ലിവർപൂൾ നിലം തൊട്ടില്ല! മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം


പ്രീമിയർ ലീഗിലെ ആവേശകരമായ പോരാട്ടത്തിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 3-0ന്റെ ആധികാരിക വിജയം. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആതിഥേയർ വ്യക്തമായ ആധിപത്യം പുലർത്തി. പതിമൂന്നാം മിനിറ്റിൽ എർലിംഗ് ഹാലൻഡിന് പെനാൽറ്റി നഷ്ടമായെങ്കിലും, ഇരുപത്തിയൊൻപതാം മിനിറ്റിൽ മാത്യൂസ് നൂനസിന്റെ അസിസ്റ്റിൽ ഹാലൻഡ് ഹെഡ്ഡറിലൂടെ സിറ്റിയെ മുന്നിലെത്തിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബെർണാഡോ സിൽവയുടെ പാസിൽ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ലോ ഷോട്ടിലൂടെ നിക്കോളാസ് ഗോൺസാലസ് സിറ്റിയുടെ ലീഡ് 2-0 ആയി ഉയർത്തി.

രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആധിപത്യം തുടർന്നു. രണ്ട് ഗോളുകൾക്ക് പിന്നിലായിട്ടും മുഹമ്മദ് സലാ, കോഡി ഗാക്പോ എന്നിവരുടെ നേതൃത്വത്തിൽ പലതവണ ശ്രമങ്ങൾ നടത്തിയെങ്കിലും സിറ്റിയുടെ പ്രതിരോധം ഭേദിക്കാൻ ലിവർപൂളിന് സാധിച്ചില്ല. എന്നാൽ, സിറ്റി സമ്മർദ്ദം തുടർന്നു.

അറുപത്തിമൂന്നാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ജെറമി ഡോക്കുവിന്റെ മനോഹരമായ വലത് കാൽ ഷോട്ട് ലീഡ് 3-0 ആക്കി ഉയർത്തി. ഡോക്കുവിന്റെ ഈ സീസണിലെ ആദ്യ പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു ഇത്.


ഈ വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലിന് തൊട്ടുപിന്നിൽ സിറ്റി തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കി. സിറ്റിക്ക് 22 പോയിന്റും ആഴ്സണലിന് 26 പോയിന്റുമാണ് ഉള്ളത്. ലിവർപൂൾ നിലവിൽ എട്ടാം സ്ഥാനത്താണ്.

അജ്സലിന് ഹാട്രിക്ക്, കൊച്ചിയിൽ ആറാടി കാലിക്കറ്റ് എഫ് സി

കൊച്ചി: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചി എഫ്സിക്ക് തുടർച്ചയായ ആറാം തോൽവി. മഹാരാജസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ആറാം റൗണ്ടിലെ ആദ്യമത്സരത്തിൽ കാലിക്കറ്റ്‌ എഫ്‍സിയാണ് രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ചത്.
കാലിക്കറ്റ്‌ എഫ്സിക്കായി യുവതാരം മുഹമ്മദ്‌ അജ്സൽ ഹാട്രിക്ക് നേടി. വിജയികൾക്കായി ക്യാപ്റ്റൻ പ്രശാന്ത്‌ രണ്ടും സിമിൻലെൻ ഡെങ്കൽ ഒരു ഗോളുമടിച്ചു. കൊച്ചിയുടെ രണ്ട് ഗോളുകളും ഡച്ചുകാരൻ
റൊണാൾഡ് വാൻ കെസലിന്റെ വക. ആറ് കളികളിൽ 11 പോയന്റുമായി കാലിക്കറ്റ്‌ ഒന്നാംസ്ഥാനത്തേക്ക് കയറി. ആറ് കളിയും തോറ്റ കൊച്ചി പോയന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്ത്.

