സിംബാബ്‍വേയ്ക്കെതിരെ അനായാസ വിജയവുമായി ശ്രീലങ്ക

ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് അനായാസ വിജയം. 8 വിക്കറ്റിന്റെ വിജയം ആണ് ശ്രീലങ്ക സിംബാബ്‍വേയ്ക്കെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 191/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.4 ഓവറിൽ ശ്രീലങ്ക 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി വിജയം കരസ്ഥമാക്കി.

സിംബാബ്‍വേയ്ക്കായി മരുമാനി 51 റൺസുമായി ടോപ് സ്കോറര്‍‍ ആയപ്പോള്‍ 28 റൺസ് നേടിയ സിക്കന്ദര്‍ റാസയാണ് രണ്ടാമത്തെ ടോപ് സ്കോറര്‍. 11 പന്തിൽ 23 റൺസ് നേടിയ ഷോൺ വില്യംസും 15 പന്തിൽ 26 റൺസ് നേടിയ റയാന്‍ ബര്‍ളും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് അത് മാറ്റുവാന്‍ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി. ശ്രീലങ്കയ്ക്കായി ദുഷന്‍ ഹേമന്ത മൂന്നും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റും നേടി.

ശ്രീലങ്കയ്ക്കായി പുറത്താകാതെ 43 പന്തിൽ 73 റൺസ് നേടിയ കമിൽ മിഷാര ടോപ് സ്കോറര്‍ ആയപ്പോള്‍ കുശൽ പെരേര 26 പന്തിൽ 46 റൺസും നേടി പുറത്താകാതെ നിന്നു. പതും നിസ്സങ്ക 33 റൺസും കുശൽ മെന്‍ഡിസ് 30 റൺസും നേടി.

കെസിഎൽ ഫൈനൽ നാളെ, കൊച്ചിയും കൊല്ലവും നേർക്കുനേർ

കെസിഎൽ ഫൈനൽ പോരാട്ടം നാളെ. കൊച്ചി ബ്ലൂ ടൈഗേഴ്സും കൊല്ലം സെയിലേഴ്സുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30നാണ് മല്സരം.

കളിച്ച പത്ത് മല്സരങ്ങളിൽ എട്ടും ജയിച്ചായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്സ് സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ കാലിക്കറ്റിനെതിരെ 15 റൺസിൻ്റെ വിജയം. ഒടുവിൽ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുകയാണ് കൊച്ചി. ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസൻ്റെ അഭാവം തീർച്ചയായും കൊച്ചിയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്. എങ്കിലും സഞ്ജുവില്ലാതെ നേടിയ സമീപ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം പകരുന്നുമുണ്ട്. സെമിയിലൊഴികെ മറ്റ് മല്സരങ്ങളിലെല്ലാം വിനൂപ് മനോഹരൻ നല്കിയ തകർപ്പൻ തുടക്കങ്ങളാണ് ടീമിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. 11 ഇന്നിങ്സുകളിൽ നിന്നായി 344 റൺസുമായി ബാറ്റിങ് പട്ടികയിൽ നാലാം സ്ഥാനത്താണ് വിനൂപ് ഇപ്പോൾ. സഞ്ജുവിൻ്റെ അഭാവത്തിൽ വിനൂപിനൊപ്പം ഇന്നിങ്സ് തുറന്ന വിപുൽ ശക്തിയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്.

മൊഹമ്മദ് ഷാനുവും നിഖിൽ തോട്ടത്തും സാലി സാംസനും അടങ്ങുന്ന മധ്യനിരയും ശക്തം. മധ്യനിരം നിറം മങ്ങിയ മല്സരങ്ങളിൽ ആൽഫി ഫ്രാൻസിസ് ജോണും ജോബിൻ ജോബിയും മൊഹമ്മദ് ആഷിഖും ജെറിൻ പി എസുമടങ്ങിയ ഓൾറൌണ്ടർമാരായിരുന്നു ടീമിനെ കരകയറ്റിയത്. ബൌളിങ്ങിൽ കെ എം ആസിഫ് തന്നെയാണ് ടീമിൻ്റെ കരുത്ത്. വെറും ഏഴ് മല്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളുമായി ബൌളർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ആസിഫ്. ആസിഫിൻ്റെ വേഗവും കൃത്യതയും അനുഭവസമ്പത്തും ഫൈനലിലും ടീമിന് മുതൽക്കൂട്ടാവും. അവസാന മല്സരങ്ങളിൽ ടീമിനായിറങ്ങിയ പി കെ മിഥുനും മികച്ച ബൌളിങ് കാഴ്ച വയ്ക്കുന്നുണ്ട്.

