മിഡ്ഫീൽഡർ മുഹമ്മദ് എൽനെനി ആഴ്സണലിൽ കരാർ പുതുക്കി

ആഴ്സണൽ മിഡ്ഫീൽഡർ മൊ എൽനെനി ക്ലബിൽ കരാർ പുതുക്കി. 2023 സീസൺ അവസാനം വരെയുള്ള കരാറാണ് താരം സൈൻ ചെയ്തത്. 2016-ൽ ബേസലിൽ നിന്ന് ആഴ്സണിൽ ചേർന്ന താരം അർട്ടേറ്റയ്ക്ക് കീഴിൽ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. 29 കാരനായ താരം ആഴ്സണലിനായി 147 മത്സരങ്ങൾ കളിക്കുകയും അഞ്ച് ഗോളുകളും 10 അസിസ്റ്റുകളും സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആഴ്സണൽ ക്ലബ്ബിനായി കളിക്കുന്ന ആദ്യ ഈജിപ്ഷ്യൻ താരവുമായി മോ എൽനേനി. ഈജിപ്തിനായി 93 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2016 ജനുവരിയിൽ എഫ്‌എ കപ്പിൽ ബേൺലിയ്‌ക്കെതിരായ 2-1 വിജയത്തോടെ ആയിരുന്നു എൽനേനിയുടെ ആഴ്‌സണലിലെ അരങ്ങേറ്റം. 2016/17 എഫ്‌എ കപ്പ് നേടിയ ടീമിലും 2017-ലും 2020-ലും എഫ്‌എ കമ്മ്യൂണിറ്റി ഷീൽഡ് നേടിയ ടീമിലും എൽനേനി ഉണ്ടായിരുന്നു.

ഗോകുലം കേരളയുടെ അനിത U17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ

ഗോകുലം കേരളയുടെ ഗോൾ കീപ്പർ അനിത അണ്ടർ 17 വനിതാ ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിലേക്ക്. ഇന്ത്യൻ ക്യാമ്പിലേക്ക് 15കാരിക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്. ഇപ്പോൾ ഗോകുലം കേരളയ്ക്ക് ഒപ്പം വനിതാ ലീഗിൽ കളിക്കുകയാണ് അനിത്. ഗോകുലം കേരള അക്കാദമിയുടെ ഭാഗമായിരുന്ന അനിത തമിഴ്നാട് സ്വദേശിയാണ്.

ഗോകുലം കേരളയുടെ കണ്ണൂർ അക്കാദമിയുടെ ഭാഗമാണ്. കേരള വനിതാ ലീഗിൽ ഗോകുലത്തിന്റെ വല കാത്തിട്ടുണ്ട്. ഇന്ത്യൻ വനിതാ ലീഗ് അവസാനിച്ച ശേഷം അനിത ജംസ്ദ്പൂരിൽ നടക്കുന്ന ഇന്ത്യൻ ക്യാമ്പിൽ ചേരും. ഇപ്പോൾ വനിതാ ലീഗിൽ കിരീടത്തിന് ഒരു പോയിന്റ് മാത്രം അകലെ നിൽക്കുകയാണ് ഗോകുലം.

സബ് ജൂനിയർ ഫുട്ബോൾ, കാസർഗോഡും മലപ്പുറവും മുന്നോട്ട്

41ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ മലപ്പുറവും കാസർഗോഡും വിജയത്തോടെ തുടങ്ങി. ഇന്ന് തിരുവല്ല മാർ തോമ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇടുക്കിയ ആണ് കാസർഗോഡ് പരാജയപ്പെടുത്തിയത്. കാസർഗോഡിനായി 15ആം മിനുട്ടിൽ ജുബൈർ നേടിയ ഗോളാണ് വിജയ ഗോളായി മാറിയത്.
Img 20220525 122958

മലപ്പുറം ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കണ്ണൂരിനെ തോൽപ്പിച്ചത്. മുഹമ്മദ് റാസിദ്, അവ്നാസ് എന്നിവർ ഒരോ ഗോൾ വീതം നേടിയപ്പോൾ ജൻബാസ് മലപ്പുറത്തിനായി ഇരട്ട ഗോളുകൾ നേടി. ഫസീൻ മജീദ് ആണ് കണ്ണൂരിനായി ആശ്വാസ ഗോൾ നേടിയത്.