കളിതുടങ്ങി അഞ്ച് മിനിറ്റിനിടെ നാല് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുത്ത കാലിക്കറ്റ്‌ അവ നഷ്ടപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. എന്നാൽ പത്തൊൻപതാം മിനിറ്റിൽ കാലിക്കറ്റ്‌ ഗോൾ നേടി. ഇടതു വിങിൽ നിന്ന് ക്യാപ്റ്റൻ പ്രശാന്ത് നൽകിയ പന്ത്‌ പ്രയാസകരമായ ആങ്കിളിൽ നിന്ന് ഫസ്റ്റ്ടൈം ടച്ചിലൂടെ പോസ്റ്റിലെത്തിച്ചത് അണ്ടർ 23 താരം മുഹമ്മദ്‌ അജ്സൽ (1-0). ഇരുപത്തിയാറാം മിനിറ്റിൽ കൊച്ചിക്ക് മികച്ച അവസരം. സജീഷ് നൽകിയ ക്രോസിന് ഡച്ചുകാരൻ റൊണാൾഡ് വാൻ കെസലിന് കൃത്യമായി തലവെക്കാൻ കഴിഞ്ഞില്ല. മുപ്പത്തിനാലാം മിനിറ്റിൽ കാലിക്കറ്റ്‌ ലീഡ് രണ്ടാക്കി. മധ്യനിരയിൽ നിന്ന് ആസിഫ് നീക്കി നൽകിയ പാസ് മുഹമ്മദ്‌ അജ്സൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു (2-0). ആറ് മിനിറ്റിനകം കാലിക്കറ്റ്‌ വീണ്ടും ഗോളടിച്ചു. മുഹമ്മദ്‌ റിയാസിന്റെ ക്രോസ്സ്, പ്രശാന്തിന്റെ ഫിനിഷ് (3-0). ആദ്യപകുതി അവസാനിക്കാനിരിക്കെ മുഹമ്മദ്‌ അജ്സൽ ഹാട്രിക്കും കാലിക്കറ്റ്‌ നാലാം ഗോളും നേടി (4-0). ലീഗിൽ അഞ്ച് ഗോളുമായി അജ്സൽ ടോപ് സ്കോറർ സ്ഥാനത്തേക്ക് ഉയർന്നു. നാല് ഗോളുകളുള്ള മലപ്പുറം എഫ്സിയുടെ ജോൺ കെന്നഡിയാണ് രണ്ടാമത്.

രണ്ടാംപകുതിയുടെ തുടക്കത്തിൽ കൊച്ചി ശ്രീരാജ്, സൂസൈരാജ്, അമോസ് എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. സിമിൻലെൻ ഡെങ്കൽ, ഷിഫിൽ എന്നിവർക്ക് കാലിക്കറ്റും അവസരം നൽകി. വേഗതയേറിയ നീക്കങ്ങളുമായി ഉഗാണ്ടക്കാരൻ അമോസ് കാലിക്കറ്റ് പോസ്റ്റിൽ നിരന്തരം ഭീഷണിയുയർത്തി. അറുപത്തിയൊൻപതാം മിനിറ്റിൽ കൊച്ചിയുടെ ഗോൾ. അമോസിന്റെ ക്രോസ്സ് ഗോളിലേക്ക് നിറയൊഴിച്ചത്
റൊണാൾഡ് വാൻ കെസൽ (4-1). എൺപത്തിനാലാം മിനിറ്റിൽ ആസിഫിന്റെ പാസിൽ സിമിൻലെൻ ഡെങ്കൽ കാലിക്കറ്റിന്റെ അഞ്ചാം ഗോളടിച്ചു. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ പ്രശാന്ത് തന്റെ രണ്ടാം ഗോളുമടിച്ചതോടെ സ്കോർ 6-1. ഇഞ്ചുറി സമയത്ത് റൊണാൾഡ് വാൻ കെസൽ ഒരു ഗോൾ കൂടി നേടി കൊച്ചിയുടെ പരാജയഭാരം കുറച്ചു (6-2). 2282 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

ഇന്ന് (നവംബർ 10) ആറാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തെ തോല്പിച്ച് സൌരാഷ്ട്ര

അഹമ്മദാബാദ് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് സൌരാഷ്ട്രയോട് തോൽവി. മൂന്ന് വിക്കറ്റിനായിരുന്നു സൌരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 280 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര എട്ട് പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. ക്വിൻഷ് പദാലിയയുടെ ഓൾ റൌണ്ട് പ്രകടനമാണ് സൌരാഷ്ട്രയ്ക്ക് വിജയം ഒരുക്കിയത്.

