സുരക്ഷയില്ലാത്ത ഇന്ത്യയിൽ പര്യടനം നടത്താൻ ഐസിസി ടീമുകളെ അനുവദിക്കരുതെന്ന് മിയാൻദാദ്

സുരക്ഷാ പ്രശ്നങ്ങൾ ഉള്ള ഇന്ത്യയിൽ പര്യടനം നടത്താൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ മറ്റു ടീമുകളെ അനുവദിക്കരുതെന്ന ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദ്. ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ മറ്റു ടീമുകൾ പര്യടനം നടത്തുന്നത് തടയണമെന്ന ആവശ്യം മിയാൻദാദ് ഉന്നയിച്ചത്.

നേരത്തെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്‌സാൻ മാനിയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിൽ അല്ല ഇന്ത്യയിലാണ് ടൂറിസ്റ്റുകൾക്കും മറ്റും സുരക്ഷാ ഭീഷണി ഉള്ളതെന്നും മിയാൻദാദ് പറഞ്ഞു. ഒരു വ്യക്തി എന്ന നിലയിലും ഒരു സ്പോർട്സ് താരം എന്ന നിലയിലും ഞമ്മൾ എല്ലാം ഇതിനെതിരെ പ്രതികരിക്കണമെന്നും മിയാൻദാദ് പറഞ്ഞു.

“ലോകം മുഴുവൻ ഇന്ത്യയിൽ നടക്കുന്നത് കാണുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ഞാൻ പാകിസ്ഥാനിൽ ഉള്ള എല്ലാവർക്കും വേണ്ടി പറയുകയാണ്. ഇന്ത്യയുമായുള്ള എല്ലാ കായിക ബന്ധങ്ങളും അവസാനിപ്പിക്കണം. എല്ലാ രാജ്യങ്ങളും ഇന്ത്യക്കെതിരെ നടപടിയെടുക്കണം” മിയാൻദാദ് പറഞ്ഞു.

ബോക്സിങ് ഡേ ടെസ്റ്റിൽ ആധിപത്യമുറപ്പിച്ച് ഓസ്ട്രേലിയ

ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി ആവസാനിക്കുമ്പോൾ ഓസ്‌ട്രേലിയൻ ആധിപത്യം. ആദ്യ ഇന്നങ്സിൽ 467 റൺസിന് ഓൾഔട്ടായ ഓസ്ട്രലിയ 44 റൺസ് എടുക്കുന്നതിനിടെ രണ്ട് ന്യൂസിലാൻഡ് വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിൽ ഡ്രൈവിംഗ് സീറ്റിലാണ്. നിലവിൽ ഓസ്ട്രേലിയയെക്കാൾ 423  റൺസ് പിറകിലാണ് ന്യൂസിലാൻഡ്.

15 റൺസ് എടുത്ത ബ്ലണ്ടൽ കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങിയപ്പോൾ 9 റൺസ് എടുത്ത ക്യാപ്റ്റൻ വില്യംസണിന്റെ വിക്കറ്റ് പാറ്റിൻസൺ വീഴ്ത്തുകയായിരുന്നു.

നേരത്തെ 114 റൺസ് നേടിയ ട്രാവിസ് ഹെഡിന്റെയും 85 റൺസ് എടുത്ത സ്റ്റീവ് സ്മിത്തിന്റേയും 79 റൺസ് എടുത്ത ടിം പെയ്‌നിന്റെയും ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 467 റൺസ് എടുത്തത്. ന്യൂസിലാൻഡിന് വേണ്ടി വാഗ്നർ നാല് വിക്കറ്റും സൗത്തീ മൂന്ന് വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫിയിൽ റെയിൽവേസിനെതിരെ മുംബൈക്ക് ഞെട്ടിക്കുന്ന തോൽവി