ഇനി 27ആം തീയതി സെമി ഫൈനൽ തേടിക്കൊണ്ട് മലപ്പുറവും കാസർഗോഡും പരസ്പരം ഏറ്റുമുട്ടും.

സംസ്ഥാന ജൂനിയർ ഫുട്ബോൾ, കോഴിക്കോട് സെമി ഫൈനലിൽ

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ കോഴിക്കോട് സെമി ഫൈനലിലേക്ക് കടന്നു. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോഴിക്കോട് കോട്ടയത്തെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കോഴിക്കോടിന്റെ വിജയം. 15ആം മിനുട്ടിൽ നിഹാലും 53ആം മിനുട്ടിൽ മുഹമ്മദ് അജ്സലും ആണ് കോഴിക്കോടിനായി ഗോൾ നേടിയത്. 83ആം മിനുട്ടിൽ അനസ് കോഴിക്കോടൻ കോട്ടയത്തിനായി ഗോൾ നേടി എങ്കിലും പരാജയം ഒഴിവായില്ല.

കഴിഞ്ഞ മത്സരത്തിൽ ഇടക്കിയെ ആയിരുന്നു കോഴിക്കോട് തോൽപ്പിച്ചത്. സെമിയിൽ കണ്ണൂരിനെയോ തിരുവനന്തപുരത്തെയോ ആകും കോഴിക്കോട് നേരിടുക.

ഹൈദരബാദിന്റെ യുവ ഡിഫൻഡറെ മോഹൻ ബഗാൻ സ്വന്തമാക്കി

ഹൈദരബാദ് എഫ് സിയുടെ യുവ ഡിഫൻഡർ ആശിഷ് റായിയെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. റൈറ്റ് ബാക്കായ ആസിഷ് മോഹൻ ബഗാനിൽ അഞ്ചു വർഷത്തെ കരാർ ഒപ്പുവെച്ചു. 23കാരനായ താരം 2019 മുതൽ ഹൈദരബാദ് എഫ് സി സീനിയർ സ്ക്വാഡിനൊപ്പം ഉണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 48 മത്സരങ്ങൾ കളിച്ചു. 6 അസിസ്റ്റുകൾ ഹൈദരബാദിനായി നൽകി. അവർക്ക് ഒപ്പം ഐ എസ് എൽ കിരീടവും നേടിയാണ് ആശിഷ് ക്ലബ് വിടുന്നത്.

പൂനെ സിറ്റി അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ആശിഷ്. രണ്ട് വർഷം ഇന്ത്യൻ ആരോസിനൊപ്പം ഐ ലീഗിലും കളിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യൻ റൊമേരോയെ സ്ഥിര കരാറിൽ തന്നെ സ്പർസ് സ്വന്തമാക്കും

അർജന്റീന സെന്റർ ബാക്ക് ക്രിസ്റ്റ്യൻ റൊമേരോ സ്പർസിൽ തന്നെ തുടരും. ഇപ്പോൾ അറ്റലാന്റയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആണ് റൊമേരോ ഈ സീസണിൽ കളിച്ചത്. ഈ കരാർ സ്ഥിരമാക്കാൻ സ്പർസ് തയ്യാറാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപോർട്ട് ചെയ്യുന്നു.

40 മില്യണോളമാകും സ്പർസ് താരത്തിനായി അറ്റലാന്റയ്ക്ക് നൽകുന്നത്. ഈ സീസണിൽ കോണ്ടെയ്ക്ക് കീഴിൽ ഗംഭീര പ്രകടനം കാഴ്ചവെക്കാൻ റൊമേരോക്ക് ആയിരുന്നു. 2026വരെയുള്ള കരാർ അദ്ദേഹം ഒപ്പുവെക്കും.

കോപ അമേരിക്കയിൽ അർജന്റീനയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് ക്രിസ്റ്റ്യൻ റൊമേരോ.