ടോസ് നേടിയ സൌരാഷ്ട്ര കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയയ്ക്കുകയായിരുന്നു. 21 റൺസെടുത്ത ഒമർ അബൂബക്കറുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടർന്നെത്തിയ കൃഷ്ണ നാരായൺ അഞ്ചും ഷോൺ റോജർ ഒൻപതും രോഹൻ നായർ 15ഉം റൺസെടുത്ത് പുറത്തായി. ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന അഭിഷേക് ജെ നായരുടെ പ്രകടനമാണ് കേരളത്തിന് കരുത്ത് പകർന്നത്. അഭിഷേക് 100 റൺസെടുത്തു. 11 ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു അഭിഷേകിൻ്റെ സെഞ്ച്വറി. പവൻ ശ്രീധറും ക്യാപ്റ്റൻ അഭിജിത് പ്രവീണും അഭിഷേകിന് മികച്ച പിന്തുണ നല്കി. ഇരുവർക്കുമൊപ്പം അഭിഷേക് 56 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. പവൻ ശ്രീധർ 32 റൺസ് നേടിയപ്പോൾ അഭിജിത് പ്രവീൺ 61 റൺസുമായി പുറത്താകാതെ നിന്നു. 53 പന്തുകളിൽ ആറ് ഫോറും രണ്ട് സിക്സുമടക്കമായിരുന്നു അഭിജിത് 61 റൺസ് നേടിയത്. സൌരാഷ്ട്രയ്ക്ക് വേണ്ടി ക്വിൻഷ് പദാലിയ, മക്വാന ഹിരെൻ, ക്രെയിൻസ് ഫുലേത്ര എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്രയ്ക്ക് നാല് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. രാജ് വഗേലയെയും ധ്യേയ് മേത്തയെയും പുറത്താക്കി ആദിത്യ ബൈജുവാണ് കേരളത്തിന് മികച്ച തുടക്കം നല്കിയത്. ക്യാപ്റ്റൻ രക്ഷിത് മേത്തയും രാംദേവും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സൌരാഷ്ട്രയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 106 റൺസ് കൂട്ടിച്ചേർത്തു. 54 റൺസെടുത്ത രാംദേവിനെ പുറത്താക്കി ക്യാപ്റ്റൻ അഭിജിത് പ്രവീൺ കേരളത്തിന് പ്രതീക്ഷ നല്കി. രക്ഷിത് മേത്തയെ ആദിത്യ ബൈജുവും പുറത്താക്കിയതോടെ കളി കേരളത്തിൻ്റെ വരുതിയിലെന്ന് തോന്നിച്ച ഘട്ടത്തിലാണ് ക്വിൻഷ് പദാലിയ ക്രീസിലെത്തിയത്. സമ്മർദ്ദ ഘട്ടത്തിലും ഒരറ്റത്ത് ഉറച്ച് നിന്ന് അനായാസ ഷോട്ടുകൾ പായിച്ച പദാലിയ ഒറ്റയ്ക്ക് മത്സരത്തിൻ്റെ ഗതി മാറ്റുകയായിരുന്നു. മൌര്യ ഗൊഘാറിയും ക്രെയിൻസ് ഫുലേത്രയും മികച്ച പിന്തുണ നല്കിയതോടെ 48.4 ഓവറിൽ സൌരാഷ്ട്ര ലക്ഷ്യത്തിലെത്തി. 52 പന്തുകളിൽ അഞ്ച് ഫോറും നാല് സിക്സുമടക്കം 73 റൺസുമായി പദാലിയ പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ആദിത്യ ബൈജു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

കണ്ണൂർ വാരിയേഴ്സിന്റെ മാനുവല്‍ സാഞ്ചസ് SLK-യിലെ മികച്ച പരിശീലകന്‍

സൂപ്പര്‍ ലീഗ് കേരളയില്‍ ഒക്ടോബര്‍ മാസത്തെ മികച്ച പരിശീലകനുള്ള അവര്‍ഡ് സ്വന്തമാക്കി കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മുഖ്യ പരിശീലകന്‍ മാനുവല്‍ സാഞ്ചസ്. ഒക്ടോബര്‍ മാസത്തില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവും രണ്ട് സമനിലയുമായി തോല്‍വി അറിയാതെ കണ്ണൂര്‍ വാരിയേഴ്‌സ് മുന്നേറുകയായിരുന്നു. അതോടൊപ്പം ഒക്ടോബര്‍ മാസത്തിലെ മികച്ച ഇലവനില്‍ രണ്ട് കണ്ണൂര്‍ വാരിയേഴ്‌സ് താരങ്ങളും ഇടംപിടിച്ചു. പ്രതിരോധ താരം വികാസ് സൈനിയും മധ്യനിര താരം ഏണസ്റ്റീന്‍ ലവ്‌സാംബയുമാണ് ടീമില്‍ ഇടംപിടിച്ചത്.