രഞ്ജി ട്രോഫിയിൽ മുംബൈക്ക് ഞെട്ടിക്കുന്ന തോൽവി. റെയിൽവേസ് ആണ് കരുത്തരായ മമുംബൈയെ 10 വിക്കറ്റിന് തോൽപ്പിച്ചത്. ജയത്തോടെ രഞ്ജി ട്രോഫിയിൽ വിലപ്പെട്ട 7 പോയിന്റ് സ്വന്തമാക്കാനും റെയിൽവേസിനായി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 114 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. 6 വിക്കറ്റ് എടുത്ത പ്രദീപിന്റെ പ്രകടനമാണ് മുംബൈയുടെ തകർച്ചക്ക് വഴി ഒരുക്കിയത്. തുടർന്ന് ബാറ്റ് ചെയ്ത റെയിൽവേസ് ക്യാപ്റ്റൻ കാൻ ശർമ്മയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ 266 റൺസ് എടുക്കുകയായിരുന്നു. തുടർന്ന് കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ രണ്ടാം ഇന്നിങ്സിൽ 198 റൺസിന് ഓൾ ഔട്ട് ആയി. തുടർന്ന് ജയിക്കാൻ ആവശ്യമായ 47 റൺസ് വിക്കറ്റ് ഒന്നും നഷ്ടമാവാതെ റെയിൽവേസ് എടുക്കുകയായിരുന്നു.

 

 

 

ഹിന്ദുവായതുകൊണ്ട് പാകിസ്ഥാൻ താരങ്ങൾ ഡാനിഷ് കനേരിയയോട് മോശമായി പെരുമാറിയെന്ന് ഷൊഹൈബ് അക്തർ

ഹിന്ദുവായത് കൊണ്ട് പാകിസ്ഥാൻ താരമായിരുന്ന ഡാനിഷ് കനേരിയയോട് മറ്റു പാകിസ്ഥാൻ താരങ്ങൾ മോശമായാണ് പെരുമാറിയെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. താരത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോലും പല താരങ്ങളും വിസമ്മതിച്ചിരുന്നതായി ഷൊഹൈബ് അക്തർ വെളിപ്പെടുത്തി.

ഷൊഹൈബ് അക്തറുടെ വെളിപ്പെടുത്തലിന് പിന്നാലെ ഈ സംഭവങ്ങൾ എല്ലാം സത്യമാണെന്ന് ഡാനിഷ് കനേരിയ പ്രതികരിച്ചു. അന്ന് തനിക്ക് ഇതിനെതിരെ പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നും ഹിന്ദു ആയതുകൊണ്ട് മാത്രം തന്നോട് സംസാരിക്കാതിരുന്ന താരങ്ങളുടെ പേരുകൾ താൻ വെളിപ്പെടുത്തുമെന്നും താരം പറഞ്ഞു.

ഷൊഹൈബ് അക്തറും ഇൻസമമുൽ ഹഖും മുഹമ്മദ് യൂസഫും യൂനിസ് ഖാനും തന്നെ ഇപ്പോഴും പിന്തുണച്ചിരുന്നുവെന്നും കനേരിയ വെളിപ്പെടുത്തി. 62 ടെസ്റ്റ് മത്സരങ്ങൾ പാകിസ്ഥാന് വേണ്ടി കളിച്ച കനേരിയ 261 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന രണ്ടാമത്തെ ഹിന്ദു മത വിശ്വാസിയാണ് ഡാനിഷ് കനേരിയ.

ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ശക്തമായ നിലയിൽ

ന്യൂസിലാൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ശക്തമായ നിലയിൽ. നിലവിൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് എടുത്തിട്ടുണ്ട്. രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ 85 റൺസ് എടുത്ത സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

വാഗ്നറുടെ പന്തിൽ നിക്കോളാസ് മനോഹരമായ ഒരു ക്യാച്ചിലൂടെയാണ് സ്മിത്തിനെ പുറത്താക്കിയത്. നിലവിൽ 57 റൺസ് എടുത്ത ട്രാവിസ് ഹെഡും 33 റൺസ് എടുത്ത ടിം പെയ്‌നുമാണ് ക്രീസിൽ ഉള്ളത്. ടെസ്റ്റിന്റെ ഒന്നാം ദിവസം 63 റൺസ് എടുത്ത ലബുഷെയിനും 41 റൺസ് എടുത്ത ഡേവിഡ് വാർണറും 38 റൺസ് മാത്യു വാഡേയും ഓസ്ട്രേലിയയുടെ സ്കോർ ഉയർത്തിയത്.

