പാകിസ്ഥാനിൽ ചെന്ന് ഇർഫാൻ പത്താൻ എന്ന 21 വയസുകാരൻ നടത്തിയ ഹീറോയിസത്തിനു ഇന്ന് 13 വയസ്. കറാച്ചിയിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ആദ്യ ഓവറിൽ തന്നെ ഇർഫാൻ നിറഞ്ഞാടി. ഇർഫാൻ പത്താൻ നേടിയ ഹാട്രിക്കിനു ഇന്ന് 13 വയസ് തികയുകയാണ്.
ആദ്യ ഓവർ നേരിട്ട സൽമാൻ ബട്ടിനെ നാലാം പന്തിൽ ദ്രാവിഡിന്റെ കൈയിൽ എത്തിച്ചു, അഞ്ചാം പന്തിൽ യൂനിസ് ഖാനെ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ അവസാന പന്തിൽ മുഹമ്മദ് യൂസുഫിനെ ക്ളീൻ ബൗൾഡ് ആക്കി ഹാട്രിക് തികച്ചു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഹാട്രിക് ആയിരുന്നു ഇത്. അതിനു ശേഷം ഇതുവരെ ഒരു താരത്തിനും ഇന്ത്യൻ ടീമിന് വേണ്ടി ഹാട്രിക് നേടാൻ കഴിഞ്ഞിട്ടില്ല.
ഇർഫാൻ പത്താൻ കൂട്ട തകർച്ചയിലേക്ക് തള്ളിവിട്ടെങ്കിലും കമ്രാൻ അക്മൽ നേടിയ സെഞ്ച്വറിയുടെ മികവിൽ പാകിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 245 റൺസ് നേടി. പക്ഷെ ഇന്ത്യൻ ബാറ്റിങ് തകർന്നടിഞ്ഞ മത്സരത്തിൽ പാകിസ്ഥാൻ 341 റൺസിന് വിജയം കണ്ടു.