മറുവശത്ത് പത്ത് മല്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് മൂന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയ ടീമാണ് കൊല്ലം സെയിലേഴ്സ്. എന്നാൽ സെമിയിൽ എതിരാളികളായ തൃശൂരിനെ നിഷ്പ്രഭരാക്കി, പത്ത് വിക്കറ്റിൻ്റെ ആധികാരിക വിജയമായിരുന്നു അവരുടേത്.മികച്ച ഫോമിലുള്ള ബൌളർമാരും, അവരെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തന്ത്രങ്ങളുമാണ് കഴിഞ്ഞ മല്സരങ്ങളിലെ വിജയങ്ങളിൽ നിർണ്ണായകമായത്. അഖിൽ സ്കറിയ കഴിഞ്ഞാൽ ടൂർണ്ണമെൻ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് കൊല്ലത്തിൻ്റെ അമൽ എ ജിയാണ്.ഇത് വരെ 16 വിക്കറ്റുകൾ വീഴ്ത്തിയ അമൽ തന്നെയായിരുന്നു സെമിയിൽ തൃശൂരിനെതിരെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയത്.

അമലിനൊപ്പം പവൻ രാജും ഷറഫുദ്ദീനും വിജയ് വിശ്വനാഥും അജയഘോഷും എം എസ് അഖിലുമടങ്ങുന്നതാണ് ബൌളിങ് നിര. ഇവരിലെല്ലാവരും തന്നെ ഓൾ റൌണ്ടർമാരുമാണ്. ബാറ്റിങ്ങിൽ ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ പോന്നവരാണ് ആദ്യ നാല് താരങ്ങളും. അഭിഷേക് ജെ നായർ കഴിഞ്ഞ ഏതാനും മല്സരങ്ങളിൽ സ്ഥിരമായി ഫോം നിലനിർത്തുന്നുണ്ട്. കൂറ്റനടകളിലൂടെ സ്കോറുയർത്താൻ കെല്പുള്ളവരാണ് സച്ചിൻ ബേബിയും വിഷ്ണു വിനോദും. അവസാന മല്സരങ്ങളിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ച വച്ച ഭരത് സൂര്യയും വത്സൽ ഗോവിന്ദും കൂടി ചേരുമ്പോൾ അതിശക്തമായ ബാറ്റിങ് നിരയാണ് കൊല്ലത്തിൻ്റേത്.

ഒപ്പത്തിനൊപ്പം നില്കുന്ന കരുത്തുറ്റ രണ്ട് ടീമുകളാണ് ഫൈനൽ പോരാട്ടത്തിൽ നേർക്കുനേരെത്തുന്നത്. ഫൈനലിൻ്റെ സമ്മർദ്ദം മറികടന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ടീമിനെത്തേടിയാകും വിജയമെത്തുക. ഒപ്പം ടോസിൻ്റെ ഭാഗ്യവും നിർണ്ണായകമാവും.

കണ്ണൂരിന്റെ സ്വന്തം ഉബൈദ് സി.കെ. കണ്ണൂരില്‍ വാരിയേഴ്‌സില്‍

കണ്ണൂര്‍: കണ്ണൂരിന്റെ സ്വന്തം ഗോള്‍കീപ്പര്‍ ഉബൈദ് സികെ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ഗോള്‍വല കാക്കും. കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ ശ്രീനിധി ഡെക്കാനുവേണ്ടി കളിച്ച പരിചയസമ്പന്നനായ ഗോള്‍ കീപ്പറാണ് ഉബൈദ്. 2011 ല്‍ വിവി കേരളയിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ഡെംപോ, ഐയര്‍ ഇന്ത്യ, ഒ.എന്‍.ജി.സി., എഫ്.സി. കേരള, ഈസ്റ്റ് ബംഗാള്‍, ഗോകുലം കേരള എഫ്‌സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടി.