ദക്ഷിണാഫ്രിക്ക എയ്ക്ക് തകർപ്പൻ വിജയം: 417 റൺസ് ചേസ് ചെയ്ത് ഇന്ത്യ എ-യെ തോല്പ്പിച്ചു


ഇന്ത്യ എ-ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക എ ചരിത്ര വിജയം സ്വന്തമാക്കി. ബെംഗളൂരുവിലെ ബി.സി.സി.ഐ. സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 417 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നാണ് ദക്ഷിണാഫ്രിക്ക എ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ചത്.

ജോർദാൻ ഹെർമൻ (91), ലെസെഗോ സെനോക്വാനെ (77), സുബൈർ ഹംസ (77) എന്നിവരുടെ ശ്രദ്ധേയമായ പ്രകടനങ്ങളാണ് ഈ വിജയം അനായാസമാക്കിയത്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് തുടങ്ങിയ പ്രമുഖ ബോളർമാർ ഉൾപ്പെട്ട ഇന്ത്യൻ നിരയെയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര നിഷ്പ്രഭമാക്കിയത്.


ഹെർമനും സെനോക്വാനെയും ചേർന്ന് 156 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിച്ച് ദക്ഷിണാഫ്രിക്ക എ-ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ ബോളർമാർ ഓപ്പണർമാരെ പുറത്താക്കി തിരിച്ചടിച്ചെങ്കിലും, മധ്യനിരയിൽ ഹംസയും ടെംബ ബാവുമയും ചേർന്ന് 107 റൺസിന്റെ നിർണായക കൂട്ടുകെട്ടുമായി ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദം ചെലുത്തിയപ്പോഴും, ദക്ഷിണാഫ്രിക്ക എ സംയമനം പാലിച്ചു. ഒടുവിൽ, കോണർ എസ്റ്റർഹുയിസെൻ നേടിയ പുറത്താകാത്ത 52 റൺസ് വിജയത്തിലേക്ക് ടീമിനെ നയിച്ചു.

മൂന്ന് ഓവറുകൾ ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക എയുടെ ഈ തകർപ്പൻ വിജയം. ഇതോടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായി.

റോബ് എഡ്വേർഡ്സ് വോൾവ്സിന്റെ പുതിയ പരിശീലകൻ ആകും


വോൾവറൊംപ്ടൺ വാണ്ടറേഴ്സിന്റെ (വോൾവ്സ്) പുതിയ മുഖ്യ പരിശീലകനായി റോബ് എഡ്വേർഡ്സിനെ നിയമിക്കാൻ ഒരുങ്ങുന്നു. ഏകദേശം രണ്ട് ദശലക്ഷം പൗണ്ട് നഷ്ടപരിഹാരം നൽകാൻ മിഡിൽസ്‌ബ്രോയോട് സമ്മതിച്ചതോടെയാണ് മൂന്നര വർഷത്തെ കരാറിൽ എഡ്വേർഡ്സ് വോൾവ്സിൽ എത്തുന്നത്.

2028 വരെ മിഡിൽസ്‌ബ്രോയുമായി കരാറുണ്ടായിരുന്ന 42-കാരനായ എഡ്വേർഡ്സ്, നിലവിൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തുള്ള ടീമിനെ വിട്ടാണ് പ്രീമിയർ ലീഗിലേക്ക് പോകുന്നത്.


കരാർ അന്തിമമാക്കുന്നതിനും അദ്ദേഹത്തിന്റെ പരിശീലക സംഘത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും വേണ്ടി എഡ്വേർഡ്സ് ഉടൻ തന്നെ വോൾവ്സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഡ്വേർഡ്സിന് വോൾവ്സുമായി മുൻപരിചയമുണ്ട്; അദ്ദേഹം നാല് വർഷം ക്ലബ്ബിൽ കളിക്കാരനായും 2016-ൽ ഇടക്കാല പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.


