മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയെയും മഹേന്ദ്ര സിംഗ് ധോണിയേയും പരസ്പരം താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇരു താരങ്ങളെയും പരസ്പരം താരതമ്യം ചെയ്ത് രംഗത്ത് വന്നിരുന്നു.
സൗരവ് ഗാംഗുലി ഇന്ത്യൻ ടീമിന് നൽകിയതുപോലെയുള്ള താരങ്ങളെ മഹേന്ദ്ര സിംഗ് ധോണി നൽകിയില്ലെന്നും ഗംഭീർ പറഞ്ഞിരുന്നു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരെ മാത്രമാണ് ധോണി ഇന്ത്യൻ ടീമിൽ ഉയർത്തികൊണ്ടുവന്നതെന്നും ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ ഗൗതം ഗംഭീറിന്റെ വാദം ശരിയല്ലെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.
സുരേഷ് റെയ്ന, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ, ശിഖർ ധവാൻ, അജിങ്കെ രഹാനെ, ഹർദിക് പാണ്ട്യ, ചഹാൽ എന്നിവരെയെല്ലാം ധോണിക്ക് കീഴിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. ധോണി വളരെ മികച്ച ക്യാപ്റ്റൻ ആണെന്നും ടീമിന്റെ പരിവർത്തനം എളുപ്പമല്ലെന്നും അത് ധോണി വളരെ മനോഹരമായ രീതിയിൽ ചെയ്തിട്ടുണ്ടെന്നും ചോപ്ര പറഞ്ഞു. അതെ സമയം സൗരവ് ഗാംഗുലിയാണ് ഇന്ത്യയെ ജയിക്കുന്ന ഒരു ടീമായി വളർത്തിയെടുത്തതെന്ന ഗംഭീറിന്റെ അഭിപ്രായത്തെ ആകാശ് ചോപ്ര അനുകൂലിച്ചു.