2017 ല്‍ നിലവിലെ ഇന്ത്യന്‍ ദേശീയ ടീം പരിശീലകന്‍ ഖാലിദ് ജമീല്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലകന്‍ ആയിരിക്കെ ഐ ലീഗ് സീസണിന്റെ രണ്ടാം പകുതിയില്‍ ഉബൈദിനെ തേടി ഒരു വിളിയെത്തി. മുമ്പും പലതവണ ഖാലിദ് ജമീല്‍ ഉബൈദിനെ അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഉബൈദിന് ക്ഷണം സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ക്ഷണം സ്വീകരിച്ച് ഈസ്റ്റ് ബംഗാളിലെത്തിയ ഉബൈദ് തുടര്‍ന്നുള്ള ഈസ്റ്റ് ബംഗാളിന്റെ ഏഴ് മത്സരവും കളിച്ചു. ആ സീസണില്‍ തന്നെ സൂപ്പര്‍ കപ്പും കളിച്ച് ഈസ്റ്റ് ബംഗാളിനെ ഫൈനലിലെത്തിച്ചു. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും സൂപ്പര്‍ കപ്പിലെ മികച്ച ഗോള്‍ കീപ്പറും ടീം ഇലവനിലും സ്ഥാനം പിടിച്ചു.

2019 ല്‍ ഗോകുലം എഫ്‌സിയിലൂടെ കേരളത്തിലേക്ക് തിരിച്ചെത്തിയ ഉബൈദ് ആ സീസണില്‍ ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്റുകളില്‍ ഒന്നായ ഡ്യൂറഡ് കപ്പ് കേരളത്തിലെത്തിച്ചു. സെമിയില്‍ ഈസ്റ്റ് ബംഗാളിനെയും ഫൈനലില്‍ മോഹന്‍ ബഗാനെയും തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. സെമിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉബൈദ് ടീമിന്റെ രക്ഷകനായി. 2020-21 സീസണില്‍ ഗോകുലത്തിനായി മിന്നും പ്രകടനം കാഴ്ചവെച്ച ഉബൈദ് ഗോകുലം ഐ ലീഗില്‍ ആദ്യ കിരീടം നേടിയപ്പോള്‍ നിര്‍ണായക സാനിധ്യമായിരുന്നു. ആ വര്‍ഷത്തെ ഐ ലീഗിലെ മികച്ച ഗോള്‍ കീപ്പറുമായി.

2021 ല്‍ ശ്രീനിധി ഡെക്കാനിലെത്തിയ താരം ഐ ലീഗില്‍ രണ്ട് തവണ രണ്ടാം സ്ഥാനവും ഒരു തവണ മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തണം എന്നത് വലിയ ആഗ്രഹമായിരുന്നു എന്ന് ഉബൈദ് പറഞ്ഞു. കേരളത്തില്‍ ഐ.എസ്.എല്‍ മാതൃകയില്‍ ഒരു ടൂര്‍ണമെന്റ് നടക്കുമ്പോള്‍ അതില്‍ കളിക്കുക എന്നതും സൂപ്പര്‍ ലീഗ് കേരള വരും തലമുറയ്ക്ക് വലിയ അവസരമാണ് ഒരുക്കുന്നതെന്നും ഉബൈദ് കൂട്ടിചേര്‍ത്തു.

യുഎഇയ്ക്കെതിരെ 31 റൺസ് വിജയവുമായി പാക്കിസ്ഥാന്‍

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ യുഎഇയ്ക്കെതിരെ മികച്ച വിജയവുമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 171/5 എന്ന സ്കോര്‍ നേടിയപ്പോള്‍ യുഎഇയ്ക്ക് 140 റൺസ് മാത്രമേ 7 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു. 31 റൺസിന്റെ വിജയം ആണ് പാക്കിസ്ഥാന്‍ നേടിയത്. അഫ്ഗാനിസ്ഥാന്‍ ആണ് പരമ്പരയിലെ മൂന്നാമത്തെ ടീം.