നിലവിൽ 11 മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രം നേടി പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് വോൾവ്സ് ഉള്ളത്. ഈയിടെ മുൻ പരിശീലകൻ വിറ്റർ പെരേരയെ അവർ പുറത്താക്കിയിരുന്നു. ഫോറസ്റ്റ് ഗ്രീൻ റോവേഴ്സ്, ലൂട്ടൺ ടൗൺ എന്നിവിടങ്ങളിലെ വിജയകരമായ മാനേജ്‌മെന്റ് കാലഘട്ടങ്ങളിലൂടെയും മിഡിൽസ്‌ബ്രോയെ സ്ഥാനക്കയറ്റത്തിന് വേണ്ടി നയിച്ചതിലൂടെയും എഡ്വേർഡ്സ് ശ്രദ്ധേയനാണ്.

രഞ്ജി ട്രോഫി, കേരളം 233ന് പുറത്ത്, 73 റൺസിന്റെ ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൌരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 73 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 233ൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ സൌരാഷ്ട്ര 160 റൺസിന് പുറത്തായിരുന്നു.

രണ്ട് വിക്കറ്റിന് 82 റൺസെന്ന നിലയിൽ കളി ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന കേരളത്തിന് തുടക്കത്തിൽ തന്നെ അഹ്മദ് ഇമ്രാൻ്റെ വിക്കറ്റ് നഷ്ടമായി.10 റൺസെടുത്ത അഹ്മദ് ഇമ്രാനെ ജയ്ദേവ് ഉനദ്ഘട്ട് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സ്കോർ 128ൽ നില്ക്കെ രോഹൻ കുന്നുമ്മലും മടങ്ങി. 80 റൺസെടുത്ത രോഹൻ ചിരാഗ് ജാനിയുടെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീൻ റൺസെടുക്കാതെ മടങ്ങി.എന്നാൽ അങ്കിത് ശർമ്മയും ബാബ അപരാജിത്തും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്നുള്ള 78 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.

38 റൺസെടുത്ത അങ്കിത് ശർമ്മയെ പുറത്താക്കി ധർമ്മേന്ദ്ര സിങ് ജഡേജയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടർന്നെത്തിയവരിൽ ആർക്കും പിടിച്ചു നില്ക്കാനായില്ല. വരുൺ നായനാരും ബേസിൽ എൻ പിയും റണ്ണെടുക്കാതെ മടങ്ങിയപ്പോൾ ഏദൻ ആപ്പിൾ ടോം നാല് റൺസെടുത്ത് പുറത്തായി. ഒടുവിൽ ഒരറ്റത്ത് ഉറച്ച് നിന്ന ബാബ അപരാജിത്തും പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 233ൽ അവസാനിച്ചു. 69 റൺസാണ് അപരാജിത് നേടിയത്. സൌരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനദ്ഘട്ട് നാലും ഹിതെൻ കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ സൌരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ ഹാർവിക് ദേശായിയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത ഹാർവിക്, നിധീഷിൻ്റെ പന്തിൽ രോഹൻ കുന്നുമ്മൽ ക്യാച്ചെടുത്താണ് പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഗജ്ജർ സമ്മാറും ജയ് ഗോഹിലും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസം പൂർത്തിയാക്കി. കളി അവസാനിക്കുമ്പോൾ ഗജ്ജർ 20ഉം ജയ് ഗോഹിൽ 22ഉം റൺസും നേടി ക്രീസിലുണ്ട്.

മുൻ ഡൽഹി താരം അഭയ് ശർമ്മ ഐ.പി.എൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഫീൽഡിംഗ് കോച്ചായേക്കും


ഐ.പി.എൽ 2026-ന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽ.എസ്.ജി) തങ്ങളുടെ പരിശീലക സ്റ്റാഫിൽ വലിയ അഴിച്ചുപണി നടത്തുന്നു. ഇതിൻ്റെ ഭാഗമായി മുൻ ഡൽഹി, റെയിൽവേസ് ക്രിക്കറ്റർ അഭയ് ശർമ്മ പുതിയ ഫീൽഡിംഗ് കോച്ചായി ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്.


