പാകിസ്ഥാൻ സൂപ്പർ ലീഗിൽ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ മുൻ പാകിസ്ഥാൻ താരം നസീർ ജംഷാദിനെ 17 മാസത്തെ ജയിൽ ശിക്ഷ. ദുബൈയിൽ വെച്ച് നടന്ന ഇസ്ലാമബാദ് യുണൈറ്റഡ് – പെഷവാർ സെൽമി മത്സരത്തിൽ മോശം പ്രകടനം നടത്താൻ താരങ്ങളെ സമീപിച്ചു എന്നതായിരുന്നു താരത്തിനെതിരെയുള്ള കുറ്റം. പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിൽ ഇസ്ലാമബാദിന്റെ ആദ്യ രണ്ട് പന്തുകളിൽ റൺസ് ഒന്നും എടുക്കാതിരിക്കാൻ ഷാർജീൽ ഖാനെ നസീം ജംഷാദ് സമീപിച്ചിരുന്നു. തുടർന്ന് ഷാർജീൽ ഖാനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 5 വർഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.
നസീർ ജംഷാദിനെ കൂടാതെ ബ്രിട്ടീഷ് പൗരന്മാരായ യൂസഫ് അൻവർ, മുഹമ്മദ് ഇജാസ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് മാഞ്ചസ്റ്റർ കോടതി ഇവർക്കെതിരെ ശിക്ഷ നടപടികൾ പ്രഖ്യാപിച്ചത്. നസീർ ജംഷാദിന് 17 മാസത്തെ തടവ് ശിക്ഷ വിധിച്ച കോടതി യൂസഫ് അൻവറിന് 40 മാസവും മുഹമ്മദ് ഇജാസിന് 30 മാസവും തടവ് ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 2018ൽ വാതുവെപ്പിന്റെ പേരിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നസീർ ജംഷാദിനെ 10 വർഷത്തേക്ക് വിലക്കിയിരുന്നു. പാകിസ്ഥാന് വേണ്ടി 48 ഏകദിന മത്സരങ്ങളും 18 ടി20 മത്സരങ്ങളും 2 റെസുകളും കളിച്ച താരമാണ് നസീർ ജംഷാദ്.