ലിവർപൂൾ പടയോട്ടം തുടരുന്നു, ഇത്തവണ മുട്ടുമടക്കിയത് ലെസ്റ്റർ

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയെയും തോൽപ്പിച്ച് ലിവർപൂൾ പ്രീമിയർ ലീഗിൽ തങ്ങളുടെ പടയോട്ടം തുടരുന്നു. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ലിവർപൂൾ ലെസ്റ്ററിന്റെ ഗ്രൗണ്ടിൽ ജയം സ്വന്തമാക്കിയത്. ഇതോടെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് 13 പോയിന്റിന്റെ വ്യക്തമായ ലീഡ് നിലനിർത്തതും അവർക്കായി. ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ലിവർപൂളിനെ തങ്ങളുടെ കന്നി പ്രീമിയർ ലീഗ് കിരീടം നേടുന്നതിൽ നിന്ന് തടയാനാവു.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനം പുറത്തെടുത്താണ് രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയെ ലിവർപൂൾ അനായാസം പരാജയപ്പെടുത്തിയത്. ലിവർപൂളിന് വേണ്ടി ഇരട്ട ഗോളുകൾ നേടിയ ഫിർമിനോയും കളം നിറഞ്ഞു കളിച്ച അലക്സാണ്ടർ അർണോൾഡുമാണ് അവരുടെ ജയം അനായാസമാക്കിയത്. പെനാൽറ്റിയിലൂടെ ജെയിംസ് മിൽനറും അവസാന മിനിറ്റുകളിൽ അലക്സാണ്ടർ അർണോൾഡുമാണ് ലിവർപൂളിന്റെ മറ്റുഗോളുകൾ നേടിയത്.

150 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായി ആൻഡേഴ്സൺ

ടെസ്റ്റ് ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ ഇറങ്ങിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 135 മത്സരങ്ങൾ കളിച്ച മറ്റൊരു ഇംഗ്ലണ്ട് താരമായ സ്റ്റുവർട്ട് ബ്രോഡ് ആണ് ഫാസ്റ്റ് ബൗളർമാരിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചവരിൽ രണ്ടാം രണ്ടാം സ്ഥാനത്ത് ഉള്ളത്.

ദീർഘ കാലത്തെ പരിക്കിന് ശേഷമാണ് ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ ഇറങ്ങിയ ആൻഡേഴ്സൺ നാല് ഓവർ ബൗൾ ചെയ്തതിന് ശേഷം പരിക്ക് മൂലം മത്സരം പൂർത്തിയാക്കിയിരുന്നില്ല. തുടർന്ന് ഇന്നാണ് ആൻഡേഴ്സൺ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്.  മത്സരത്തിലെ ആദ്യ ബൗളിൽ തന്നെ ഡീൻ എൻഗറുടെ വിക്കറ്റ് ജെയിംസ് ആൻഡേഴ്സൺ വീഴ്ത്തുകയും ചെയ്തിരുന്നു.

വംശീയ അധിക്ഷേപത്തിനെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് വില്യൻ

ഫുട്ബോളിലെ വംശീയ അധിക്ഷേപത്തിനെതിരെ കടുത്ത നടപടികൾ ആവശ്യപ്പെട്ട് ചെൽസി താരം വില്യൻ. കഴിഞ്ഞ ദിവസം ടോട്ടൻഹാമും ചെൽസിയും തമ്മിലുള്ള മത്സരത്തിനിടെ ചെൽസി താരം റുഡിഗറിനെതിരെ വംശീയ അധിക്ഷേപം ഉണ്ടായിരുന്നു. ടോട്ടൻഹാം ആരാധകരാണ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. തുടർന്നാണ് ഈ വിഷയത്തിൽ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് വില്യൻ രംഗത്തെത്തിയത്.