“മാഞ്ചസ്റ്റർ സിറ്റി തന്റെ ടീമാണ്, ഇവിടം വിട്ട് എങ്ങോട്ടുമില്ല” ഡി ബ്രുയിനെ

മാഞ്ചസ്റ്റർ സിറ്റി വിടാൻ താൻ ആലോചിക്കുന്നു പോലും ഇല്ല എന്ന് ബെൽജിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയ്നെ. അവസാന ഏഴ് വർഷമായി താൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. താൻ ഈ ക്ലബിനെ ഏറെ സ്നേഹിക്കുന്നു. ഈ ക്ലബ് തന്റേതാണ്. ഡി ബ്രുയ്നെ പറഞ്ഞു. ഇനിയും മൂന്ന് വർഷത്തെ കരാർ തനിക്ക് ഈ ക്ലബിൽ ഉണ്ട്. താൻ ഇവിടെ തന്നെ ഉണ്ടാകും. ഡി ബ്രുയിനെ പറഞ്ഞു.

ഈ പ്രീമിയർ ലീഗ് സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യന്മാരാക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ ഡി ബ്രുയ്നെക്ക് ആയിരുന്നു. ഈ സീസണിലെ പ്രീമിയർ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഡി ബ്രുയ്നെ ആയിരുന്നു.

യൂറോപ്പിൽ തന്നെ തുടരാനാണ് തനിക്ക് ആഗ്രഹം എന്ന് സുവാരസ്

അത്ലറ്റിക്കോ മാഡ്രിഡ് വിട്ട ലൂയിസ് സുവാരസ് യൂറോപ്പിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. താൻ എവിടെ പോകും എന്ന് തീരുമാനിച്ചിട്ടില്ല. ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നും തനിക്ക് നല്ല ഓഫറുകൾ ലഭിച്ചിട്ടുണ്ട് എന്ന് സുവാരസ് പറഞ്ഞു. എന്നാൽ യൂറോപ്പിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിൽ തന്നെ ആകും തന്റെ ശ്രദ്ധ. സുവാരസ് പറഞ്ഞു.

രണ്ട് വർഷം മുമ്പ് ബാഴ്സലോണയിൽ നിന്ന് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയ സുവാരസ് കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ലാലിഗ ജേതാക്കൾ ആക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു.

2014ൽ ലിവർപൂൾ വിട്ടത് മുതൽ സ്പെയിനിലായിരുന്നു സുവാരസ് ഉണ്ടായിരുന്നത്. ബാഴ്സക്ക് ഒപ്പം കളിച്ച് ഒരുപാട് കിരീടങ്ങൾ നേടിയ താരം വിവാദ നീക്കത്തിലൂടെയാണ് അത്ലറ്റിക്കോയിൽ എത്തിയത്. മുമ്പ് അയാക്സിനായും ഗോളടിച്ച് കൂട്ടിയിട്ടുള്ള താരമാണ് സുവാരസ്.

ലിസ്റ്റൺ കൊളാസോ മോഹൻ ബഗാനിൽ ദീർഘകാല കരാർ ഒപ്പുവെക്കും

മോഹൻ ബഗാനു വേണ്ടി ഗംഭീര പ്രകടനം നടത്തുന്ന ലിസ്റ്റൺ കൊളാസോയ്ക്ക് ക്ലബിൽ പുതിയ വലിയ കരാർ നൽകാൻ ഒരുങ്ങുകയാണ് ബഗാൻ. അടുത്ത സീസൺ അവസാനം വരെയുള്ള കരാർ ഇപ്പോൾ ലിസ്റ്റണുണ്ട്. ഈ കരാറ്റ് പുതുക്കി വേതനം കൂട്ടി നൽകി അഞ്ചു വർഷത്തെ കരാർ നൽകാൻ ആണ് മോഹൻ ബഗാൻ പദ്ധതിയിടുന്നത്. ലിസ്റ്റൺ ഇന്ത്യയുടെ ഭാവി ആയി കണക്കാക്കപ്പെടുന്ന താരമാണ്. ലിസ്റ്റണെ വേറെ ആരും സ്വന്തമാക്കാതിരിക്കാൻ കൂടിയാണ് ഇത്ര വലിയ ഓഫർ മോഹൻ ബഗാൻ നൽകുന്നത്.