56 വയസ്സുള്ള അഭയ്, ഇന്ത്യൻ അണ്ടർ 19 ടീമിനെ പരിശീലിപ്പിച്ചതിൽ വിപുലമായ പരിചയസമ്പത്ത് ഉള്ള വ്യക്തിയാണ്. നിരവധി അണ്ടർ 19 ലോകകപ്പുകളിൽ അദ്ദേഹം ഫീൽഡിംഗ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഉഗാണ്ട ദേശീയ ടീമിനെ അവരുടെ ആദ്യ ലോകകപ്പ് കാമ്പെയ്‌നിൽ നയിച്ചത് അടുത്തിടെയാണ.

അഭയുടെ നിയമനം എൽ.എസ്.ജി-യുടെ ഫീൽഡിംഗ് വിഭാഗത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ട് സീസണുകളിൽ പ്ലേഓഫിൽ കടന്ന ടീം, കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് എൽ.എസ്.ജി ഈ തന്ത്രപരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. അഭയ് ശർമ്മയ്‌ക്കൊപ്പം ടോം മൂഡിയെ ഗ്ലോബൽ ഡയറക്ടർ ഓഫ് ക്രിക്കറ്റായും കെയ്ൻ വില്യംസണിനെ സ്ട്രാറ്റജിക് ഡയറക്ടറായും ടീം കൊണ്ടുവന്നിട്ടുണ്ട്.

റയാൻ വില്യംസ് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പിൽ ചേർന്നു; ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം ലക്ഷ്യമിടുന്നു


ഓസ്‌ട്രേലിയൻ പൗരത്വമുപേക്ഷിച്ച ഫോർവേഡ് റയാൻ വില്യംസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനൊപ്പം ബംഗളൂരുവിൽ ക്യാമ്പിൽ ചേർന്നു. നവംബർ 18-ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായാണ് ഈ നീക്കം.
ഓസ്‌ട്രേലിയൻ പാസ്‌പോർട്ട് ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം നേടിയ വില്യംസ്, അന്താരാഷ്ട്ര തലത്തിലുള്ള തൻ്റെ വിപുലമായ അനുഭവസമ്പത്ത് ഇന്ത്യൻ ടീമിന് നൽകും. 32 വയസ്സുകാരനായ ഇദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ (ബംഗളൂരു എഫ്.സി-ക്ക്) വേണ്ടിയാണ് കളിക്കുന്നത്.

അദ്ദേഹത്തിൻ്റെ വേഗതയും സാങ്കേതിക വൈദഗ്ധ്യവും നിർണ്ണായകമായ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ വേണ്ടി ഓസ്‌ട്രേലിയൻ പൗരത്വം വേണ്ടെന്ന് വെച്ചതിലൂടെ വില്യംസ് തൻ്റെ ശക്തമായ വ്യക്തിപരമായ പ്രതിബദ്ധതയാണ് അടയാളപ്പെടുത്തിയത്.

മുംബൈയിൽ ജനിച്ച അമ്മയുടെയും ഇംഗ്ലീഷ് പിതാവിൻ്റെയും മകനായി പെർത്തിൽ ജനിച്ച വില്യംസ് മുമ്പ് ഓസ്‌ട്രേലിയയെ യൂത്ത് തലങ്ങളിലും ഒരു സീനിയർ സൗഹൃദ മത്സരത്തിലും പ്രതിനിധീകരിച്ചിട്ടുണ്ട്.

തുടർച്ചയായി 8 സിക്സ്, 11 പന്തിൽ ഫിഫ്റ്റി, മേഘാലയയുടെ ആകാശ് ചൗധരിക്ക് ലോക റെക്കോർഡ്


മേഘാലയയുടെ ആകാശ് ചൗധരി ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറി നേടി ശ്രദ്ധേയനായി. സൂറത്തിലെ സി.കെ. പിത്താവാല ഗ്രൗണ്ടിൽ അരുണാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിലാണ് ആകാശ് ഈ ചരിത്രനേട്ടം കൈവരിച്ചത്. വെറും 11 പന്തിൽ 50 റൺസാണ് താരം അടിച്ചെടുത്തത്.