ഈ സംഭവ വികാസങ്ങൾ വളരെ നാണക്കേട് ഉണ്ടാക്കുന്നതും നിരാശപടർത്തുന്നതുമാണെന്ന് വില്യൻ പറഞ്ഞു. എങ്ങനെയാണ് ആരാധകർക്ക് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയുകയെന്ന് ചോദിച്ച വില്യൻ ടോട്ടൻഹാമിൽ തന്നെ കറുത്ത വർഗക്കാർ കളിക്കുന്നില്ലേ എന്ന ചോദ്യവും ഉന്നയിച്ചു. ഇത്തരത്തിലുള്ള വംശീയ അധിക്ഷേപത്തിനെതിരെ ഫുട്ബോൾ ഫെഡറേഷൻ കൂടുതൽ നടപടികൾ എടുക്കണമെന്നും വില്യൻ പറഞ്ഞു. ഇതേ മത്സരത്തിനിടെ ടോട്ടൻഹാം താരം സോണിനെ വംശീയമായി അധിക്ഷേപിച്ച ചെൽസി ആരാധകനെ അറസ്റ്റ് ചെയ്തിരുന്നു.

ടോട്ടൻഹാമിന്റെ അപ്പീൽ തള്ളി, സോണിന്റെ വിലക്ക് തുടരും

ചെൽസിക്കെതിരായ മത്സരത്തിൽ ടോട്ടൻഹാം താരം സോണിന് ചുവപ്പ് കാർഡ് നൽകിയതിനെതിരെ ക്ലബ് നൽകിയ അപ്പീൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തള്ളി. ചെൽസിക്കെതിരായ മത്സരത്തിൽ ചെൽസി താരം അന്റോണിയോ റുഡിഗറിനെ ചവിട്ടിയതിനാണ് സോണിന് ചുവപ്പ് കാർഡ് നൽകിയത്. VAR പരിശോധിച്ചതിന് ശേഷമാണ് താരത്തിന് ചുവപ്പ് കാർഡ് നൽകാൻ റഫറി തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിൽ തുടരെ തുടരെ മത്സരങ്ങളുള്ള ടോട്ടൻഹാമിന് സോണിന്റെ അഭാവം തിരിച്ചടിയാണ്.

ഇതോടെ പ്രീമിയർ ലീഗിലെ അടുത്ത മൂന്ന് മത്സരങ്ങളിൽ സോണിന് നഷ്ട്ടമാകും. ടോട്ടൻഹാമിന്റെ  ബ്രൈറ്റൻ, നോർവിച്ച്, സൗത്താംപ്ടൺ എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ സോണിന് നഷ്ട്ടമാകും. മത്സരത്തിൽ സോണിന് ചുവപ്പ് കാർഡ് നൽകിയതിനെ വിമർശിച്ച് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിഞ്ഞോ രംഗത്ത് വന്നിരുന്നു. അതെ സമയം റുഡിഗാർക്കെതിരെ മൗറിഞ്ഞോ നടത്തിയ പരാമർശത്തിൽ തനിക്ക് നിരാശയുണ്ടെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പാർഡും പറഞ്ഞിരുന്നു.

സൗരവ് ഗാംഗുലി ഇടപെട്ടു, ബുംറ കേരളത്തിനെതിരെ കളിക്കില്ല

കേരളത്തിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കളിക്കേണ്ടെന്ന് തീരുമാനിച്ച് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. പരിക്ക് മൂലം വിശ്രമത്തിലായിരുന്നു ബുംറ രഞ്ജി ട്രോഫി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ സൗരവ് ഗാംഗുലി ഇടപെട്ട് തീരുമാനം മാറ്റുകയായിരുന്നു.

