നാളെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്ന പൃഥ്വി ഷാ തനിക്ക് അല്പം പരിഭ്രമമുണ്ടെന്ന് തുറന്നു സമ്മതിച്ചു. എന്നാല്‍ ഏറെ അഭിമാനം തോന്നുന്ന നിമിഷമാണ് ഇതെന്നും താരം കൂട്ടിചേര്‍ത്തു. മത്സരത്തിന്റെ തലേ ദിവസം വിരാട് കോഹ്‍ലിയ്ക്കും രവി ശാസ്ത്രിയ്ക്കുമൊപ്പം പത്ര മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ് പൃഥ്വി ഷാ ഇത് പറഞ്ഞത്.
ഇന്ത്യ ഇന്ന് തങ്ങളുടെ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വി ഷായുടെ പേര് അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ സ്ക്വാഡില്‍ താരത്തിനെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത മഹാപ്രതിഭയെന്നാണ് താരത്തിനെ ഏവരും വിശേഷിപ്പിക്കുന്നത്.
ഇന്ത്യ എ യ്ക്കായി ഇംഗ്ലണ്ടില്‍ ശതകം നേടിയിട്ടുള്ള താരം ഐസിസി അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കും ടീമിനെ നയിച്ചു. അല്പം പരിഭ്രാന്തിയുണ്ട് എന്നത് സത്യമാണ്, എന്നാല്‍ ഡ്രെസ്സിംഗ് റൂമിലെത്തിയപ്പോള്‍ സീനിയര്‍ ജൂനിയര്‍ എന്ന വ്യത്യാസമില്ലാത്തതിനാല്‍ ഇപ്പോള്‍ വളരെ ആത്മവിശ്വാസം തനിക്ക് തോന്നുന്നുണ്ടെന്നും പൃഥ്വി ഷാ അഭിപ്രായപ്പെട്ടു.