അവിശ്വസനീയമായ പ്രകടനത്തിൽ ചൗധരി തുടർച്ചയായ എട്ട് സിക്സറുകൾ നേടി, അതിൽ ലെഫ്റ്റ് ആം സ്പിന്നർ ലിമർ ദാബിയുടെ ഒരോവറിൽ അടിച്ച ആറ് സിക്സറുകളും ഉൾപ്പെടുന്നു. ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോർഡും ഇതോടെ ചൗധരിക്ക് സ്വന്തമായി. 2012-ൽ 12 പന്തുകളിൽ അർധസെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ൻ വൈറ്റിന്റെ മുൻ റെക്കോർഡിനേക്കാൾ ഒരു പന്ത് വേഗത്തിലാണ് ചൗധരി ഈ നേട്ടം കുറിച്ചത്.

മേഘാലയ 576/6 എന്ന നിലയിൽ ആധിപത്യം പുലർത്തുന്ന സമയത്ത് എട്ടാം നമ്പറിലായാണ് ആകാശ് ചൗധരി ക്രീസിലെത്തിയത്. ചൗധരിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനം കളിക്ക് ഒരു പുതിയ മാനം നൽകി. ഇത് മേഘാലയയുടെ ടോട്ടൽ ഡിക്ലയർ ചെയ്യുന്നതിന് മുൻപ് 628-ൽ എത്തിച്ചു. 14 പന്തിൽ 50 റൺസ് നേടി അദ്ദേഹം പുറത്താകാതെ നിന്നു. ബൗണ്ടറികളൊന്നും ഇല്ലാതെ, സിക്സറുകൾ മാത്രം അടിച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇത് അദ്ദേഹത്തിന്റെ അസാമാന്യമായ നിയന്ത്രണവും ആധിപത്യവും വ്യക്തമാക്കുന്നു. ഈ റെക്കോർഡ് പ്രകടനം ആകാശ് ചൗധരിയെ സർ ഗാരി സോബേഴ്സ്, രവി ശാസ്ത്രി തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ നിരയിലേക്ക് ഉയർത്തി. ഈ നേട്ടം രഞ്ജി ട്രോഫിയുടെ പ്രശസ്തി വർദ്ധിപ്പിക്കുക മാത്രമല്ല, ആഗോള ക്രിക്കറ്റ് ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കുകയും ചെയ്തു.


ഹോങ്കോങ് സിക്‌സസ് 2025: തുടർച്ചയായ നാല് തോൽവികളോടെ ഇന്ത്യയുടെ ക്യാമ്പയിൻ അവസാനിച്ചു


ഹോങ്കോങ് സിക്‌സസ് 2025-ലെ ഇന്ത്യയുടെ പോരാട്ടം ഒരു ജയത്തിന് ശേഷം തുടർച്ചയായ നാല് തോൽവികളോടെ നിരാശാജനകമായി അവസാനിച്ചു. ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം തങ്ങളുടെ അവസാന മത്സരത്തിൽ ശ്രീലങ്കയോട് 48 റൺസിന് പരാജയപ്പെട്ടു. ഇതിന് മുൻപ് കുവൈറ്റ്, യു.എ.ഇ., നേപ്പാൾ എന്നീ ടീമുകളോടും ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഓരോ ടീമിനും ആറ് ഓവറുകൾ വീതം ലഭിക്കുന്ന ഈ അതിവേഗ ഫോർമാറ്റിൽ സ്ഥിരത നിലനിർത്താൻ ഇന്ത്യൻ ടീം നന്നായി പ്രയാസപ്പെടുന്നതാണ് ടൂർണമെന്റിൽ കണ്ടത്.


ശ്രീലങ്കയുമായുള്ള അവസാന മത്സരത്തിൽ, ആറ് ഓവറിൽ ഇന്ത്യ 138 റൺസ് വഴങ്ങി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീമിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് മാത്രമാണ് നേടാനായത്. ഭരത് ചിപ്ലിയുടെ 13 പന്തിൽ 41 റൺസും, സബ്‌സ്റ്റിറ്റ്യൂട്ട് ക്യാപ്റ്റനായ സ്റ്റുവർട്ട് ബിന്നിയുടെ പുറത്താകാതെ 9 പന്തിൽ 25 റൺസും ഇന്ത്യക്ക് തുണയായില്ല.