പുറത്താകാതെ 44 പന്തിൽ 77 റൺസ് നേടിയ ഫകര്‍ സമന്‍ ആണ് പാക്കിസ്ഥാന്‍ നിരയിൽ തിളങ്ങിയത്. 27 പന്തിൽ 37 റൺസുമായി മൊഹമ്മദ് നവാസും മികവ് പുലര്‍ത്തി. ഒരു ഘട്ടത്തിൽ 80/5 എന്ന നിലയിലക്ക് വീണ പാക്കിസ്ഥാനെ ഈ കൂട്ടുകെട്ടാണ് 91 റൺസ് ആറാം വിക്കറ്റിൽ നേടി മുന്നോട്ട് നയിച്ചത്.

യുഎഇയ്ക്കായി 68 റൺസ് നേടിയ അലിഷാന്‍ ഷറഫു ആണ് ടോപ് സ്കോറര്‍. പാക് ബൗളിംഗിൽ അബ്രാര്‍ അഹമ്മദ് നാല് വിക്കറ്റുമായി മികച്ച് നിന്നു.

സഞ്ജുവിന് 83 റൺസ്, ആലപ്പി റിപ്പിൾസിനെ മൂന്ന് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

കെസിഎല്ലിൽ വിജയം തുടർന്ന് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആലപ്പി റിപ്പിൾസിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി പത്ത് പന്ത് ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. 83 റൺസെടുത്ത സഞ്ജു സാംസനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പി റിപ്പിൾസിന് മുഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി ആദ്യ ഓവറുകളിൽ ആഞ്ഞടിച്ചത് ജലജ് സക്സേനയാണ്. നാലാം ഓവറിൽ തന്നെ ആലപ്പിയുടെ സ്കോർ അൻപതിലെത്തി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 94 റൺസാണ് പിറന്നത്. 71 റൺസെടുത്ത ജലജ് സക്സേനയെ പി എസ് ജെറിൻ ക്ലീൻ ബൌൾഡാക്കുകയായിരുന്നു.42 പന്തുകളിൽ 11 ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ജലജിൻ്റെ ഇന്നിങ്സ്.

ജലജ് മടങ്ങിയതോടെ അസറുദ്ദീൻ സ്കോറിങ് വേഗത്തിലാക്കി. 24 റൺസെടുത്ത അഭിഷേക് പി നായർ മികച്ച പിന്തുണ നല്കി. കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ ആലപ്പിയുടെ ഇന്നിങ്സിന് തടയിട്ടത് 18ആം ഓവറിൽ കെ എം ആസിഫാണ്. തുടരെയുള്ള പന്തുകളിൽ മുഹമ്മദ് അസറുദ്ദീനെയും മുഹമ്മദ് ഇനാനെയും പുറത്താക്കിയ ആസിഫ് ആ ഓവറിൽ ഏഴ് റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. 43 പന്തുകളിൽ ഏഴ് ഫോറും രണ്ട് സിക്സും അടക്കം 64 റൺസാണ് അസറുദ്ദീൻ നേടിയത്. ആലപ്പിയുടെ ഇന്നിങ്സ് 176ൽ അവസാനിച്ചു. കൊച്ചിയ്ക്ക് വേണ്ടി കെ എം ആസിഫും പി എസ് ജെറിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് സഞ്ജു സാംസനും വിനൂപ് മനോഹരനും ചേർന്ന് അതിവേഗ തുടക്കം നല്കി. എന്നാൽ അഞ്ചാം ഓവറിൽ വിനൂപ് മനോഹരനെയും മൊഹമ്മദ് ഷാനുവിനെയും പുറത്താക്കി രാഹുൽ ചന്ദ്രൻ ആലപ്പിയ്ക്ക് പ്രതീക്ഷ നല്കി. വിനൂപ് 11 പന്തിൽ 23 റൺസെടുത്തപ്പോൾ ഷാനുവിന് അക്കൌണ്ട് തുറക്കാനായില്ല. മറുവശത്ത് കരുതലോടെ ബാറ്റ് വീശിയ സഞ്ജു, നിഖിൽ തോട്ടത്തിലിനും അജീഷിനുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകൾ കണ്ടെത്തി. എന്നാൽ സ്കോർ 135ൽ നില്ക്കെ സഞ്ജു മടങ്ങി. 41 പന്തുകളിൽ രണ്ട് ഫോറും ഒൻപത് സിക്സുമടക്കം 83 റൺസാണ് സഞ്ജു നേടിയത്.