ഇതോടെ ശ്രീലങ്കക്കെതിരെയുള്ള ടി20 പാരമ്പരയിലാവും താരം പരിക്ക് മാറി ആദ്യമായി കളിക്കുക. നേരത്തെ ഇന്ത്യൻ സെലക്ടർമാർ ബുംറയെ കൊണ്ട് 8ൽ കൂടുതൽ ഓവറുകൾ ഒരു ദിവസം ഏറിയിക്കരുതെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് നടപ്പിലാക്കാൻ കഴിയില്ലെന്ന് വന്നതോടെയാണ് സൗരവ് ഗാംഗുലി ജസ്പ്രീത് ബുംറ രഞ്ജി ട്രോഫി കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ഇനിയും സമയം ഉണ്ടെന്നും ഇപ്പോൾ ബുംറ വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കട്ടെയെന്നാണ് ബി.സി.സി.ഐയുടെ തീരുമാനം എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫെബ്രുവരി 21ന് തുടങ്ങുന്ന ടെസ്റ്റിന് തൊട്ട്മുൻപ് ബുംറ രഞ്ജി ട്രോഫി മത്സരം കളിക്കുമെന്നാണ് നിലവിൽ ബി.സി.സി.ഐ തീരുമാനം.

പാകിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് ഹഫീസിന് ബൗളിങ്ങിൽ നിന്ന് വിലക്ക്

പാകിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് ഹഫീസിന് ബൗളിങ്ങിൽ വിലക്ക് ഏർപ്പെടുത്തി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്.  താരത്തിന്റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെയാണ് താരത്തെ വിലക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ മിഡിൽസെക്സിന്റെ താരമാണ് മുഹമ്മദ് ഹഫീസ്. ഇതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടത്തുന്ന ഒരു മത്സരത്തിലും താരത്തിന് പങ്കെടുക്കാനാവില്ല.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ടി20 ബ്ലാസ്റ്റ് മത്സരത്തിനിടെയാണ് താരത്തിന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് സ്വന്തന്ത്ര സമിതി താരത്തിന്റെ ബൗളിംഗ് പരിശോധിക്കുകയും താരത്തിന്റെ കൈ അനുവദിച്ചിട്ടുള്ള 15 ഡിഗ്രിയെയെക്കാൾ വളയുന്നുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതോടെയാണ് താരത്തിന് വിലക്ക് ഏർപ്പെടുത്താൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.

2019 ലോകകപ്പിൽ പാകിസ്ഥാൻ ടീമിൽ കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് ഹഫീസ്. പാകിസ്ഥാന് വേണ്ടി താരം 218 ഏകദിന മത്സരങ്ങളും 89 ടി20 മത്സരങ്ങളും 55  ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫിയിൽ ബൗളിംഗ് പരിശീലകനെ അധിക്ഷേപിച്ച താരത്തെ പുറത്താക്കി ബംഗാൾ

പരിശീലനത്തിനിടെ ബംഗാൾ രഞ്ജി ട്രോഫി ടീമിന്റെ ബൗളിംഗ് പരിശീലകനെ അധിക്ഷേപിച്ച അശോക് ഡിണ്ട ടീമിൽ നിന്ന് പുറത്ത്. ആന്ധ്ര പ്രാദേശിനെതിരായ മത്സരം ഇന്ന് നടക്കാനിരിക്കെയാണ് താരത്തെ പുറത്താക്കിയത്. ബംഗാൾ ബൗളിംഗ് പരിശീലകൻ റാണദേബ് ബോസിനെയാണ് അശോക് ഡിണ്ട അധിക്ഷേപിച്ചത്.

തുടർന്ന് താരത്തെ ടീമിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. അധിക്ഷേപിച്ചതിന് ശേഷം താരത്തോട് ടീം മാനേജ്‌മന്റ് മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും താരം മാപ്പ് പറയാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് താരത്തെ പുറത്താക്കിയതെന്ന് ബംഗാൾ ക്രിക്കറ്റ് ടീം പരിശീലകൻ അരുൺ ലാൽ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 116 മത്സരങ്ങളിൽ നിന്ന് 420 വിക്കറ്റ് എടുത്ത താരമാണ് ഡിണ്ട.

Exit mobile version