ടൂർണമെന്റിലെ മറ്റു മത്സരങ്ങളിൽ, കുവൈറ്റിന്റെ യാഷിൻ പട്ടേൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ അകറ്റി. നേപ്പാളിനെതിരായ മത്സരത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 137 റൺസാണ് നേപ്പാൾ നേടിയത്. ഈ മത്സരത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 45 റൺസിന് ഓൾ ഔട്ടാകുകയും ചെയ്തു. പാകിസ്ഥാനെതിരെ നേരിയ വിജയത്തോടെ ടൂർണമെന്റ് തുടങ്ങിയെങ്കിലും, സിക്‌സസ് ഫോർമാറ്റിന്റെ അപ്രവചനീയതയും തീവ്രമായ സമ്മർദ്ദവും കാരണം ഇന്ത്യക്ക് ആ ഫോം നിലനിർത്താനായില്ല.


സഞ്ജു സാംസണായി ചെന്നൈയോട് ജഡേജയെയും ബ്രെവിസിനെയും ചോദിച്ച് രാജസ്ഥാൻ റോയൽസ്


രാജസ്ഥാൻ റോയൽസ് (ആർ.ആർ) ചെന്നൈ സൂപ്പർ കിങ്‌സുമായി (സി.എസ്.കെ) ഒരു വമ്പൻ ട്രേഡ് ഡീലിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും ഐപിഎല്ലിൽ അവരുടെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനുമായ സഞ്ജു സാംസണിന് പകരമായി രവീന്ദ്ര ജഡേജയെയും യുവ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിനെയും സിഎസ്‌കെയിൽ നിന്ന് സ്വന്തമാക്കാനാണ് റോയൽസ് ലക്ഷ്യമിടുന്നത്.

സഞ്ജുവിനും ജഡേജയ്ക്കും വേണ്ടിയുള്ള കൈമാറ്റം ഏതാണ്ട് അന്തിമഘട്ടത്തിലാണെങ്കിലും, ബ്രെവിസിനെ കൂടി ഉൾപ്പെടുത്തണമെന്ന രാജസ്ഥാൻ റോയൽസിന്റെ കടുംപിടിത്തമാണ് ചർച്ചകളിൽ തടസ്സം സൃഷ്ടിക്കുന്നത്. ബ്രെവിസിനെ തങ്ങളുടെ ഭാവി വാഗ്ദാനമായി കാണുന്ന സിഎസ്‌കെ, താരത്തെ വിട്ടുകൊടുക്കാൻ മടിക്കുകയാണ്.

രവീന്ദ്ര ജഡേജയെ ഐപിഎൽ കരിയർ ആരംഭിച്ച രാജസ്ഥാൻ റോയൽസിലേക്ക് തിരികെ ട്രേഡ് ചെയ്യാൻ സിഎസ്‌കെ സമ്മതം അറിയിച്ചിട്ടുണ്ട്, എന്നാൽ ബ്രെവിസിനെ നൽകാൻ ആവില്ല എന്ന കാര്യത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്.

ഐപിഎൽ 2025 സീസണിന്റെ മധ്യത്തിൽ ടീമിലെത്തിയ ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച ഡെവാൾഡ് ബ്രെവിസിനെ ഫ്രാഞ്ചൈസിയുടെ ഭാവി താരമായാണ് ചെന്നൈ കാണുന്നത്. നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്, ഇത് നടക്കുകയാണെങ്കിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലതും ചരിത്രപരവുമായ കളിക്കാർ തമ്മിലുള്ള കൈമാറ്റങ്ങളിലൊന്നായി ഇത് മാറും.

ഐപിഎൽ 2026-ന് മുന്നോടിയായുള്ള ഈ നീക്കം ലീഗിൽ വലിയ അഴിച്ചുപണിക്ക് വഴിയൊരുക്കും. സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ എന്നിവർക്ക് $18 കോടി രൂപയുടെ ഉയർന്ന സാലറി സ്ലാബാണ് ഉള്ളത് എന്നതിനാൽ സാമ്പത്തികമായി ഈ ട്രേഡ് സന്തുലിതമാണ്, പക്ഷെ ബ്രെവിസിനെ ഉൾപ്പെടുത്തുന്നതിലെ തർക്കമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.

Exit mobile version