Credit: Twitter

കഴിഞ്ഞ സീസണിൽ ഹൈദരബാദിൽ നിന്നായിരുന്നു ലിസ്റ്റൺ എ ടി കെയിൽ എത്തിയത്. ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ എട്ട് ഗോളുകൾ നേടിയ ലിസ്റ്റൺ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക്ക് അടക്കം നാലു ഗോളുകൾ നേടിയിരുന്നു.

ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെയും താരമാണ്. എഫ് സി ഗോവയിലൂടെ ആയിരുന്നു ആദ്യം ലിസ്റ്റൺ ദേശീയ ഫുട്ബോളിൽ എത്തുന്നത്.

ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസൺ ഓഗസ്റ്റിൽ ആരംഭിക്കും, ഡ്യൂറണ്ട് കപ്പും ഐ എസ് എല്ലും സൂപ്പർ കപ്പും..

ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസണായുള്ള കലണ്ടർ തീരുമാനിച്ചു. കോവിഡ് ഭീതി കുറഞ്ഞതിനാൽ തന്നെ ഫുട്ബോൾ സീസൺ തീർത്തും പഴയതു പോലെയായിരിക്കും. ബയോ ബബിളുകൾ ഉണ്ടാകില്ല. ഡ്യൂറണ്ട് കപ്പും ഐ എസ് എല്ലും സൂപ്പർ കപ്പും അടുത്ത സീസണിൽ നടക്കും. ഓഗസ്റ്റിൽ ഡ്യൂറണ്ട് കപ്പുമായാകും ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭിക്കുക.

ഓഗസ്റ്റ് 13 മുതൽ ഡ്യൂറണ്ട് കപ്പ് ആരംഭിക്കും. 20 ടീമുകൾ പങ്കെടുക്കും. 11 ഐ എസ് എൽ ടീമുകളും ഇത്തവണ ഡ്യൂറണ്ട് കപ്പിൽ ഉണ്ടാകും. ഐ എസ് എൽ ഒക്ടോബർ 6ന് ആരംഭിക്കും. മാർച്ച് അവസാനം വരെ സീസൺ നീണ്ടു നിക്കും. ഏപ്രിലിൽ ആകും സൂപ്പർകപ്പ് നടക്കുക. സൂപ്പർ കപ്പിലും 20 ടീമുകൾ ഉണ്ടാകും.

സൂപ്പർ കപ്പിലും ഡ്യൂറണ്ട് കപ്പിലും ടീമുകൾ ചുരുങ്ങിയത് നാലു കളികൾ കളിക്കും. ഐ എസ് എല്ലിൽ 20 കളികളും. ഇതോടെ എ എഫ് സിയുടെ 27 മത്സരങ്ങൾ എന്ന വ്യവസ്ഥ പൂർത്തീകരിക്കാൻ ക്ലബുകൾക്ക് ആകും.

പുതിയ വെല്ലുവിളികൾ വേണം, ഐ എസ് എൽ ക്ലബിനെ പരിശീലിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു എന്ന് ഗോകുലം പരിശീലകൻ

ഗോകുലം കേരളയെ തുടർച്ചയായ രണ്ടാം ഐ ലീഗിലും ചാമ്പ്യന്മാരാക്കിയ ഇറ്റാലിയൻ കോച്ച് അനീസെ ഗോകുലത്തിൽ തുടരുമെന്ന് ഉറപ്പില്ല എന്ന് പറഞ്ഞു. ഗോകുലം കേരളയുടെ ഈ സീസണിലെ അവസാനത്തെ മത്സരം ഇന്ന് കഴിഞ്ഞിരുന്നു. അതിനു ശേഷം സംസാരിക്കുക ആയിരുന്നു അനീസെ. എനിക്ക് മോട്ടിവേഷൻ വേണം എന്ന് അനീസെ പറഞ്ഞു.