തൊട്ടടുത്ത ഓവറിൽ സാലി സാംസനെയും ജോബിൻ ജോബിയെയും ജലജ് സക്സേന പുറത്താക്കിയതോടെ കളി ആവേശ നിമിഷങ്ങളിലേക്ക്. എന്നാൽ സമ്മർദ്ദ നിമിഷങ്ങളിൽ അജീഷിൻ്റെയും ജെറിൻ്റെയും നിർണ്ണായക ഇന്നിങ്സുകൾ കൊച്ചിയ്ക്ക് തുണയായി. അജീഷ് 13 പന്തുകളിൽ നിന്ന് 18 റൺസെടുത്തപ്പോൾ ജെറിൻ 13 പന്തുകളിൽ നിന്ന് 25 റൺസുമായി പുറത്താകാതെ നിന്നു. 18.2 ഓവറിൽ കൊച്ചി ലക്ഷ്യത്തിലെത്തി.ആലപ്പിയ്ക്ക് വേണ്ടി രാഹുൽ ചന്ദ്രനും ശ്രീരൂപും ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ കൊച്ചിയ്ക്ക് എട്ട് മല്സരങ്ങളിൽ നിന്ന് 12 പോയിൻ്റായി.അഞ്ചാം സ്ഥാനത്തുള്ള ആലപ്പിയ്ക്ക് ആറ് പോയിൻ്റാണുള്ളത്.

അവസാന ഓവറിൽ ഹാട്രിക്ക് നേട്ടവുമായി മധുശങ്ക, ശ്രീലങ്കയ്ക്ക് 7 റൺസ് വിജയം

സിംബാബ്‍വേ – ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് റൺസിന്റെ വിജയം നേടി ശ്രീലങ്ക. ഹരാരെയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീളങ്ക 298/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിൽ 10 റൺസ് നേടേണ്ട ഘട്ടത്തിൽ സിംബാബ്‍വേയ്ക്ക് തിരിച്ചടിയായത് ദിൽഷന്‍ മധുശങ്കയുടെ ഹാട്രിക്ക് നേട്ടമാണ്.

പതും നിസ്സങ്ക 76 റൺസ് നേടി ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിൽ തിളങ്ങിയപ്പോള്‍ കുശൽ മെന്‍ഡിസ് (38), സദീര സമരവിക്രമ (35) എന്നിവരാണ് മധ്യനിരയിൽ നിര്‍ണ്ണായക സംഭാവന നൽകിയത്. എന്നാൽ മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍ നൽകിയത് ജനിത് ലിയാനാഗേയും കമിന്‍ഡു മെന്‍ഡിസും ചേര്‍ന്നാണ്. ലിയാനാഗേ 47 പന്തിൽ 70 റൺസ് നേടിയപ്പോള്‍ കമിന്‍ഡു മെന്‍ഡിസ് 36 പന്തിൽ 57 റൺസ് നേടി.

മറുപടി ബാറ്റിംഗിൽ സിക്കന്ദര്‍ റാസ 92 റൺസും ഷോൺ വില്യംസ് 57 റൺസും ശ്രീലങ്കയ്ക്കായി നേടിയപ്പോള്‍ ഓപ്പണര്‍ ബെന്‍ കറന്‍ 70 റൺസ് നേടി. ടോണി മുന്‍യോംഗ 43 റൺസ് നേടി പുറത്താകാതെ നിന്നുവെങ്കിലും ശ്രീലങ്കയുടെ ദിൽഷന്‍ മധുശങ്ക നേടിയ നാല് വിക്കറ്റുകളാണ് മത്സരഗതി മാറ്റിയത്.

അവസാന ഓവറിലെ ഹാട്രിക്ക് ഉള്‍പ്പെടെ താരം ഈ നേട്ടം കൊയ്തപ്പോള്‍ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു സിംബാബ്‍വേ. 92 റൺസ് നേടിയ സിക്കന്ദര്‍ റാസയെ അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താക്കിയ മധുശങ്ക ബ്രാഡ് ഇവാന്‍സ്, റിച്ചാര്‍ഡ് ഇവാന്‍സ് എന്നിവരെ പുറത്താക്കി തന്റെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി. അസിത ഫെര്‍ണാണ്ടോ 3 വിക്കറ്റ് നേടി.

