഫൈനൽ വിജയം ഉറപ്പാക്കിയ കാര്‍ത്തിക് അന്ന് അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടപ്പോൾ സൗമ്യ സര്‍ക്കാരിനെ സിക്സര്‍ പറത്തിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.