നല്ല പ്രൊജക്ട് ഗോകുലം കേരളക്ക് ഉണ്ടെങ്കിൽ താൻ തുടരുന്നതിനെ കുറിച്ച് ചിന്തിക്കും എന്ന് അനീസെ പറഞ്ഞു. ഗോകുലം ക്ലബ് പ്രസിഡന്റുമായി താൻ സംസാരിക്കും എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് പുതിയ വെല്ലുവിളികൾ വേണം എന്നും ഐ എസ് എൽ ക്ലബുകളെ പരിശീലിപ്പിക്കുന്നത് ആലോചിക്കുന്നുണ്ട് എന്നും അനീസെ പറഞ്ഞു.

ഗോകുലം കൈവിട്ടത് എ ടി കെ മോഹൻ ബഗാൻ നേടി, എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിലേക്ക് മുന്നേറി

എ എഫ് സി കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഇന്റർ സോൺ സെമി ഫൈനലിലേക്ക് ഒരു ഇന്ത്യൻ ടീം തന്നെ മുന്നേറി. ഗോകുലം കേരള കൈവിട്ടു കളഞ്ഞ ഇന്റർ സോൺ സെമി ഫൈനൽ യോഗ്യത എ ടി കെ മോഹൻ ബഗാൻ ഉറപ്പിച്ചു. ഇന്ന് നിർണായക മത്സരത്തിൽ മാൽഡീവ്സ് ക്ലബായ മാസിയയെ തകർത്തെറിഞ്ഞു കൊണ്ടാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി മോഹൻ ബഗാൻ മുന്നേറിയത്. 5-2ന്റെ വിജയമാണ് മോഹൻ ബഗാൻ നേടിയത്.

ഇന്ന് എന്തായാലും വിജയിക്കണം എന്നത് കൊണ്ട് തന്നെ ആക്രമിച്ചു കളിച്ചാണ് മോഹൻ ബഗാൻ തുടങ്ങിയത്. ആദ്യ പകുതിയിൽ ജോണി കൗകോയുടെ ഇരട്ട ഗോളുകൾ മോഹൻ ബഗാന് 2-1ന്റെ ലീഡ് നൽകി. 26ആം മിനുട്ടിൽ മസിയ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്തായിരുന്നു ജോണി കൗകോയുടെ ആദ്യ ഗോൾ. 37ആം മിനുട്ടിൽ വീണ്ടും കൗകോ ഗോൾ നേടി. മൻവീറിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. ആദ്യ പകുതിയുടെ അവസാനം മസിയ ഒരു ഗോൾ മടക്കിയത് മോഹൻ ബഗാന് ചെറിയ ആശങ്ക നൽകി.

രണ്ടാം പകുതിയിലും മോഹൻ ബഗാൻ അറ്റാക്ക് തുടർന്നു. 56ആം മിനുട്ടിൽ സുഭാഷിഷിന്റെ ക്രോസിൽ നിന്ന് റോയ് കൃഷ്ണയുടെ ഗോൾ. ബഗാൻ 3-1ന് മുന്നിൽ. രണ്ട് മിനുട്ട് കഴിഞ്ഞ് സുഭാഷിഷിന്റെ ഗോൾ. സ്കോർ 4-1. മാസിയക്ക് ഒരു തിരിച്ചുവരവില്ല എന്ന് അവർ മനസ്സിലാക്കിയ നിമിഷം. 71ആം മിനുട്ടിൽ കാൾ മക്ഹ്യൂ കൂടെ ഗോൾ നേടിയതോടെ മോഹൻ ബഗാന്റെ വിജയം ഉറപ്പായി. മസിയ ഒരു ഗോൾ കൂടെ മടക്കി എങ്കിലും ഫലം മാറിയില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ 6 പോയിന്റുമായി മോഹൻ ബഗാൻ ഒന്നാമത് ഫിനിഷ് ചെയ്തു. ബഷുന്ധര കിംഗ്സിനും 6 പോയിന്റ് ഉണ്ടെങ്കിലും ഹെഡ് ടു ഹെഡ് മികവ് മോഹൻ ബഗാനെ മുന്നിൽ നിർത്തി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ മോഹൻ ബഗാൻ ഇനി ഇന്റർ സോൺ സെമി ഫൈനലിൽ ആണ് കളിക്കുക.

Exit mobile version