പാക്കിസ്ഥാനെതിരെയുള്ള വെസ്റ്റിന്‍ഡീസിന്റെ ഏകദിന ടീം പ്രഖ്യാപിച്ചു

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. അൽസാരി ജോസഫിന് വിശ്രമം നൽകിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് ടീമിലേക്ക് തിരികെ എത്തുന്നു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിച്ച അൽസാരി ജോസഫിന് വര്‍ക്ക്‍ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്.

ഷിമ്രൺ ഹെറ്റ്മ്യറിന് ടീമിൽ ഇടം ലഭിച്ചിട്ടില്ല. ട്രിനിഡാഡിലെ ബ്രയന്‍ ലാറ ക്രിക്കറ്റ് അക്കാഡമിയിൽ ഓഗസ്റ്റ് 8, 10, 12 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. 2027ലെ ഏകദിന ലോകകപ്പിലേക്ക് വെസ്റ്റിന്‍ഡീസിന് സ്വാഭാവിക യോഗ്യത ലഭിയ്ക്കുന്നതിന് ഏറെ നിര്‍ണ്ണായകമാണ് ഈ പരമ്പര.

വെസ്റ്റിന്‍ഡീസ് സ്ക്വാഡ്: Shai Hope (captain), Jewel Andrew, Jediah Blades, Keacy Carty, Roston Chase, Matthew Forde, Justin Greaves, Amir Jangoo, Shamar Joseph, Brandon King, Evin Lewis, Gudakesh Motie, Sherfane Rutherford, Jayden Seales, Romario Shepherd

നഥാന്‍ സ്മിത്തിന് പകരം സാക്ക് ഫൗള്‍ക്സിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തി ന്യൂസിലാണ്ട്

സിംബാബ്‍വേയ്ക്കെതിരെയുള്ള അവസാനത്തെ ടെസ്റ്റിനുള്ള ന്യൂസിലാണ്ട് ടീമിൽ എത്തി സാക്ക് ഫൗള്‍ക്സ്. ഇത് ആദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് താരത്തിനെ വിളിക്കുന്നത്. ആദ്യ ടെസ്റ്റിനിടെ ഓള്‍റൗണ്ടര്‍ നഥാന്‍ സ്മിത്തിന് പരിക്കേറ്റതോടെയാണ് സിംബാബ്‍വേയ്ക്കെതിരെയുള്ള ന്യൂസിലാണ്ടിന്റെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ടീമിലേക്ക് സാക്കിനെ പരിഗണിച്ചത്.

അടുത്തിടെ സിംബാബ്‍വേയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെയുള്ള ത്രിരാഷ്ട്ര ടി20 പരമ്പരയിൽ കളിച്ച താരമാണ് സാക്ക് ഫൗള്‍ക്സ്. ആദ്യ ടെസ്റ്റിൽ 7 വിക്കറ്റ് വിജയം ന്യൂസിലാണ്ട് കരസ്ഥമാക്കിയപ്പോള്‍ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 7ന് ബുൽവായോയിൽ നടക്കും.

സ്വപ്ന കിരീടം ഒരു വിജയം അകലെ, ആര്‍സിബി ഐപിഎൽ ഫൈനലില്‍

ഐപിഎൽ 2025ന്റെ ഫൈനലില്‍ കടന്ന് ആര്‍സിബി. ഇന്ന് ഐപിഎലിന്റെ ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിനെ 101 റൺസിന് എറിഞ്ഞിട്ട ശേഷം ആര്‍സിബി 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു.

വിരാട് കോഹ്‍ലിയെ നഷ്ടമായെങ്കിലും പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ലക്ഷ്യത്തിന്റെ പകുതിയിലധികം റൺസ് ആര്‍സിബി നേടിക്കഴിഞ്ഞിരുന്നു. പവര്‍പ്ലേയിലെ അവസാന ഓവറിൽ കൈൽ ജാമിസണിനെതിരെ 21 റൺസ് ആര്‍സിബി ബാറ്റര്‍മാര്‍ നേടിയപ്പോള്‍ 61/1 എന്ന നിലയിലായിരുന്നു ആര്‍സിബി.

