കരുത്താര്‍ജ്ജിച്ച് വിന്‍ഡീസ്, അവസാന രണ്ട് ഏകദിനത്തിലേക്ക് ആന്‍‍ഡ്രേ റസ്സലും എത്തുന്നു

Sports Correspondent

ഇംഗ്ലണ്ടിനെതിരെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി വിന്‍ഡീസ് ടീമിലേക്ക് ആന്‍ഡ്രേ റസ്സല്‍ എത്തുന്നു. അതേ സമയം പരിക്കിന്റെ പിടിയിലുള്ള പേസ് ബൗളര്‍ കെമര്‍ റോച്ചിനെ ടീമില്‍ നിന്ന് പിന്‍വലിച്ചു. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ വിന്‍‍ഡീസിനായിരുന്നു രണ്ടാം ജയം. അതേ സമയം ഗ്രനേഡയിലെ മൂന്നാം മത്സരത്തിലെ ടോസ് മഴ മൂലം വൈകിയിരിക്കുകയാണ്.

കെമര്‍ റോച്ചിനു പകരമാണ് ആന്‍ഡ്രേ റസ്സലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിന്‍ഡീസ് സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ കോര്‍ട്നി ബ്രൗണ്‍ പറഞ്ഞു. താരത്തിന്റെ കാല്‍മുട്ടിന്റെ പ്രശ്നം കാരണം അധികം ബൗള്‍ ചെയ്യാന്‍ റസ്സലിനു ആകില്ലെങ്കിലും വെടിക്കെട്ട് ബാറ്റിംഗിന്റെ ഗുണം വിന്‍ഡീസിനു ലഭിക്കുമെന്ന് ബ്രൗണ്‍ പറഞ്ഞു.

ഫെബ്രുവരി 27നു ഗ്രനേഡയില്‍ തന്നെയാണ് നാലാം മത്സരം. അഞ്ചാം മത്സരം സെയിന്റ് ലൂസിയയില്‍ മാര്‍ച്ച് 2നു അരങ്ങേറും. ഇതിനു ശേഷം മാര്‍ച്ച് 5നു ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇരു ടീമുകളും ഏറ്റുമുട്ടും.