മയാംഗിനെ ആര്‍സിബിയ്ക്ക് നഷ്ടമായെങ്കിലും 23 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഫിൽ സാള്‍ട്ട് ആര്‍സിബിയെ വിജയത്തിനരികെ എത്തിച്ചു.

പത്താം ഓവറിൽ വിജയം കരസ്ഥമാക്കുമ്പോള്‍ ആര്‍സിബിയ്ക്കായി ഫിൽ സാള്‍ട്ട് പുറത്താകാതെ 27 പന്തിൽ നിന്ന് 56 റൺസും രജത് പടിദാര്‍ 8 പന്തിൽ നിന്ന് 15 റൺസുമായി ക്രീസിലുണ്ടായിരുന്നു.

അത്ഭുതമായി ജിതേഷും മയാംഗും, ആദ്യ ക്വാളിഫയറിന് യോഗ്യത നേടി ആര്‍‍സിബി

ഐപിഎലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആവേശകരമായ വിജയം കരസ്ഥമാക്കി ആര്‍സിബി. ഇന്ന് നടന്ന മത്സരത്തിൽ 227/3 എന്ന കൂറ്റന്‍ സ്കോര്‍ ലക്നൗ നേടിയപ്പോള്‍ 18.4 ഓവറിൽ 230 റൺസ് 4 വിക്കറ്റ് നഷ്ടത്തിൽ നേടി ആര്‍സിബി പ്ലേ ഓഫില്‍ ആദ്യ ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഇതോടെ ആര്‍സിബി എത്തി.

ജിതേഷ് ശര്‍മ്മയും മയാംഗ് അഗര്‍വാളും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 107 റൺസ് നേടിയാണ് അപ്രാപ്യമെന്ന് കരുതിയ വിജയം ടീമിന് നേടിക്കൊടുത്തത്.

മികച്ച തുടക്കമാണ് ആര്‍സിബി ഓപ്പണര്‍മാര്‍ ടീമിന് നൽകിയത്. പവര്‍പ്ലേയിലെ അവസാന ഓവറിൽ ഫിൽ സാള്‍ട്ടിനെ ആര്‍സിബിയ്ക്ക് നഷ്ടമാകുമ്പോള്‍ 61 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. ആകാശ് മഹാരാജ് സിംഗ് ആണ് വിക്കറ്റ് നേടിയത്. 19 പന്തിൽ 30 റൺസാണ് സാള്‍ട്ട് നേടിയത്.

രജത് പടിദാറിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും ഒരേ ഓവറിൽ പുറത്താക്കി വില്യം ഒറൗര്‍ക്കേ ആര്‍സിബിയുടെ നില പരുങ്ങലിലാക്കി. 30 പന്തിൽ 54 റൺസ് നേടിയ വിരാട് കോഹ്‍ലി പുറത്താകുമ്പോള്‍ 123/4 എന്ന നിലയിലായിരുന്നു ആര്‍സിബി. മയാംഗ് അഗര്‍വാളും ജിതേഷ് ശര്‍മ്മയും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ അവസാന ആറോവറിൽ 72 റൺസായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്.

പിന്നീട് ഈ കൂട്ടുകെട്ടിന്റെ മികവുറ്റ ബാറ്റിംഗ് ഏവരും സാക്ഷ്യം വഹിച്ചപ്പോള്‍ 8 പന്ത് അവശേഷിക്കെ വിജയത്തിലേക്ക് ആര്‍സിബി എത്തി. ജിതേഷ് ശര്‍മ്മ 33 പന്തിൽ 85 റൺസ് നേടിയപ്പോള്‍ മയാംഗ് അഗര്‍വാള്‍ പുറത്താകാതെ 23 പന്തിൽ നിന്ന് 41 റൺസ് നേടി.

സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തി പന്ത്, 227 റൺസ് നേടി ലക്നൗ

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ലക്നൗ സൂപ്പര്‍ ജയന്റ്സ്. വൺ ഡൗൺ ആയി എത്തിയ ഋഷഭ് പന്ത് ഫോമിലേക്ക് എത്തിയ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് നേടിയത്.  ഋഷഭ് പന്ത് 61 പന്തിൽ 118 റൺസുമായി പുറത്താകാതെ നിന്നാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ഒന്നാം വിക്കറ്റിൽ മാത്യു ബ്രെറ്റ്സ്കിയേ നഷ്ടമാകുമ്പോള്‍ ലക്നൗ 25 റൺസാണ് നേടിയത്. രണ്ടാം വിക്കറ്റിൽ മാര്‍ഷിന് കൂട്ടായി എത്തിയ ഋഷഭ് പന്ത് മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഈ കൂട്ടുകെട്ട് 152 റൺസാണ് നേടിയത്. പത്തോവറിൽ ലക്നൗ നൂറ് തികച്ചപ്പോള്‍ ഋഷഭ് പന്ത് 29 പന്തിൽ നന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

മാര്‍ഷ് 31 പന്തിൽ നിന്ന് 14ാം ഓവറിൽ തന്റെ അര്‍ദ്ധ ശതകം നേടിയെങ്കിലും അധികം വൈകാതെ 37 പന്തിൽ 67 റൺസ് നേടിയ താരത്തെ ഭുവി പുറത്താക്കി. 54 പന്തിൽ നിന്ന് പന്ത് തന്റെ സെഞ്ച്വറി നേടിയപ്പോള്‍ പൂരന്‍ 13 റൺസ് നേടി അവസാന ഓവറിൽ പുറത്തായി.

പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി പഞ്ചാബ്, തകര്‍പ്പന്‍ വിജയം

ഐപിഎലില്‍ മുംബൈയ്ക്കെതിരെ 7 വിക്കറ്റ് വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് പഞ്ചാബ്. 185 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീമിന് 3 വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിലാണ് ആധികാരിക വിജയം കരസ്ഥമാക്കാനായത്.

പ്രഭ്സിമ്രാന്‍ സിംഗിനെ ജസ്പ്രീത് ബുംറ തുടക്കത്തിൽ പുറത്താക്കിയപ്പോള്‍ 4.2 ഓവറിൽ 34 റൺസാണ് പഞ്ചാബിന്റെ സ്കോര്‍. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 47 റൺസ് നേടിയ ടീമിനെ പിന്നീട് പ്രിയാന്‍ഷ് ആര്യയും ജോഷ് ഇംഗ്ലിസും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

മെല്ലെ തുടങ്ങിയ ജോഷും വേഗത്തിൽ സ്കോറിംഗ് ആരംഭിച്ചപ്പോള്‍ 11ാം ഓവറിൽ ആണ് പഞ്ചാബ് നൂറ് കടന്നത്. 29 പന്തിൽ നിന്ന് ജോഷ് ഇംഗ്ലിസ് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അധികം വൈകാതെ തന്നെ പ്രിയാന്‍ഷ് ആര്യയും തന്റെ അര്‍ദ്ധ ശതകം തികച്ചു. 27 പന്തിൽ നിന്നാണ് പ്രിയാന്‍ഷ് തന്റെ അര്‍ദ്ധ ശതകം തികച്ചത്. അവസാന എട്ടോവറിൽ പഞ്ചാബിന്റെ വിജയ ലക്ഷ്യം 65 റൺസായിരുന്നു.

109 റൺസ് കൂട്ടുകെട്ടിന് ശേഷം പ്രിയാന്‍ഷ് ആര്യ മടങ്ങിയപ്പോള്‍ താരം 35 പന്തിൽ നിന്ന് 62 റൺസാണ് നേടിയത്. 43 പന്തിൽ 72 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ പഞ്ചാബിന് നഷ്ടമായെങ്കിലും വിജയം ആ ഘട്ടത്തിൽ വെറും 14 റൺസ് അകലെയായിരുന്നു.

16 പന്തിൽ നിന്ന് 26 റൺസ് നേടിയ ശ്രേയസ്സ് അയ്യര്‍ സിക്സറോട് കൂടി പഞ്ചാബിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ ടീം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

 

Exit mobile version